- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫീഖയും മകനും സീരിയൽ കില്ലർമാരോ? 2006ലെ മോളിയുടെ ദുരൂഹ മരണത്തിലും നാട്ടുകാർക്ക് പുതിയ സംശയങ്ങൾ; അമ്മയും മകനും അന്ന് താമസിച്ചിരുന്ന വീട്ടിന് അടുത്തെ അംഗ പരിമിതയുടെ മരണക്കേസ് ഫയൽ വീണ്ടും തുറക്കും; കോവളം കൊലപാതത്തിലെ സൈക്കോ ഫാമിലി കൂടതൽ സംശയങ്ങളിലേക്ക്
തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായതിന് പിന്നാലെ കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയ റഫീഖയും മകനും വാടകയ്ക്ക് താമസിച്ച നാടുകളിലെ ദുരൂഹമരണങ്ങൾ പരിശോധിക്കാൻ പൊലീസ്. മറ്റൊരു കൊലപാതക കേസിലും പൊലീസ് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം കല്ലുവെട്ടാംകുഴി തുമ്പ്‌ലിയോട് നിവാസിയായ മോളിയുടെ മരണത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കോവളം സിഐ അറിയിച്ചു. എന്നാൽ പരിശോധനകൾ അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ൽ വാട്ടർ അഥോറിറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോവളത്തെ കൊലപാതകം വാർത്തയായതോടെ മോളിയുടെ മരണത്തിലും റഫീഖയ്ക്കും ഷഫീക്കിനും പങ്കുണ്ടാകാമെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. മോളിയെ വീടിന് സമീപം മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രാത്രി 12 ന് ശേഷമാണ് ഇവർ മരിച്ചു കിടക്കുന്നത് അയൽവാസികൾ കാണുന്നത്.
ഭിന്നശേഷിക്കാരിയായ മോളി പടിയിറങ്ങുമ്പോൾ കാല് വഴുതി മുഖമടിച്ചുവീണ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അതിൽ നിന്നും വ്യത്യസ്മായി ഒന്നും പുതിയതായി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് റഫീഖയേയും മകനേയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
റഫീഖയ്ക്ക് വാടകയ്ക്ക് വീട് ശരിയാക്കുന്നതിനായി അയൽവാസി വിളിച്ചതനുസരിച്ച് വൈകിട്ട് 7.30 ന് മോളി വീട്ടിൽ നിന്നും പോയിരുന്നു. ഇതിനെ തുടർന്നാണ് മോളിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്. എന്നാൽ മോളിയുടെ വീട്ടുകാർ ഇത്തരത്തിലുള്ള പരാതികളൊന്നും ഇതുവരെ നൽകിയിട്ടില്ല.
ഭിന്നശേഷിക്കാരിയായിരുന്ന മോളി അവിവാഹിതയായിരുന്നു. മോളി മരിക്കുമ്പോൾ 45 വയസ്സായിരുന്നു പ്രായം. റഫീഖയും മകനും മോളിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നുവെന്നും രാത്രിയിൽ മോളിയോടൊപ്പം തങ്ങാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പൊലീസ് ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.
വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ റഫീഖയും മകൻ ഷെഫീക്കും തന്നെയാണ് ഒരുവർഷം മുമ്പ് 14 കാരിയായ പെൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 14 കാരിയുടെ കൊലപാതക കുറ്റം ഏറ്റെടുക്കാൻ രക്ഷിതാക്കൾക്കെതിരെ കോവളം പൊലീസ് നടത്തിയ കൊടിയ പീഡനത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതകവും കോവളത്തെ 14 കാരിയുടെ കൊലപാതകവും രംഗത്ത് വന്നതോടെ റഫീഖയും ഷഫീക്കും താമസിച്ചിരുന്ന സ്ഥലങ്ങളിലെ ദുരൂഹമരണങ്ങളിലെല്ലാം ഇവരുടെ പങ്കും സംശയിക്കുകയാണ് നാട്ടുകാർ. അതേസമയം ഇവർ മറ്റ് കുറ്റകൃത്യങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ എന്നും മറ്റ് കൊലപാതകങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്നും വിശദമായി അന്വേഷിക്കുമെന്ന് കോവളം സിഐ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