ഇരിട്ടി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ ഫാദർ തോമസ് തേരകം അന്വേഷണ സംഘത്തിന് മുമ്പിൽ കീഴടങ്ങി. കേസിൽ ഒൻപതാം പ്രതിയാണ് തേരകം. വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയായ തേരകം വയനാട് ജില്ലാ ശിശുക്ഷേമസമിതി മുൻ ചെയർമാനായിരുന്നു. വൈത്തിരി ഹോളി ഇൻഫന്റ് മേരീസ് ഗേൾസ് ഹോം അഡോപ്ഷൻ സെന്റർ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയയും കേസിലെ മറ്റ് രണ്ട് പ്രതികളും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങുമെന്ന് സൂചനയുണ്ട്. സമിതി മുൻ അംഗവും കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ.സിസ്റ്റർ ബെറ്റിയും തേരകത്തിനൊപ്പം കീഴടങ്ങി. പേരാവൂർ സിഐയ്ക്ക് മുമ്പിലാണ് കീഴടങ്ങിയത്.

മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനിയും ഇന്ന് കീഴടങ്ങുമെന്ന സൂചനയാണുള്ളത്. ഇവർക്ക് കീഴടങ്ങാൻ ഹൈക്കോടതി നൽകിയിരിക്കുന്ന ദിവസ പരിധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെല്ലാം ഇന്നലെ കീഴടങ്ങാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിൽ മാധ്യമ പ്രവർത്തകർ ഏറെ വൈകുംവരെ കാത്തു നിന്നെങ്കിലും പ്രതികൾ എത്തിയില്ല. അതുകൊണ്ടുതന്നെ ഇവരുടെ ദിവസപരിധി അവസാനിച്ചതിനെത്തുടർന്ന് ഇന്ന് അതികാലത്ത് തന്നെ ഇവർ കീഴടങ്ങുവാൻ എത്തിച്ചേരും എന്നായിരുന്നു നിഗമനം. ഇത് ശരിവച്ചാണ് തേരകവും സിസ്റ്റർമാരും അതിരാവിലെ കീഴടങ്ങിയത്. ഇന്ന് കീഴടങ്ങാത്ത പക്ഷം പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെ വന്നാൽ ജാമ്യവും ലഭിക്കില്ല. ഇതിനൊപ്പം കത്തോലിക്കാ സഭയും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ.

കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി ഗർഭിണിയായ കേസ് ഒതുക്കിത്തീർക്കാൻ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ. തോമസ് തേരകം, സമിതി മുൻ അംഗവും കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. സിസ്റ്റർ ബെറ്റി, വൈത്തിരി ഹോളി ഇൻഫന്റ് മേരീസ് ഗേൾസ് ഹോം അഡോപ്ഷൻ സെന്റർ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പ്രതികൾക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾക്കുള്ള വ്യക്തമായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യം അനുകൂലമാക്കാൻ കൂടി വേണ്ടിയാണ് കീഴടങ്ങൽ.

പ്രതികൾ അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്നും അന്നു തന്നെ പ്രത്യേക കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് പീഡനത്തിനിരയായ പെൺകുട്ടി കൃസ്തീയ സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കൃസ്തുരാജ ഹോസ്പിറ്റലിൽ പ്രസവിച്ചത്. പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെ വൈത്തിരിയിലെ അഡോപ്ക്ഷൻ സെന്ററിലാക്കുകയും ചെയ്തു. 19 വരെ കുഞ്ഞ് അഡോപ്ക്ഷൻ സെന്ററിലുണ്ടായിരുന്നു. എന്നാൽ ഈ വിവരം അഡോപ്ക്ഷൻ സെന്റർ ഭാരവാഹികൾ പൊലീസിനെ അറിയിച്ചില്ല. ഇതാണ് കീഴടങ്ങിയവരെ കേസിൽ പ്രതികളായി ഉൾപ്പെടുത്താൻ കാരണം.

പീഡനത്തിനിരയായ പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായിരുന്നില്ലെന്ന ഔദ്യോഗിക രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടി പ്രസവിച്ചതിന് ശേഷം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചവർ നിരവധി തവണ പരസ്പരം ഫോണിൽകൂടി ബന്ധപ്പെട്ടതിനും തെളിവുണ്ട്. ഐപിസി 120 (ബി) പ്രകാരം കേസിൽ ഗൂഢാലോചന നടന്നുവെന്നതിന് ഇത് വ്യക്തമായ തെളിവാണ്. കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ ഫാ റോബിൻ വടക്കുംചേരിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചുവെന്നതാണ് ഫാ. തോമസ് തേരകത്തിനെതിരെയുള്ള കുറ്റം. വയനാട് ശിശുക്ഷേമ സമിതിയുടെ ചെയർമാനായിരിക്കെ സംഭവം മറച്ചുവെച്ചെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഈ കേസിൽ ഫാ. തോമസ് തേരകം വയനാട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇതു പിൻവലിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവിടേയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കീഴടങ്ങൽ.