കൊച്ചി: താരസംഘടനയായ എ.എം.എം.എക്കെതിരെ വിമർശനം ഉന്നയിച്ച ഡബ്ല്യുസിസി അംഗങ്ങൾക്കെതിരെ കർശന നിലപാടുമായി കെപിഎസി ലളിത. നടിമാരെ പൂർണമായും തള്ളിപ്പറഞ്ഞുകൊണ്ടാണ് ലളിത വാർത്താസമ്മേളനം നടത്തിയത്. സംഘടനയിൽ നിന്നും രാജിവെച്ച നടിമാരി ഇനി തിരിച്ചെടുക്കില്ലെന്നും അവർ വ്യക്തമാക്കി. സംഘടനയിൽ നടന്ന കാര്യങ്ങൾ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെക്കൊണ്ട് കൈക്കൊട്ടി ചിരിപ്പിക്കരുത്. ആൺ-പെൺ വ്യത്യാസമില്ലാതെ പരാതികൾ പറയാൻ പറ്റിയ സംഘടനയാണ് എ.എം.എം.എയെന്നും കെ.പി.എ.സി. ലളിത പറഞ്ഞു.

എന്റെ ഭർത്താവ് സംവിധാനം ചെയ്ത ഒരു പടത്തിൽ ആദ്യം അഭിനയിച്ച കുട്ടിക്ക് അഭിനയിക്കാൻ പറ്റാത്തത് കാരണം ആ വേഷത്തിൽ അഭിനയിച്ച ആളാണ് ഇപ്പോൾ മോഹൻലാൽ നടിയെന്ന് വിളിച്ചതിൽ പരാതി പറഞ്ഞത്. സിനിമ എന്ന് പറഞ്ഞാൽ കിട്ടുന്ന വേഷത്തിൽ സംതൃപ്തയാകണം. എല്ലാവർക്കും എന്നും അവസരം ലഭിക്കണമെന്നില്ലെന്നും അവർ വ്യക്തമാക്കി. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഭൂകമ്പമുണ്ടാക്കി എല്ലാവർക്കും കൈക്കൊട്ടി ചിരിക്കാൻ എന്തിനാണ് തുനിയുന്നത്. എല്ലാവരും ചിരിക്കാനായി നോക്കിയിരിക്കുകയാണ്. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. നിരവധി അവാർഡുകൾ നേടിയ ആളും കേണലുമൊക്കെയാണ്. ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യേണ്ട ആളാണ് അദ്ദേഹം. നടിയെന്ന് വിളിച്ചതിൽ പരാതി പറയുന്നതിൽ കഴമ്പില്ല

സംഘടനയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിൽ ഒരു മാന്യതയുണ്ട്. അവർ വന്ന് സംഘനയോട് മാപ്പ് പറയട്ടെ. നമ്മുടെ അമ്മമാരോട് ക്ഷമ പറയുന്നത് പോലെ കണക്കാക്കിയാൽ മതി. കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ ഏറ്റവും നന്നായി നടന്നു പോകുന്ന സംഘടനയാണ് എ.എം.എം.എ എന്ന് എല്ലാവരും പറയാറുണ്ട്. പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറഞ്ഞ് ഒത്തുതീർപ്പ് ഉണ്ടാക്കണം. സംഘടനയിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്യം ഇപ്പോഴുമുണ്ടെന്നും കെ.പി.എ.സി.ലളിത പറഞ്ഞു.

അതേസമയം വാർത്താസമ്മേളനത്തിൽ കർശന നിലപാടാണ് നടൻ സിദ്ധീഖും സ്വീകരിച്ചത്. മോഹൻലാലിനെ ആക്രമിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ രംഗപ്രവേശം. നടിമാർ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണെന്നും സിദ്ദിഖ് പറഞ്ഞു. 'അമ്മ' നടീനടന്മാരുടെ സംഘടനയാണ്. അതുകൊണ്ടുതന്നെ നടിമാർ എന്നു വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നൽകി.

അമ്മയിൽനിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും.

