കോട്ടയം: കോവിഡു കാലത്ത് വാറ്റു ചാരായം ഉണ്ടാക്കിയാലും ഉടൻ ജയിലിലാകേണ്ടി വരില്ല. കോവിഡു കാലത്ത് ജയിൽ നിറയാതിരിക്കാനുള്ള ഈ മുൻകരുതൽ കൃത്യമായി ഉപയോഗിക്കുന്നവരും ഏറെയുണ്ട. കാട്ടിൽ മാത്രമല്ല ഫ്‌ളാറ്റിലും ഇപ്പോൾ ചാരായം വാറ്റുകയാണ് ചില മലയാളികൾ. പടിച്ചാലും കുറ്റബോധമില്ല. ഇത്തരത്തിലൊരു വിചിത്ര കഥയാണ് കോട്ടയം കളത്തിപ്പടി കാരാണിയില് കാസിൽ ഹോംസ് നിവാസികൾക്ക് പറയാനുള്ളത്.

കാസിൽ ഹോം ഓർക്കിഡ് ജിസിയിലെ ഫ്‌ളാറ്റിലാണ് വ്യാജ ചാരായ നിർമ്മാണം. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസുകാരെത്തി. വാറ്റ് ചാരായം ഉണ്ടാക്കാനുള്ള കോടയും മറ്റ് അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു. എല്ലാം ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെ എക്‌സൈസുകാർ കാട്ടുകയും ചെയ്തു. കേസെടുക്കാനും തീരുമാനിച്ചു. സാധാരണ വ്യാജ ചാരായ നിർമ്മാണത്തിൽ ഉടൻ അറസ്റ്റും നടക്കും. എന്നാൽ കോവിഡു കാലത്ത് ഇതിന് കഴിയില്ല. കേസെടുത്ത് പ്രതിയെ വീട്ടിൽ തന്നെ വിടും. അതുകൊണ്ട് കൂടിയാണ് എല്ലാം സത്യമെന്ന ഉറപ്പിക്കാൻ അയൽ ഫ്‌ളാറ്റുകാരെ കൂടി എക്‌സൈസ് എല്ലാം കാണിച്ചുറപ്പിച്ചത്.

എക്‌സൈസ് ഓപ്പറേഷൻ നടത്തി തൊണ്ടുയുമായി പോയപ്പോൾ പിന്നെ ഭീഷണിയാണ്. കാർ പാർക്കിംഗിൽ എല്ലാം കണ്ടും കേട്ടും നിന്നവരോട് അടുത്തു തന്നെ നിങ്ങൾക്കുള്ള പണി തരുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു ജിജോ ജോർജ്. ഇയാളുടെ ഫ്‌ളാറ്റിൽ നിന്നാണ് വാറ്റ് ചാരായ നിർമ്മാണം എക്‌സൈസ് പിടിച്ചത്. എന്തിനും പോന്ന ഇയാളുടെ ഭീഷണിയുടെ നിഴലിലാണ് ഫ്‌ളാറ്റിലെ മറ്റുള്ളവർ കഴിയുന്നത്. ഭീഷണിയെ തുടർന്ന് കോട്ടയം പൊലീസിന് പരാതിയും നൽകി. എന്നാൽ കോവിഡു കാലമായതു കൊണ്ട് ജിജോ ജോർജിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസിനും കഴിയുന്നില്ല.

48 കുടുംബങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റിലാണ് വ്യാജ ചാരായ നിർമ്മാണം. ഇതു കണ്ട് എക്‌സൈസും ഞെട്ടിയിട്ടുണ്ട്. സാധാരണ കാട്ടിലും മല മുകളിലുമാണ് വ്യാജ ചാരായ നിർമ്മാണം. അത് ഫ്‌ളാറ്റിൽ അതീവ രഹസ്യമായി ചെയ്യുമ്പോൾ ആരും അറിയാതെ പോകും. ബാറുകൾ കോവിഡുകാലത്ത് അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് വ്യാജ വാറ്റുകാർ നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ ഫ്‌ളാറ്റിൽ ഇതിനുള്ള സാധ്യത കണ്ടെത്തുന്നത് ആദ്യമായാണെന്ന് എക്‌സൈസുകാരും പറയുന്നു.

കാസിൽ ഹോംസിലെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ആളാണ് ജിജോ ജോർജ്. ഇവിടെയാണ് താമസവും. ഫ്‌ളാറ്റിലെ മുൻ ട്രഷററെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. മറ്റൊരാളേയും മകനേയും കുത്താനും ശ്രമിച്ചു. മണർകാട് പൊലീസിൽ ഇതെല്ലാം പരാതിയായിട്ടുണ്ട്. എന്നാൽ ആരും നടപടി എടുത്തില്ല. ഇതിന്റെ കരുത്തിലാണ് ഇപ്പോൾ ചാരായ നിർമ്മാണവും നടത്തുന്നത്. മദ്യം കഴിച്ചാൽ ഇയാൾക്ക് ക്രിമിനൽ സ്വഭാവമാണെന്ന് ഫ്‌ളാറ്റിലെ താമസക്കാർ പറയുന്നു. വാറ്റ് ചാരായം പിടിച്ചത് സഹ താമസക്കാർ ഒറ്റിയതു കൊണ്ടെന്ന് ജിജോ വിശ്വസിക്കുന്നു. അതിന് പ്രതികാരം തീർക്കുമെന്നാണ് പ്രഖ്യാപനം.

ഇവിടെ താമസിക്കുന്ന സ്ത്രീകളേയും പെൺകുട്ടികളേയും ഇയാൾ ആക്രമിക്കുമോ എന്നതാണ് താമസക്കാരുടെ ഇപ്പോഴത്തെ പേടി. വാഹനങ്ങളിലോ സ്ഥാവര ജംഗമ വസ്തുക്കളിലോ നിരോധിത സാധനങ്ങളോ ലഹരി വസ്തുക്കളോ വച്ച് കുടുക്കുമെന്ന ഭയവും ഫ്‌ളാറ്റ് നിവാസികൾക്കുണ്ടെന്ന് എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

250മില്ലി വാറ്റു ചാരായമാണ് ഫ്‌ളാറ്റിൽ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത്. 20 ലിറ്റർ വാഷും ഉണ്ടായിരുന്നു. വാറ്റ് ഉപകരണങ്ങളും എക്‌സൈസിന് കിട്ടിയിട്ടുണ്ട്.