ഏറ്റുമാനൂർ: റബ്ബർത്തോട്ടത്തിൽ ചാക്കിൽ കണ്ടെത്തിയ മൃതദേഹം ആർപ്പൂക്കര സ്വദേശിനി അശ്വതിയുടേതെന്ന് പൊലീസ്. ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാൾ, ഡ്രൈവർ, സഹായി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈരാറ്റുപേട്ട സ്വദേശി അഷറഫ് യൂസഫ്, ഇയാളുടെ ഡ്രൈവർ ബഷീർ, സഹായിയായ അർപ്പൂക്കര സ്വദേശി എന്നിവരാണ് പിടിയിലായതെ്. യുവതിയുടെ അച്ഛനമ്മമാരുടെ മൊഴിയെടുത്ത പൊലീസ് ഡി.എൻ.എ. പരിശോധന നടത്തും. ഇതിന് ശേഷമേ മൃതദേഹം അശ്വതിയുടേതാണെന്ന് സ്ഥിരീകരിക്കൂ. അതിനിടെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞെന്നും വിവരമുണ്ട്. അശ്വതി താമസിച്ചിരുന്ന വീടിന് സമീപം അഷറഫ് വാടകയ്ക്ക് താമസിച്ചിരുന്നു. എറണാകുളം റേഞ്ച് ഐ.ജി. എസ്.ശ്രീജിത്ത്, കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ, നാല് ഡിവൈ.എസ്‌പി.മാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് പ്രതിയുടെ വിശദാംശങ്ങളും പുറത്തുവിടാത്തത്. മരിച്ചത് അശ്വതിയാണെങ്കിൽ മാത്രമേ അഷറഫിനെ പ്രതിചേർക്കാൻ കഴിയൂവെന്നാണ് സൂചന. എന്നാൽ ശാസ്ത്രീയ നിഗമനങ്ങൾ വിരൽ ചൂണ്ടുന്നത് അഷറഫിലേക്ക് തന്നെയാണ്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വിവരം പുറത്തു പറയൂവെന്ന നിലപാടിൽ പൊലീസ് എത്തിയെന്ന് മാത്രം. പ്രതിയുമായി അടുപ്പത്തിലായിരുന്ന ഇവർ ഗർഭം ധരിച്ചു. ഗർഭച്ഛിദ്രം നടത്തണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാൽ യുവതി എതിർത്തു. ഇതുകൊലപാതകത്തിലേക്ക് നയിച്ചെന്നാണ് സൂചന. അതിരമ്പുഴ ഒറ്റക്കപ്പലുമാവ് റോഡിലെ റബ്ബർതോട്ടത്തിൽ, കൊന്ന് ചാക്കിൽക്കെട്ടിയ നിലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഗർഭിണിയുടെ മൃതദേഹം കണ്ടത്.

ഗർഭിണിയായ യുവതിയെ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞ് പ്രതി ആറന്മുളയിലെ ബന്ധുവീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് കാണാതായെന്നും പരാതി ഉയർന്നു. അശ്വതി ആറന്മുളയിൽ നിന്ന് കഴിഞ്ഞ ദിവസം വീണ്ടും അഷറഫിന്റെ അടുത്തെത്തിയതോടെ ഇവരെ ഒഴിവാക്കാൻ കൊന്നെന്നാണ് കരുതുന്നത്. അഷറഫിന്റെ ഭാര്യ ഗൾഫിലാണ്. ഇവർ അടുത്തദിവസം നാട്ടിലെത്തും. ഈ സാഹചര്യത്തിലാണ് ഗർഭം അലസിപ്പിക്കാൻ വിസമിതിച്ച കാമുകിയെ കൊന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് തല ഭിത്തിയിലിടിപ്പിച്ച് ശ്വാസംമുട്ടിച്ച് യുവതിയെ കൊന്ന ശേഷം പോളിത്തീൻ ചാക്കിൽകെട്ടി റബ്ബർതോട്ടത്തിൽ ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതി താമസിച്ചിരുന്ന കന്നുകുളത്ത് നിന്ന് മൃതദേഹം കണ്ടെത്തിയ റബ്ബർത്തോട്ടത്തിലേക്ക് അരകിലോമീറ്റർ ദൂരമുണ്ട്. മൃതദേഹം കെട്ടിവരിഞ്ഞ രീതിയും ഉപയോഗിച്ചിരുന്ന വിദേശനിർമ്മിത തുണിയും നിർണായക തെളിവായെന്നാണ് വിവരം. പ്രതി കുറച്ച് കാലം വിദേശത്തും ജോലി ചെയ്തിരുന്നു.

