- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 നഴുസുമാർ ആവശ്യമുള്ളിടത്ത് ആകെയുള്ളത് 360 പേർ; അടിയന്തിര ശസ്ത്രക്രിയകൾ പോലും നീട്ടിവെക്കുന്നത് ആറു മാസംവരെ; കോഴിക്കോട് മെഡിക്കൽ കോളജിൽ മതിയായ ജീവനക്കാരില്ലാതായിട്ട് പതിറ്റാണ്ടുകൾ; പരാധീനതകളുടെ കഥ പറഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ ആതുരാലയം
കോഴിക്കോട്: ആശുപത്രി തുടങ്ങിയ കാലത്തുള്ള സ്റ്റാഫ് പാറ്റേണുമായി ഇന്നും തുടരേണ്ട ഗതികേടിലാണ് കേരളത്തിലെ ഏറ്റവും തിരക്കുള്ള സർക്കാർ ആതുരാലയമായ കോഴിക്കോട് മെഡിക്കൽ കോളജിന്. നിലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ആവശ്യത്തിന് ഇല്ലാത്ത ഈ സ്ഥാപനത്തിൽ വേണ്ടത്ര സ്റ്റാഫുമില്ലെന്നതാണ് വസ്തുത. ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കെട്ടിടങ്ങളും വകുപ്പുകളും ആ വകുപ്പുകളിലെല്ലാം ആധുനികമായ പുതിയ ഉപകരണങ്ങളും സൗകര്യങ്ങളുമെല്ലാം വർധിപ്പിക്കുമ്പോഴും സ്റ്റാഫില്ലെന്ന മുറവിളിക്ക് ഇനിയും പരിഹാരം അകലെ.
500 നഴ്സുമാർ വേണ്ടിടത്ത് പി എസ് സി വഴി നിയമിച്ചത് 360 പേരെ മാത്രം. മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ ബോണ്ടിന്റെ ബലത്തിൽ 114 പേരെ നിയമിച്ചെങ്കിലും ഈ സ്ഥാപനം അനുഭവിക്കുന്ന അതിരൂക്ഷമായ ജീവനക്കാരുടെ ദൗർലഭ്യത്തിന് അതൊന്നും പരിഹാരമാവാത്ത സ്ഥിതിയാണ്. 1967ലെ സ്്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നതെന്ന് ജീവനക്കാർ തന്നെ പറയുന്നു. ജീവനക്കാരുടെ അഭാവം ഒന്നുകൊണ്ടുമാത്രം പലപ്പോഴും എമർജൻസി ശസ്ത്രക്രിയകൾപോലും അനിശ്ചിതമായി നീട്ടിവെക്കേണ്ട അവസ്ഥയാണുണ്ടാവുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ എൻ ടി, ഓർത്തോ, ന്യൂറോളജി തുടങ്ങിയ എല്ലാ വിഭാഗവും ഉൾക്കൊള്ളുന്നതാണ് ഈ സർക്കാർ സ്ഥാപനം.
ദിനേന ഒ പിയിൽ മാത്രം ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്. കോഴിക്കോട് ജില്ലക്കു പുറമേ വയനാട്, മലപ്പുറം, കണ്ണൂർ ജില്ലക്കാരും ഈ റെഫറൽ ആശുപത്രിയിലേക്കു വിദഗ്ധ ചികിത്സക്കായി എത്തുന്നുണ്ട്. വാർഡുകളിൽ ഒരു ഷിഫ്റ്റിൽ 12 പേർ ആവശ്യമുള്ളിടത്ത് ഇവിടെ ആ ജോലി ചെയ്യേണ്ടി വരുന്നത് രണ്ടോ, മൂന്നോ നഴ്സുമാരാണ്. ഇത് ഇവരുടെ ജോലി ഭാരം പതിന്മടങ്ങാക്കുന്നതിനൊപ്പം ശസ്ത്രക്രിയ വരെ കഴിഞ്ഞ് കിടക്കുന്നവർക്ക് മതിയായ പരിചരണം ലഭിക്കുന്നതിനും തടസാമാവുകയാണ്. എല്ലുരോഗ വിഭാഗത്തിലും അനസ്തേഷ്യ വിഭാഗത്തിലുമാണ് ഡോക്ടർമാരുടെ കുറവ് ഏറ്റവും അധികം അനുഭവപ്പെടുന്നത്.
