സുൽത്താൻബത്തേരി: സ്‌കൂൾ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റുചെയ്തു. കൊട്ടിയൂർ സ്വദേശിനിയായ 15-കാരി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ തമിഴ്‌നാട് ബിദർക്കാട് മുണ്ടനിശ്ശേരി വർഗീസിനെ (57) ആണ് ബത്തേരി സിഐ എം.ഡി. സുനിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യാ ശ്രമം.

തങ്കച്ചന്റെ പഴൂർ ആശാരിപ്പടിയിലുള്ള ഫർണിച്ചർ കടയിൽവച്ച് ഒരാഴ്ചമുമ്പാണ് പെൺകുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തങ്കച്ചന്റെ പീഡനം സഹിക്കവയ്യാതായതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പെൺകുട്ടി പൊലീസിനുനൽകിയ മൊഴി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കുടുംബസുഹൃത്തായ സ്ത്രീയുടെ അച്ഛനാണ് അറസ്റ്റിലായ തങ്കച്ചൻ. നാട്ടിൽ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടിൽ അറിഞ്ഞതോടെ പെൺകുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദർക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. തങ്കച്ചനും ഭാര്യയും ബന്ധുവായാണ് പെൺകുട്ടിയെ നാട്ടുകാർക്ക് പരിചയപ്പെടുത്തിയത്. ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചൻ വീട്ടിലും പഴൂരിലെ ഫർണിച്ചർ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.

ഫർണിച്ചർകടയിൽവച്ച് തങ്കച്ചൻ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളിൽ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെൺകുട്ടിയെ തങ്കച്ചൻതന്നെയാണ് ചീരാലിലും തുടർന്ന് ബത്തേരിയിലെയും കല്പറ്റയിലെയും ആശുപത്രികളിലെത്തിച്ചത്. പെൺകുട്ടിയുടെ പരസ്പരവിരുദ്ധമായ മൊഴികളാണ് സംശയത്തിന് തുടക്കമായത്.

ഇതേത്തുടർന്ന് രണ്ടുതവണ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. ഇതോടെ പെൺകുട്ടി സംഭവിച്ചത് എന്തെന്ന് വിശദീകരിച്ചു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈൽഫോൺ പരിശോധിച്ചു. അപ്പോഴാണ് പെൺകുട്ടിയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞത്. പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിസൂക്ഷിച്ചിരുന്ന തങ്കച്ചൻ, പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങൾ ഫോണിൽനിന്ന് നീക്കംചെയ്തിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങൾ വീണ്ടെടുത്തതോടെ തങ്കച്ചൻ പൊലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി. പോക്സോ, ഐ.ടി. തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് പ്രതിയുടെപേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കല്പറ്റയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.