തിരുവനന്തപുരം: അമ്മ ഹൃദയം എന്നത് സ്‌നേഹത്തിന്റെ തുടിപ്പ് മാത്രം പേറുന്നതാണ്. അതിന്റെ കണ്ണു നിറയ്ക്കുന്ന ഉദാഹരണമാണ് കോഴിക്കോട് സ്വദേശിനി ലൈസാമ്മയുടെ കഥ. ജനിച്ച മണ്ണിൽ താൻ ആഗ്രഹിച്ച കാര്യങ്ങളൊന്നും നടന്നില്ലെങ്കിലും അഞ്ച് ജീവനുകൾക്ക് പുതു ജീവിതം കൊടുത്തിട്ടാണ് ലൈസാമ്മ യാത്രയായത്. വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചെമ്പനോട് പൂഴിത്തോട് ഇടമന്നയിൽ ജോണിന്റെ ഭാര്യ ലൈസാമ്മ (50)യുടെ ഹൃദയമുൾപ്പെടെ അഞ്ച് അവയവങ്ങളാണ് തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടുള്ള രോഗികൾക്ക് തണലായത്. ബസിൽ സഞ്ചരിക്കുന്നതിനിടെ തെറിച്ച് വീണ് ലൈസാമ്മയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. ഇക്കഴിഞ്ഞ ആറിന് മുടുക്കല്ലൂർ ആശുപത്രിയിൽ വച്ചാണ് ലൈസാമ്മയ്ക്ക് അപകടമുണ്ടായത്. ശനിയാഴ്‌ച്ച രാവിലെയോടെ ലൈസാമ്മ മരണത്തിന് കീഴടങ്ങി.

ലൈസാമ്മയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിന് കീഴിൽ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെഎൻഒഎസിൽ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിച്ചു.. ഒരു വൃക്കയും കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകി.

എന്നാൽ ലൈസാമ്മയുടെ ഹൃദയത്തിന് മാത്രം അനുയോജ്യരായവരെ കേരളത്തിൽ കണ്ടെത്താനായില്ല. തുടർന്ന് ഹൃദയം തമിഴ്‌നാട് സർക്കാരിന്റെ ട്രാൻസ്റ്റാൻ എന്ന അവയവദാന ഏജൻസിയുമായി ബന്ധപ്പെട്ടാണ് ചെന്നൈ ഫോർട്ടിസ് മലർ ആശുപത്രിയിലെ രോഗിയെ കണ്ടെത്തുന്നത്.

എന്നാൽ, അത്ര എളുപ്പത്തിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള അവയവദാനം സാധ്യമല്ലായിരുന്നു. ഇതോടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ വിഷയത്തിൽ ഇടപ്പെട്ടു. ഇതോടെ പ്രത്യേക ഗ്രീൻപാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാന മാർഗം ഹൃദയം, ചെന്നൈയിലേക്ക് കൊണ്ടുപോകാൻ സാധിച്ചു.

സംസ്ഥാനങ്ങൾ തമ്മിലുള്ള അവയവദാനമായതിനാൽ ഒട്ടേറെ സങ്കീർണതകൾ മറികടക്കേണ്ടതുണ്ടായിരുന്നു . ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ പ്രശ്നത്തിലിടപെടുകയും പ്രതിസന്ധികൾ തരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. തോമസ് മാത്യു, നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് തുടങ്ങിയവർ അവയവദാന പദ്ധതിക്ക് അന്തിമരൂപം നൽകിയതോടെ അവയവദാന പ്രക്രിയ വിജയമായി.