എല്ലു രോഗ വിഭാഗത്തിൽ 15 പേർ വേണ്ടിടത്ത് പത്തുപേർ മാത്രമാണുള്ളത്. അനസ്തേഷ്യ വിഭാഗത്തിലും ഇതേ അവസ്ഥയാണ്. മെഡിക്കൽ കോളജിലെ എല്ലാ വിഭാഗം സർജറി യൂണിറ്റുകളിലെയും തിയറ്ററുകൾ സുഗമമായി പ്രവർത്തിപ്പിക്കണമെങ്കിൽ 10 തസ്തികയെങ്കിലും വേണമെന്നിരിക്കേ പലപ്പോഴും പല തിയറ്ററുകളും ഒരേ സമയം പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. അടുത്തിടെ ഉണ്ടായ ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ പലരും പുതിയ സ്ഥലങ്ങളിലേക്കു മാറ്റപ്പെട്ടെങ്കിലും ഇവിടെ ആനുപാതികമായി പുതിയ ആളുകൾ ചാർജെടുത്തിട്ടുമില്ല. ഇതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്.
നേഴ്സിങ് അസിസ്റ്റന്റുമാരുടെ തസ്തികയെടുത്താൽ അവിടെയും കാര്യമായ കുറവുള്ളതായി കാണാം. ആകെ 250 പേരാണ് ഇപ്പോഴുള്ളത്. ഇതിന്റെ ഇരട്ടിയെങ്കിലും ആളുകൾ ഉണ്ടെങ്കിലെ ആശുപത്രിയിലെ ശുചീകരണ ജോലികൾ ഉൾപ്പെടെയുള്ളവ സുഖമമായി നടത്തികൊണ്ടുപോകാൻ സാധിക്കൂ. മൂന്നോ, നാലോ വാർഡിന് ഒരു നഴ്സിങ് അസിസ്റ്റന്റ് എന്ന രീതിയിലാണ് ഇപ്പോഴിവിടെ ജീവനക്കാരെ വിന്യസിക്കുന്നത്. ശുചീകരണ തൊഴിലാളികളായി ഇപ്പോഴുള്ളത് 150 പേർ മാത്രമാണ്. 750 പേരെങ്കിലും വേണ്ടിടത്താണീ അവസ്ഥ. ഇതുമൂലം ആശുപത്രിയുടെ ചുറ്റുപാടുകളിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയാണ്.
ഇത് രോഗങ്ങൾ പൊതുജനങ്ങളിലേക്കും ആശുപത്രിയിൽ ചികിത്സക്കായും രോഗികൾക്കൊപ്പവുമെല്ലാം എത്തുന്നവരിലേക്കും സംക്രമിക്കാൻ ഇയാക്കുന്ന സ്ഥിതിയാണ്. ആശുപത്രിക്കായി അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടിയും ഇന്നലെ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം നല്ലകാര്യമാണെങ്കിലും ഇതോടൊപ്പം ജീവനക്കാരുടെ എണ്ണം മതിയായ രീതിയിലേക്കു ഉയർത്താനുള്ള നടപടികൾ ഉണ്ടാവുന്നില്ലെങ്കിൽ ഡോക്ടർമാരും ജീവനക്കാരുമെല്ലാം ജോലിയുടെ അമിതഭാരത്താൽ കൂടുതൽ ദുരിതത്തിലാവുന്ന സ്ഥിതിയാവും ഉണ്ടാവുക.