തിരുവനന്തപുരം: യഥാർത്ഥ സോഷ്യലിസ്റ്റായിരുന്നു പിണറായി മന്ത്രിസഭയിലെ ജനതാദൾ (എസ്) പ്രതിനിധി മാത്യു ടി. തോമസ്. അഴിമതികറ പുരളാത്ത കാര്യക്ഷമതയുള്ള നേതാവ്. എന്നാൽ സാധാരണക്കാർക്ക് വേണ്ടി ഭരിക്കുന്ന മന്ത്രിയെ ജനതാദൾ എസിന് വേണ്ട. ആരോപണവും പരാതിയും അഴിമതിയും ഒന്നും ചർച്ചയാകാതെ കേരളത്തിൽ വീണ്ടുമൊരു മന്ത്രി രാജിവയ്ക്കുകയാണ്. മാത്യു ടി തോമസിന് ഇത് രണ്ടാം തവണയാണ് ദൗത്യം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വരുന്നത്. തിങ്കളാഴ്ച മാത്യു ടി തോമസ് രാജിവയ്ക്കും. ദൾ സംസ്ഥാന പ്രസിഡന്റും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയാകും. ദളിൽ രൂപം കൊണ്ട രൂക്ഷമായ തർക്കത്തിനൊടുവിൽ കേന്ദ്ര നേതൃത്വത്തിന്റേതാണു തീരുമാനം.

ഇടതുമന്ത്രിസഭയിൽനിന്ന് രണ്ടരവർഷത്തിനിടെ പടിയിറങ്ങുന്ന നാലാമത്തെയാളാകും മാത്യു ടി. തോമസ്. വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജൻ, ഗതാഗത മന്ത്രിമാരായിരുന്ന എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവർക്ക് പിന്നാലെയാണ് ഇപ്പോൾ മാത്യു ടി. തോമസും പടിയിറങ്ങുന്നത്. ഇതിൽ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും പിന്നീട് മടങ്ങിയെത്തി. ഇടതുമന്ത്രിസഭ അധികാരത്തിലെത്തി നാലുമാസം പിന്നിട്ടപ്പോഴാണ് വ്യവസായമന്ത്രിയായ ഇ.പി. ജയരാജന് രാജിവെക്കേണ്ടിവന്നത്. ബന്ധുനിയമന വിവാദമായിരുന്നു കാരണം. പിന്നീട് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെത്തുടർന്ന് ഇക്കൊല്ലം ഓഗസ്റ്റിൽ മന്ത്രിസ്ഥാനത്തേക്ക് ജയരാജൻ മടങ്ങിയെത്തി. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനായിരുന്നു പുറത്തായ രണ്ടാമൻ. കഴിഞ്ഞവർഷം മാർച്ച് മാസത്തിലായിരുന്നു രാജി. ഹണിട്രാപ്പാണ് വില്ലനായത്. എൻ.സി.പി. പ്രതിനിധിയായി മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹത്തിന് പകരമായി തോമസ് ചാണ്ടി മന്ത്രിസഭയിൽ എത്തിയെങ്കിലും അദ്ദേഹവും രാജിവെച്ചതിനെത്തുടർന്ന് പത്തുമാസത്തെ ഇടവേളയ്ക്കുശേഷം എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലെത്തി.

തോമസ് ചാണ്ടിയായിരുന്നു പിണറായി മന്ത്രിസഭയിൽനിന്ന് പുറത്തുപോയ മൂന്നാമൻ. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്ന് രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞവർഷം നവംബറിൽ സ്ഥാനമൊഴിഞ്ഞത്. ഇപ്പോൾ മാത്യു ടി തോമസും. ഇവിടെ മുൻഗാമികളെ പോലെ ആരോപണമില്ല. അഴിമതിയും ഇല്ല. തെറ്റ് ചെയ്യാൻ മടിച്ചതാണ് പാർട്ടിക്ക് മാത്യു ടി തോമസിനെ അനഭിമതനാക്കുന്നത്. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിചമച്ചുവെന്ന് തെളിഞ്ഞപ്പോഴും മാത്യു ടി തോമസിനെ മാറ്റുകയാണ് പാർട്ടിയുടെ ദേശീയ നേതൃത്വം. ഇടതുമുന്നണി മന്ത്രിസഭയിൽ നിന്നും മാത്യു ടി തോമസ് പടിയറങ്ങുമ്പോൾ ഭരണകാര്യങ്ങളിൽ അതീവ ഗൗരവത്തോടെ ഇടപെടൽ നടത്തിയ മന്ത്രിയാണ് പടിയിറങ്ങുന്നത്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മാത്യു ടി തോമസ് തുടരുമെന്നതിനാൽ ജനതാദളിൽ ഇത് കാരണം പിളർപ്പുമുണ്ടാകില്ല.