മരിച്ചത് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ആരാണ് കൊല്ലപ്പെട്ടതെന്ന് അറിയാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു. ഗർഭിണിയായതിനാൽ ആശാ വർക്കർമാരിൽ നിന്നും വിവര ശേഖരണവും നടത്തി. അതും ഫലവത്തായില്ല. ഇതിനിടെയാണ് മൃതദേഹം പൊതിഞ്ഞിരുന്ന പോളിത്തീൻ കവറിലേക്ക് പൊലീസിന്റെ ശ്രദ്ധയെത്തിയത്. ഇതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഗൾഫിൽ നിന്നു ഡൽഹി വഴി മംഗലാപുരത്തെത്തിച്ച പോളിത്തീൻ കവറാണ് കണ്ടെത്തിയത്. ഈ കവർ ഉപയോഗിച്ചാണ് മൃതദേഹം പൊതിഞ്ഞിരുന്നത് എന്നാണ് കണ്ടെത്തൽ. ഈ കവറിലെ ബാർകോഡ് പരിശോധിച്ചപ്പോഴാണ് അന്വേഷണം ഈ ഗൾഫ് മലയാളിയിലേക്ക് നീണ്ടത്. ഇയാളുടെ ഭാര്യയും ഗൾഫിലാണ്. ഗൾഫിൽ നിന്നു കൊണ്ടുവന്ന പോളിത്തീൻ കവറായിരുന്നു മൃതദേഹം പൊതിയാൻ ഉപയോഗിച്ചത്. ഈ തുമ്പിൽ പിടിച്ചുള്ള അന്വേഷണമാണ് കസ്റ്റഡിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സർജിക്കൽ ഉപകരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് കസ്റ്റഡിയിലുള്ള ആൾ എന്നാണ് സൂചന. യുവതിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച പോളിത്തീനിൽ കണ്ട ബാർകോഡ് പരിശോധിച്ചപ്പോൾ അത് ഇയാൾ ഇറക്കുമതി ചെയ്തതാണെന്ന് ബോധ്യമയി. ഇതിന്മേലുള്ള അന്വേഷണമാണ് ഗൾഫുകാരനായ മധ്യവയസ്‌ക്കനിലേക്ക് എത്തിച്ചത്. എട്ട് മാസം മുമ്പ് കാണാതായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഗർഭസ്ഥ ശിശുവിനെ കൊന്നതിനും കേസുണ്ടാവും. യുവതിയെ കൊന്നതിനു പുറമെയാണ് ഗർഭസ്ഥ ശിശുവിനെ കൊന്നതിന് പ്രത്യേക വകുപ്പു കൂടി ചേർക്കുന്നത്. 10 വർഷം തടവ് കിട്ടാവുന്ന കേസാണിത്.

