പത്തനംതിട്ട: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ സഹായിക്കാൻ സിപിഐഎം നേതാവിന്റെ അദൃശ്യകരങ്ങൾ. പീഡനത്തിന് ഇരയായ കുട്ടിയെ പരിശോധിക്കാൻ ഡോക്ടർമാരും വിസമ്മതിക്കുകയും പൊലീസ് നടപടി ക്രമങ്ങൾ വൈകുകയും ചെയ്തതോടെ ബന്ധുക്കൾ നൽകിയ പരാതിയിൽ രണ്ടു വനിതാ ഡോക്ടർമാർക്കെതിരേ കേസ് എടുത്തു. നടപടി ക്രമങ്ങൾ വൈകിപ്പിച്ച് പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. ഇതിനായി പൊലീസും ഡോക്ടർമാരും വഴിവിട്ട് കളിച്ചത് സിപിഐഎം ഉന്നത നേതാവിന്റെ നിർദേശത്തെ തുടർന്നായിരുന്നുവെന്നാണ് ആരോപണം.

ഒരു മാസം മുമ്പാണ് കുട്ടിക്ക് ബന്ധുവിൽ നിന്നു പീഡനമേറ്റ സംഭവമുണ്ടായതെന്ന് പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ബന്ധു കുട്ടിയെ സ്‌കൂളിൽ നിന്നു വിളിച്ചു കൊണ്ടു വരുമ്പോൾ ആക്രമിച്ചെന്നാണ് പരാതി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തടിയൂർ കടയാർ സ്വദേശി റെജിക്കെതിരെ കേസ് എടുത്തത്. ഇയാൾ ഒളിവിലാണ്.

കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം കുട്ടിയും ബന്ധുക്കളുമായി കോയിപ്രം പൊലീസ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തുകയും ഡോക്ടർമാരോട് വിവരം പറയുകയുമുണ്ടായി. എന്നാൽ പരിശോധിക്കാൻ ആകില്ലെന്ന നിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചത്. തുടർന്ന് കോഴഞ്ചേരി സിഐയുടെ നിർദേശപ്രകാരം രണ്ടാമതും ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ നിലപാടിൽ മാറ്റമുണ്ടായില്ല. പരിശോധിക്കാനാകില്ലെന്ന് എഴുതിനൽകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ അതിനും സന്നദ്ധമായിരുന്നില്ല.

ഒടുവിൽ ചൈൽഡ് ലൈൻ ഇടപെട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. കുട്ടിയെ പരിശോധിക്കുന്നതിൽ ജില്ലാ ആശുപത്രിക്കു വീഴ്ച ഉണ്ടായതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന് ആദ്യം തന്നെ ആരോപണം ഉയർന്നിരുന്നു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്തിക്ക് പരാതി നൽകി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. വനിതാ പൊലീസിനൊപ്പം ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് പരിശോധിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചത്. ജില്ലയിലെ ഉന്നതനായ സിപിഐഎം നേതാവിന്റെ നിർദേശ പ്രകാരമാണ് ഡോക്ടർ വിസമ്മതം അറിയിച്ചതത്രേ.

പകരം ഡോക്ടർ എത്തും എന്ന് പറഞ്ഞെങ്കിലും ഇതും ഉണ്ടായില്ല. കുട്ടിയുമായി എത്തിയ കോയിപ്രം പൊലീസ് ആകട്ടെ ഒന്നാം ഘട്ടത്തിൽ ഔദ്യോഗികമായ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആരും തന്നെ ആശുപത്രി സുപ്രണ്ടിനെയോ ഡി.എം.ഓയെയോ വിവരം ധരിപ്പിച്ചില്ല. ഇതിനു പിന്നിലും ഉന്നതന്റെ ഇടപെടൽ ഉണ്ടായതായി ഇടതു മുന്നണി പ്രവർത്തകർ തന്നെ പറയുന്നു.

യുവാവിൽ നിന്നും പീഡനത്തിനിരയായെന്ന പരാതിയിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയോടും കുട്ടിയുടെ ബന്ധുക്കളോടും മോശമായി പെരുമാറുകയും മെഡിക്കൽ പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്ത കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാർക്കതിരേ കേസെടുത്ത് സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയിരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സുരേഷ് കുഴിവേലിയും കുട്ടിയുടെ ബന്ധുക്കളും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കലക്ടർ. ജില്ലാ മെഡിക്കൽ ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകി.

15 നു രണ്ടു മുതൽ രാത്രി എട്ടു വരെ ആറു മണിക്കൂർ ഇവർ പരിശോധനയ്ക്കായി ആശുപത്രിയിൽ ചെലവഴിച്ചു. ഇതിനിടയിൽ ഒരു ഡോക്ടർ കുട്ടിയുടെ രക്ഷാകർത്താക്കളോട് മോശമായി സംസാരിക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയെടുത്ത് 24 മണിക്കൂറിനുള്ളിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കണമെന്നുള്ള നിയമം അട്ടിമറിക്കുവാനാണ് ഡോക്ടർമാർ ശ്രമിച്ചത്. തുടർന്നും നീതി തേടിച്ചെല്ലുന്ന ഒരാൾക്കും ഡോക്ടർമാരിൽ നിന്നും ഇത്തരത്തിൽ ഒരനുഭവം ഉണ്ടാകാതിരിക്കാനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.