സമരസപ്പെടുകയല്ല, സമരം ചെയ്യുകയാണ് വേണ്ടതെന്ന് പ്രഖ്യാപിച്ച ലോക് നായക് ജയപ്രകാശ് നാരായണനെ ആരാധിക്കുന്ന നേതാവാണ് മാത്യു ടി. തോമസ്. പക്ഷേ അധികാരത്തിന് വേണ്ടി പോരാട്ടത്തിന് മാത്യു ടി തോമസ് തയ്യാറല്ല. അതുകൊണ്ടാണ് രണ്ടാമത് തവണയും മന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നത്. ആദ്യത്തെ രാജി രാഷ്ട്രീയതീരുമാനമാണെങ്കിൽ ഒടുവിലത്തേത് വ്യക്തി തർക്കങ്ങളിലേക്ക് വഴിമാറിയിരുന്നുവെന്നതാണ് വ്യത്യാസം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ചേരാത്ത ഇടപെടലുകളാണ് ഉണ്ടായത്. നേതാക്കളുടെ ഇഷ്ടത്തിന് വഴങ്ങി സ്ഥലം മാറ്റങ്ങൾക്ക് കൂട്ടു നിൽക്കാത്തതും ബന്ധുത്വ നിയമനങ്ങൾക്ക് കൂട്ടു നിൽക്കാത്തതുമെല്ലാം മാത്യു ടി തോമസിന് വിനയായി. ദേവഗൗഡയുടെ ദേശീയ നേതൃത്വത്തിന്റെ ആവശ്യങ്ങൾ നടത്തികൊടുക്കാനും മാത്യു ടി തോമസെന്ന സോഷ്യലിസ്റ്റിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യങ്ങളാണ് പിണറായി മന്ത്രിസഭയിലെ സൗമ്യ മുഖത്തിന് വിനയാകുന്നത്.

വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കെഎസ് ആർ ടിസിയുടെ ചുമതല ഗതാഗത മന്ത്രിയായിരുന്ന മാത്യു ടി തോമസിനായിരുന്നു. അന്ന് ഏറെ നേട്ടങ്ങൾ കെ എസ് ആർ ടി സിയുണ്ടാക്കി. ഇതിനിടെയാണ് വീരേന്ദ്രകുമാർ യുഡിഎഫിലേക്ക് ചുവട് മാറിയത്. ഇതോടെ പാർട്ടിക്കൊപ്പം ജോസ് തെറ്റയലിനെ അടുപ്പിച്ച് നിർത്താൻ മന്ത്രിസ്ഥാനം മാത്യു ടി തോമസ് ഒഴിഞ്ഞു. അത് സ്വയം എടുത്ത തീരുമാനമായിരുന്നു. എന്നാൽ ഇത്തവണ പുകച്ച് പുറത്തു ചാടിക്കുകയായിരുന്നു. തീരുമാനമെടുത്ത ചർച്ചയിൽനിന്നു വിട്ടുനിന്ന് മാത്യു ടി. തോമസ് പ്രതിഷേധം വ്യക്തമാക്കിയെങ്കിലും പാർട്ടിനിർദ്ദേശം അംഗീകരിക്കുമെന്ന് പിന്നീട് അറിയിച്ചു.