യുവതി കൊല്ലപ്പെട്ട് മിനിട്ടുകൾക്കകം ശ്വാസം കിട്ടാതെ ഗർഭസ്ഥ ശിശുവും മരിച്ചു. ശിശുവിന്റെ മൃതദേഹവും പോസ്റ്റ്‌മോർട്ടം പരിശോധനക്ക് വിധേയമാക്കി. ശിശുവിന്റേത് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ സമയത്ത് വയറിന് ചവിട്ടോ മറ്റോ ഏൽക്കാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പോസ്റ്റ്‌മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിൽ  പറയുന്നത്. യുവതിയുടെ മൃതദേഹത്തോടൊപ്പം ശിശുവിന്റെ മൃതദേഹവും മോർച്ചറിയിൽ സൂക്ഷിക്കുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തുന്നതിനാവശ്യമായ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജില്ലയിലെ എല്ലാ ഹെൽത്ത സെന്ററുകളിലെയും ആശാവർക്കർമാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയാസ്പദമായ കാര്യങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് പ്രഥമിക സൂചന. ഗർഭിണികളുടെ പൂർണമായ വിവരങ്ങൾ, ഏതെങ്കിലും ഗർഭിണികളെ കാണാതായിട്ടുണ്ടോ, വാടകവീട്ടിൽ താമസിക്കുന്ന ഗർഭിണികളുടെ വിവരങ്ങൾ, അവരുടെ ശരിയായ മേൽവിലാസം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആശാവർക്കർ മാരുടെ പക്കൽ നിന്നും ശേഖരിച്ചത്. ആറുമാസമായ ഗർഭിണികളുടെ വിവരങ്ങളും ആശാവർക്കർമാരുടെ പക്കൽ നിന്നു പൊലീസ് ശേഖരിച്ചു. എന്നാൽ ഫലമുണ്ടായില്ല. അതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്.

തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഒറ്റക്കപ്പിലാവ് അമ്മഞ്ചേരി റൂട്ടിലെ ഐക്കരച്ചിറ ജംഗ്ഷനു സമീപം തുണിയിലും പോളിത്തീൻ ഷീറ്റിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഗർഭിണിയായതിനാൽ ആശുപത്രികളും ആശാ വർക്കർമാരെയും കേന്ദ്രീകരിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിയാൻ ശ്രമം നടന്നത്. ഓരോ പ്രദേശത്തെയും ഗർഭിണികളുടെ പേരുവിവരങ്ങൾ ആശാ വർക്കർമാരുടെ പക്കലുണ്ടാകും. അവരിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ആശാ വർക്കർമാരിൽ നിന്ന് അറിയാനായിരുന്നു ശ്രമം. ഇരുനൂറോളം മൊെബെൽ ഫോണുകളുടെ വിശദാംശങ്ങളും അതിരമ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസിൽ സഹായകമാകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്.

ലാലിച്ചൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർത്തോട്ടം. പുലർച്ചെ 5.30ന് ടാപ്പിങ്ങിനെത്തിയ മാർത്താണ്ഡം സ്വദേശി കുമാറാണ് ആദ്യം ചാക്കുകെട്ട് കാണുന്നത്. വയലറ്റ് നിറത്തിലുള്ള നൈറ്റിയായിരുന്നു യുവതിയുടെ വേഷം. മുഖം മർദ്ദനമേറ്റതുപോലെ കരുവാളിച്ചിരുന്നു. പൊലീസ്‌നായ മണംപിടിച്ച് സമീപത്തെ പുരയിടത്തിലൂടെ പ്രധാനറോഡിലെത്തി. തുടർന്ന്, എതിർവശത്തെ റബ്ബർത്തോട്ടത്തിലെത്തി ഇടറോഡിലേക്ക് ഇറങ്ങി. എതിർവശത്തെ തോട്ടത്തിൽനിന്നു കണ്ടെത്തിയ ഒഴിഞ്ഞ മദ്യക്കുപ്പികൾ വിരലടയാളവിദഗ്ദർ പരിശോധിച്ച് തെളിവ് ശേഖരിച്ചു.  യുവതിയുടെ കഴുത്തിൽ കുരുക്കാനുപയോഗിച്ച കൈലിയും പുരുഷന്റേതെന്നു സംശയിക്കുന്ന മുടിയും സംഭവസ്ഥലത്തുനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്.