- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലുകൾ ഇടുന്നത് കെ റെയിൽ തന്നെയെന്ന് റവന്യൂമന്ത്രി; ഉദ്യോഗസ്ഥർ ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുതെന്ന് റവന്യൂമന്ത്രിയുടെ മുന്നറിയിപ്പ്; നട്ടാശ്ശേരിയിൽ കല്ലുമായി വീണ്ടും കെറെയിലുകാരെത്തി; പിഴുതെറിഞ്ഞ് നാട്ടുകാരും; പിറവത്തും പ്രതിഷേധം ശക്തം; വീണ്ടും കല്ലിടലും വിവാദവും; പിന്നോട്ടില്ലെന്ന സൂചനയുമായി പിണറായി
കോട്ടയം: വീണ്ടും കല്ലുമായി കെറെയിൽ. പിഴുതെറിഞ്ഞ് നാട്ടുകാരും. ഇതിനിടെ കെ റെയിലിൽ സർവ്വേ കല്ല് ആരാണ് ഇടുന്നതെന്ന ചർച്ചയും സജീവമാണ്. കല്ലിടുന്നത് റവന്യൂ വകുപ്പാണെന്ന കെ റെയിൽ വാദം റവന്യൂ മന്ത്രി കെ രാജൻ തള്ളി. സർവേയുടെ ഭാഗമായി അടയാളക്കല്ലുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സർക്കാരിന്റെ ഏജൻസി മാത്രം. ഉദ്യോസ്ഥർ ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം നട്ടാശ്ശേരിയിൽ കെ റെയിൽ സർവേ പുനരാരംഭിച്ചിട്ടുണ്ട്. പൊലീസ് സുരക്ഷയിൽ പത്തിടത്താണ് കെ റെയിലിന്റെ അടയാള കല്ലിട്ടത്. കൂടുതൽ സ്ഥലത്ത് കല്ലിടനാണ് കെ റെയിൽ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാൽ പ്രദേശത്ത് കൂടുതൽ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. അതിനിടെ എറണാകുളം പിറവത്ത് കല്ലിടൽ നടന്നേക്കും എന്ന വിവരത്തെ തുടർന്ന് പ്രതിഷേധക്കാർ പ്രദേശത്ത് തടിച്ചു കൂടുന്നുണ്ട്. നട്ടാശ്ശേരിയിൽ കല്ല് നാട്ടുകാർ പിഴുതെടുത്തു. ഇതോടെ ഇന്ന് വീണ്ടും പ്രതിഷേധം കടുക്കുകയാണ്.
കല്ലിടൽ വിവാദത്തിന് കാരണം റവന്യൂ വകുപ്പാണെന്ന് കെ റെയിൽ വിശദീകരിക്കുന്നതായുള്ള റിപ്പോർട്ട് ഫലത്തിൽ സിപിഐയെ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം കെ റെയിൽ കല്ലിടൽ കേരളത്തിൽ നടന്നിരുന്നില്ല. സുരക്ഷാ പ്രശ്നമായിരുന്നു ഇതിന് കാരണമെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കല്ലിടലിലെ വെളിപ്പെടുത്തൽ ചർച്ചയായത്. സിൽവർലൈൻ പദ്ധതിയുടെ കല്ലിടലും ഇളക്കിമാറ്റലും വലിയ സംഘർഷത്തിലേക്കു നയിക്കുന്നതിനിടെ, കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്നു പറഞ്ഞു കെറെയിൽ കൈകഴുകുന്നുവെന്നാണ് മനോരമ വാർത്ത. സാമൂഹികാഘാത പഠനം നടത്താൻ ബോർഡ് യോഗം തീരുമാനിച്ചെങ്കിലും കല്ലിടാൻ നിർദ്ദേശിച്ചിട്ടില്ല. കേരള സർവേഅതിർത്തി നിയമം അനുസരിച്ചു അതിർത്തി നിർണയിക്കുന്നതു റവന്യു വകുപ്പായതിനാൽ കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്നായിരുന്നു വിശദീകരണം.
സാമൂഹികാഘാത പഠനത്തിനു കല്ലിടണമെന്നു കേരള സർവേഅതിർത്തി നിയമത്തിൽ നിർദ്ദേശമില്ല. അടയാളം നൽകണമെന്നു മാത്രമാണു സൂചിപ്പിക്കുന്നത്. എന്നാൽ കെറെയിൽ എന്നെഴുതിയ വലിയ സർവേക്കല്ലുകളാണ് ഇപ്പോൾ സംസ്ഥാനമാകെ സ്ഥാപിക്കുന്നത്. അതിർത്തി നിർണയിക്കാൻ എന്തു മാർഗം സ്വീകരിക്കണമെന്നു ചർച്ച ചെയ്യുകയോ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെറെയിൽ അധികൃതർ പറഞ്ഞു. മാനേജിങ് ഡയറക്ടർ, 2 ഡയറക്ടർമാർ, 4 പാർട്ടൈം ഡയറക്ടർമാർ എന്നിവരടങ്ങുന്നതാണു കെറെയിൽ ബോർഡ്.
ഒരു ഡയറക്ടറും 2 പാർട്ടൈം ഡയറക്ടർമാരും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ കെ റെയിൽ തീരുമാനങ്ങൾക്ക് കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കും ബാധ്യതയുണ്ടെന്നാണ് കെറെയിൽ വിശദീകരണം. അങ്ങനെ തീരുമാനങ്ങളിൽ കെറെയിലിന് മാത്രം ബാധ്യയില്ലെന്ന് വരുത്താനാണ് ശ്രമം. ഇതാണ് റവന്യൂമന്ത്രി നിഷേധിക്കുന്നത്.
റവന്യൂ വകുപ്പ് മന്ത്രി സിപിഐയുടെ കെ രാജനാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന് മാത്രമല്ല സിപിഐയ്ക്കും വിവാദങ്ങളിലെ ഉത്തരവാദിത്തം ഉണ്ടെന്ന് പറയാതെ പറയുകയായിരുന്നു കെ റെയിൽ. കെ-റെയിലിനെതിരായ ജനരോഷത്തിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ കെ-റെയിലിനായുള്ള സർവ്വേ നടപടികൾ ഇന്നലെ വേണ്ടെന്ന് വച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