ദൾ എംഎൽഎമാരായ കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ബെംഗളൂരുവിൽ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായി നടത്തിയ ചർച്ചയിലാണു പ്രഖ്യാപനമുണ്ടായത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ, രണ്ടര വർഷത്തിനു ശേഷം ദളിന്റെ മന്ത്രിപദം കെ. കൃഷ്ണൻകുട്ടിക്കു കൈമാറാൻ ധാരണയുണ്ടായിരുന്നെന്നു ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗികമായി കത്ത് കൈമാറും. ഇടതു മുന്നണി കൺവീനറെയും മുഖ്യമന്ത്രിയെയും ഫോണിൽ തീരുമാനം അറിയിച്ചിട്ടുണ്ട്. മാത്യു ടി.തോമസ് എതിർപ്പൊന്നുമില്ലാതെ ഇക്കാര്യം അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിമാരിൽ ഒരാളാണു മാത്യു.ടി തോമസ്. എന്നാൽ ദേശീയ- സംസ്ഥാന നേതൃത്വം നേരത്തേയെടുത്ത തീരുമാനപ്രകാരം മന്ത്രിയെ മാറ്റേണ്ടത് അനിവാര്യമായിരുന്നുവെന്ന് ഡാനിഷ് അലി പറയുന്നു. എന്നാൽ മന്ത്രിപദം വച്ചുമാറാമെന്ന ധാരണ ഇല്ലെന്ന നിലപാടിലായിരുന്നു മാത്യു ടി. തോമസ്. മൂന്നാഴ്ച മുമ്പ് ഗൗഡ 3 എംഎൽഎമാരുടെയും യോഗം വിളിച്ചപ്പോൾ പങ്കെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ ആ നീക്കവും പൊളിഞ്ഞു. ഔദ്യോഗിക വസതിയിലെ മുൻതാൽക്കാലിക ജീവനക്കാരി തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ നൽകിയ പരാതിക്കു പിന്നിൽ മന്ത്രിസ്ഥാനമോഹികളുടെ താൽപര്യമാണെന്ന പ്രതിഷേധത്തിലായിരുന്നു അദ്ദേഹം. പിന്നിൽ കൃഷ്ണൻകുട്ടിയാണെന്നും ആരോപിച്ചു. മൂന്നംഗ നിയമസഭാകക്ഷിയിലെ 2 പേരും മറുവശത്തായതോടെ കേന്ദ്രനേതൃത്വത്തിനു തീരുമാനം എളുപ്പമായി.

തിരുവല്ലയിലെ വസതിയിലായിരുന്ന മാത്യു ടി തോമസ് ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയെങ്കിലും രാത്രിയോടെ തലസ്ഥാനം വിട്ട മുഖ്യമന്ത്രി തിങ്കളാഴ്ചയേ തിരിച്ചെത്തൂ. മുഖ്യമന്ത്രിയുടെ സൗകര്യാർഥം രാജിക്കത്തു സമർപ്പിക്കുമെന്നു മാത്യു ടി. തോമസ് അറിയിച്ചു. പകരം മന്ത്രിയായി നിർദ്ദേശിക്കപ്പെട്ട കെ. കൃഷ്ണൻകുട്ടിയും മുഖ്യമന്ത്രിയെ കാണാൻ അനുവാദം തേടി. ഈ കൂടിക്കാഴ്ചകൾക്കുശേഷം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കും. ജനതാദളി(എസ്)ന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് വി എസ്. സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന മാത്യു ടി. തോമസ് ആദ്യം രാജിവെച്ചത്. പാർട്ടി പിളർന്ന് എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടതുമുന്നണി വിട്ടപ്പോൾ മാത്യു ടി. തോമസ് അവർക്കൊപ്പം പോയില്ല. പിന്നീട് ജോസ് തെറ്റയിൽ മന്ത്രിയായി.

'പാർട്ടിക്ക് ഗുണമില്ലാത്ത മന്ത്രി' എന്നതായിരുന്നു മാത്യു ടി തോമസിനെ കൃഷ്ണൻകുട്ടി ദേശീയ നേതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. പാർട്ടിയോഗങ്ങളിൽ മന്ത്രി പങ്കെടുക്കാറില്ലെന്നതിന് മിനുറ്റ്സിന്റെ പകർപ്പടക്കം ദേശീയനേതാക്കൾക്ക് മുമ്പിൽ തെളിവായെത്തി. പാർട്ടിക്കുള്ളിൽ പിന്തുണയില്ലാതെ മാത്യു ടി. തോമസ് ഒറ്റപ്പെട്ടു. മന്ത്രിയെ മാറ്റണമെന്ന് സംസ്ഥാനകമ്മിറ്റി പ്രമേയം പാസാക്കി. ഇത് സംസ്ഥാനഘടകം മാത്യു ടി. തോമസിനൊപ്പമല്ലെന്ന് ദേശീയനേതാക്കളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. മന്ത്രിയുടെ ബന്ധുക്കൾക്കെതിരേ വീട്ടുജോലിക്കാരി പരാതിയുമായി എത്തി. മന്ത്രിയെ മാറ്റാനുള്ള നിർണായക തീരുമാനമെടുക്കുന്ന ചർച്ചയിലും ദേവഗൗഡ ഇരുനേതാക്കളെയും വിളിച്ചിരുന്നു. തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പമിരുന്നുള്ള ചർച്ചയ്ക്കില്ലെന്ന നിലപാടാണ് മാത്യു ടി. തോമസ് സ്വീകരിച്ചത്.