- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകി; വിവാഹം ചെയ്ത മകളും മരുമകനും വിദേശത്ത് ആയതിനാൽ പക തീർത്തത് റിനീഷിനോട്; റനീഷിന്റെ തല അടിച്ചു പൊട്ടിക്കാൻ ക്വട്ടേഷൻ കൊടുത്തത് അജിതയും ഭർത്താവ് അനിരുദ്ധനും: ദുരഭിമാനം പക ആയപ്പോൾ കോവൂരിലെ ടെക്സ്റ്റൈൽ ഉടമയ്ക്ക് നേരെ ആക്രമണം
കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ . അമ്മയും അച്ഛനും ഉൾപ്പെടെ ഏഴു പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത ,അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു.
പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി.
അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 21 തുന്നലുകളുണ്ട്. ഭാര്യയുടെ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിനാണ് റിനീഷിനെ ആക്രമിച്ചത്. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്കാരിക- ജീവകാരുണ്യ സംഘടനയായ റെഡ് യംഗ്‌സ് വെള്ളിമാടുകുന്നിന്റെ അഡൈ്വസറി ബോർഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്കു നേരെയാണ് ആക്രമണമുണ്ടായത്.
പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന ക്വട്ടേഷൻ ആണെന്നു പറഞ്ഞായിരുന്നു അക്രമമെന്ന് റിനീഷ് വ്യക്തമാക്കി. ക്വട്ടേഷൻ നൽകിയെന്ന് അക്രമി സംഘം പറഞ്ഞ ദമ്പതികളുടെ മകളുമായി റിനീഷിന്റെ ഭാര്യ സഹോദരൻ സ്വരൂപ് പ്രണയത്തിലായിരുന്നു. ഇവരിപ്പോൾ വിവാഹിതരായി വിദേശത്ത് താമസിച്ചുവരികയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും റിനീഷിന് ഭീഷണി ഉണ്ടായിരുന്നു. സ്വരൂപും ഭാര്യയും നാട്ടിലെത്തിയാൽ വകവരുത്തുമെന്നാണ് ഭീഷണി.
സംഭവത്തിൽ സിപിഐ ചേവായൂർ ലോക്കൽ കമ്മറ്റിയും സിപി നോർത്ത് മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു. അക്രമികൾക്കും അതിനു പ്രേരിപ്പിച്ചവർക്കുമെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും സിപിഎം- സിപിഐ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