സമൂഹമാധ്യമങ്ങളിൽ തെറിവിളി വരുന്നു എന്നു പറയുന്നവർ, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ഇവർ തേജോവധം ചെയ്യുന്നത് എന്തിനാണെന്നറിയല്ല. ഇത് വേദനാജനകമാണ്. മോഹൻലാലിനെതിരെ പറയുമ്പോൾ ആളുകൾ തെറിവിളിക്കുന്നെങ്കിൽ അത് ജനങ്ങളുടെ പ്രതികരണമാണ്. ഇത് തിരിച്ചറിഞ്ഞ് തെറ്റു തിരുത്തുകയാണ് വേണ്ടത്. മമ്മൂട്ടിക്കെതിരെ പറഞ്ഞപ്പോഴും ഇതേ അനുഭവം ഉണ്ടായെങ്കിൽ അത് മനസിലാക്കി തിരുത്തുകയായിരുന്നു വേണ്ടത്. ഇവർ ജനങ്ങളിൽ നിന്ന് അകലുന്നു എന്ന് മനസിലാക്കണം. ദിലീപിനെ 'റേപ്പിസ്റ്റ്' എന്നു വിളിച്ചതിന് നിയമനടപടി നേരിടേണ്ടി വന്നേക്കാമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

'മീ ടൂ' ക്യാംപെയിൻ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തിൽ കരുതൽ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. ഏഴു വർഷം മുമ്പ് ഒരു പതിനേഴു വയസ്സുകാരി തന്റെ മുന്നിൽ സഹായം അഭ്യർത്ഥിച്ചു വന്നു എന്നു പറയുന്ന നടി, ആരാണ് വന്നത് എന്ന് പറയേണ്ട. ഏത് സെറ്റിൽ, ഏത് സംവിധായകന്റെ സിനിമ എന്ന് പറയണം. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി എടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടി രേവതി ഉന്നയിച്ച വിമർശനങ്ങൾ തേജോവധം ചെയ്യാനാണെന്നും സിദ്ദിഖ് ആരോപിച്ചു.

ജനറൽ ബോഡി യോഗം ഉടൻ ചേരുമെന്ന സംഘടനാ വക്താവ് ജഗദീഷിന്റെ പ്രസ്താവനയും സിദ്ദിഖ് തിരുത്തി. അടിയന്തരമായി ജനറൽ ബോഡി കൂടേണ്ട ഒരു സാഹചര്യവും നിലവില്ല. അടുത്ത ജനറൽ ബോഡി വരുന്ന ജൂണിലാണ്. രാജി വച്ചവരെ തിരിച്ചു വിളിച്ചില്ല എന്നാണ് പറയുന്നത്. രാജിവച്ചവർക്ക് സംഘടനയിൽ വരണമെങ്കിൽ അപേക്ഷ നൽകണം എന്നത് സ്വാഭാവിക നടപടിയാണ്. നടി എന്നു വിളിച്ചു എന്നു പറഞ്ഞ നടി കഴിഞ്ഞ 24 വർഷമായി ഒരു ജനറൽ ബോഡിയിലും പങ്കെടുത്തിട്ടില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

ദിലീപ് രാജിക്കത്ത് നൽകിയത് അറിഞ്ഞിട്ടാണ് ഡബ്ല്യുസിസി വാർത്താസമ്മേളനത്തിനെത്തിയത്. സംഘടനയെ പൊളിക്കാമെന്നത് വ്യാമോഹമാണ്. നടിക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കെതിരെ ഡബ്ല്യുസിസി ഒന്നും പറയുന്നില്ല. എതിർപ്പ് ദിലീപിനോട് മാത്രം. പൾസർ സുനി പറഞ്ഞ പേരുകാരിൽ ഒരാൾ മാത്രമാണ് ദിലീപ്. ജൽപനങ്ങൾക്ക് അമ്മയിലെ അംഗങ്ങൾ മറുപടി പറയേണ്ടതില്ല. ജഗദീഷിനെ പത്രക്കുറിപ്പ് പുറത്തിറക്കാൻ ആരാണ് ചുമതലപ്പെടുത്തിയതെന്ന് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.