കോട്ടയം: കോട്ടയത്തുകൊലപ്പെടുത്തിയ ശേഷം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട യുവതിയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞഇല്ല. അതിരമ്പുഴ ഒറ്റക്കപ്പലുമാവ് റോഡരികിലെ റബ്ബർത്തോട്ടത്തിലാണ് പോളിത്തീൻ ചാക്കിൽ മൂടിക്കെട്ടിയ നിലയിൽ 35 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ കണ്ടത്. പൊലീസിന്റെ അന്വേഷണത്തിൽ യുവതി ഗർഭിണിയാണെന്ന വിവരം വ്യക്തമായി. കൈപ്പുഴ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹമാണെന്ന് സംശയമുണ്ടെങ്കിലും ഇതിനും സ്ഥിരീകരണം വന്നിട്ടില്ല.

മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപന നടത്തുന്ന നീണ്ടൂർ കൈപ്പുഴ സ്വദേശിനിയായ യുവതിയാണെന്നു സംശയത്തെ തുടർന്നാണ് ഇവരുടെ ബന്ധുക്കളെ പൊലീസ് മൃതദേഹം കാണിച്ചത്. കാണാതായ യുവതിയുടെ അമ്മയെയും സ്ഥലത്ത് എത്തിച്ചു. ഇവരും തിരിച്ചറിഞ്ഞില്ല. അഞ്ചുമാസം മുൻപാണ് അമ്മ ഇവരെ അവസാനമായി കണ്ടത്. രണ്ടാഴ്ച മുൻപ് ഈ യുവതി ബന്ധുവിനെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണു കൊല്ലപ്പെട്ടതു നീണ്ടൂർസ്വദേശിയായ യുവതിയാവാമെന്ന സംശയത്തിനിടയാക്കിയത്.തന്റെ മകൾക്ക് പല്ലുകൾ ഇല്ലായിരുന്നെന്ന് ഇവർ പറഞ്ഞതോടെ സംശയമായി.

ഇതോടെ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് ഒരുങ്ങന്നത്. അതിനിടെ, ഇതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവറടക്കം മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. കൈപ്പുഴയിൽനിന്നു സൗമ്യയെ കാണാതായെന്നുകാട്ടി ഗാന്ധിനഗർ പൊലീസിൽ മൂന്നുദിവസം മുമ്പ് പരാതി ലഭിച്ചിരുന്നു. ഇവർ ഇടയ്ക്ക് വീട്ടിൽനിന്നു വിട്ടുനിൽക്കാറുള്ളതാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ റബ്ബർത്തോട്ടത്തിനു സമീപം ഞായറാഴ്ച വൈകിട്ട് മദ്യപിച്ചു ലക്കുകെട്ടനിലയിൽ കണ്ടെത്തിയ ഓട്ടോഡ്രൈവറും മറ്റ് രണ്ട് പേരെയുമാണ് പൊലീസ് ചോദ്യം ചെയ്തത്. കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമികനിഗമനം. യുവതി ആറുമാസം ഗർഭിണിയാണെന്നും പരിശോധനയിൽ വ്യക്തമായി.

ലാലിച്ചൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർത്തോട്ടം. പുലർച്ചെ 5.30ന് ടാപ്പിങ്ങിനെത്തിയ മാർത്താണ്ഡം സ്വദേശി കുമാറാണ് ആദ്യം ചാക്കുകെട്ട് കാണുന്നത്. വയലറ്റ് നിറത്തിലുള്ള നൈറ്റിയായിരുന്നു യുവതിയുടെ വേഷം. മുഖം മർദ്ദനമേറ്റതുപോലെ കരുവാളിച്ചിരുന്നു. പൊലീസ്‌നായ മണംപിടിച്ച് സമീപത്തെ പുരയിടത്തിലൂടെ പ്രധാനറോഡിലെത്തി. തുടർന്ന്, എതിർവശത്തെ റബ്ബർത്തോട്ടത്തിലെത്തി ഇടറോഡിലേക്ക് ഇറങ്ങി. എതിർവശത്തെ തോട്ടത്തിൽനിന്നു കണ്ടെത്തിയ ഒഴിഞ്ഞ മദ്യക്കുപ്പികൾ വിരലടയാളവിദഗ്ദർ പരിശോധിച്ച് തെളിവ് ശേഖരിച്ചു. ഇൻക്വസ്റ്റിനുശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക്മാറ്റി.

എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേരിച്ചു. കോട്ടയം ജില്ലാപൊലീസ് ചീഫ് എൻ.രാമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. യുവതിയുടെ കഴുത്തിൽ കുരുക്കാനുപയോഗിച്ച കൈലിയും പുരുഷന്റേതെന്നു സംശയിക്കുന്ന മുടിയും സംഭവസ്ഥലത്തുനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി എസ്.ശ്രീജിത്ത് സംഭവസ്ഥലം സന്ദർശിച്ചു.