- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടുതാലി അറുത്തെറിഞ്ഞ് പുരുഷാധിപത്യത്തിന്റെ അടിവേരറുത്ത് പുതുവർഷത്തിൽ കോഴിക്കോട്ട് ചുംബനത്തെരുവ്; കിസ് ഓഫ് ലൗവുമായി ബന്ധമില്ലെന്നു ഞാറ്റുവേല പ്രവർത്തകർ; കരുതലോടെ പൊലീസും
കോഴിക്കോട്: പുതുവർഷത്തിൽ കോഴിക്കോട് ചുംബനസമരത്തിന് വേദിയാകുന്നു. സവർണ ഫാസിസത്തിനെതിരെയെന്ന പേരിൽ ഞാറ്റുവേല സാംസ്‌കാരിക പ്രവർത്തക സംഘത്തിന്റെ ബാനറിലാണ് ചുംബനത്തെരുവ് സംഘടിപ്പിക്കുക. കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതലാണ് പരിപാടി. നേരത്തെ നടന്ന ചുംബനസമരവുമായി സംഘാടകർക്കു ബന്ധമില്ലെ
കോഴിക്കോട്: പുതുവർഷത്തിൽ കോഴിക്കോട് ചുംബനസമരത്തിന് വേദിയാകുന്നു. സവർണ ഫാസിസത്തിനെതിരെയെന്ന പേരിൽ ഞാറ്റുവേല സാംസ്‌കാരിക പ്രവർത്തക സംഘത്തിന്റെ ബാനറിലാണ് ചുംബനത്തെരുവ് സംഘടിപ്പിക്കുക.
കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതലാണ് പരിപാടി. നേരത്തെ നടന്ന ചുംബനസമരവുമായി സംഘാടകർക്കു ബന്ധമില്ലെന്നു പറയുന്ന ഞാറ്റുവേല പ്രവർത്തകർ, പരമ്പരാഗത രീതിയെ വെല്ലുവിളിച്ച് യുവതീയുവാക്കൾ ഒന്നിച്ചു ജീവിക്കുകയാണെന്ന് ചുംബനത്തെരുവിൽ പ്രഖ്യാപിക്കാനും പദ്ധതിയുണ്ട്.
നാളെ രാവിലെ ഒമ്പതിനു മുമ്പായി സമരപരിപാടികൾ ആരംഭിക്കും. ഞാറ്റുവേല പ്രവർത്തകർ ചിത്രം വരച്ചും കൊളാഷ് പ്രദർശിപ്പിച്ചും ആദ്യം പ്രതിരോധമതിൽ തീർക്കും. തുടർന്ന് ഫാസിസത്തിനും സവർണ പുരുഷ മേധാവിത്വത്തിനുമെതിരെ സന്ദേശമുൾക്കൊള്ളുന്ന നാടകവും പാട്ടും നൃത്തവുമെല്ലാം നടക്കും. പിന്നീട് പങ്കാളിത്ത പ്രഖ്യാപനവും കെട്ടുതാലി പൊട്ടിക്കലും നടക്കും. ഇതിനിടിലായിരിക്കും ചുംബനം നടക്കുക. ഞാറ്റുവേല പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ കഴിഞ്ഞ വർഷം കെട്ടുതാലി പൊട്ടിക്കൽ സമരം നടന്നിരുന്നു. ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥക്കുമെതിരെ കലാവിഷ്‌കാരങ്ങളും സാംസ്‌കാരിക പ്രവർത്തനങ്ങളും തുടങ്ങി വിവിധ പരിപാടികൾ ഞാറ്റുവേല കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.
കൊച്ചിയിൽ പ്രതീകാത്മകമായി നടത്തിയ കെട്ടുതാലി പൊട്ടിക്കൽ സമരത്തിന്റെ തുടർച്ചയായി കെട്ടുതാലി അറുത്തെറിഞ്ഞാണ് നാളത്തെ സമരം. സമരം പ്രഖ്യാപിച്ചതിന്റെ പേരിൽ ഏറെ ഭീഷണിയും എതിർപ്പുകളും നേരിടുന്നതായി സംഘാടകർ പറയുന്നു. ചുംബനസമര നായകരായ രാഹുലും രശ്മിയും പെൺവാണിഭത്തിന്റെ പേരിൽ പൊലീസ് അറസ്‌ററു ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
എന്നാൽ തങ്ങൾ നേരത്തെ നടത്തിയ ചുംബന സമരവുമായി ബന്ധമുള്ളവരല്ലെന്ന് വ്യക്തമാക്കുമ്പോഴും പരിപാടിക്കു നേരെ ഹിന്ദുത്വ ശക്തികളുടെയും ഹനുമാൻ സേനയുടെയും ബോംബേറ് ഭീഷണിയുള്ളതായി സംഘാടകർ പറഞ്ഞു. സമരത്തിനു മുമ്പേ പരിപാടിയെ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം സമരത്തിനു നേരെ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. സമരം ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാൽ പൊലീസ് ഇടപെടുമെന്നും പൊലീസ് സുരക്ഷ ശക്തമാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ മറുനാടൻ മലയാളിയോടു പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്ട് നടന്ന കിസ് ഓഫ് ലൗ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരക്കാർക്ക് നേരെ ഹനുമാൻ സേന അടക്കമുള്ള തീവ്ര വർഗീയ സംഘടനകൾ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ചുംബനസമരത്തിന്റെ മുഖ്യസംഘാടകനായ രാഹുൽ പശുപാലനും ഭാര്യ രശ്മിയുമടക്കമുള്ളവർ പെൺവാണിഭക്കേസിൽ അറസ്റ്റിലായതോടെ ഇത്തരം സമരങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്കുള്ള മറയാണെന്നും ആരോപണമുയർന്നു. റൂമിൽ ചെയ്യേണ്ടത്, നടുറോഡിൽ ചെയ്യരുതെന്ന ഓർമപ്പെടുത്തലുമായി ചുംബനസമരത്തിനെതിരെ സി പി എം നേതാവ് പിണറായി വിജയനെ പോലുള്ളവർ രംഗത്തുവന്നതോടെ സമരമുഖത്ത് വൻ തിരിച്ചടിയാണുണ്ടായത്. ആഭാസങ്ങളെ സമരമെന്നു വിളിച്ച് സമരങ്ങളെ പരിഹസിക്കരുതെന്ന് വിവിധ മതരാഷ്ട്രീയ സംഘടനകളും രംഗത്തുവന്നിരുന്നു.
ചുംബന സമരക്കാർക്കെതിരെ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് നാളെ നടക്കുന്ന ചുംബന സമരത്തെ നിരീക്ഷിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകളെ വിന്യസിപ്പിക്കാനാണ് തീരുമാനം. സംഘാടകർക്കെതിരെ ഭീഷണി ലഭിച്ച പശ്ചാത്തലത്തിൽ മഫ്തിയിലുള്ള പ്രത്യേക പൊലീസ് സംഘവും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉണ്ടാകും.