തിരുവനന്തപുരം: ഒന്നിച്ചു സഞ്ചരിച്ചതിനു കാമുകിയുടെ വീട്ടുകാർ പിടികൂടിയതിനു പിന്നാലെ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ബികോം വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലച്ചോർ കലങ്ങിയതും തലയ്ക്കും സമീപഭാഗങ്ങളിലുമുണ്ടായ ആഴത്തിലുള്ള നാലു മുറിവുകളുമാണു മരണകാരണമായതെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൃഷ്ണനുണ്ണിയുടെ മരണത്തിൽ കൊലപാതക സാധ്യത തള്ളിക്കളയാതെയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. അതേസമയം, വ്യക്തമായ ഉത്തരം കിട്ടാതെ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

വേഗത്തിൽ വന്ന ഭാരമുള്ളതും ചലിക്കുന്നതുമായ ഒരു വസ്തുവിൽ നിന്നേറ്റ ഇടിയുടെ ആഘാതമാണ് തലച്ചോറിന് ക്ഷതമേൽക്കാൻ കാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പേട്ട റെയിൽവേ ട്രാക്കിൽനിന്നു ലഭിച്ച മൃതശരീരത്തിൽ 25ൽപ്പരം മുറിവുകളുണ്ടായിരുന്നതായും പൊലീസ് പറയുന്നു. കൃഷ്ണനുണ്ണി ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

കൃഷ്ണനുണ്ണിയുടെ ശരീരത്തിൽ 25ഓളം മുറിവുകളുണ്ടായിരുന്നുവെന്നും പോസ്റ്റ്മാർട്ടം റിപ്പോർടിൽ പറയുന്നു. ശരീരത്തിലെ 1,3,4 എന്നീ മുറിവുകൾ വളരെ സാരമുള്ളതായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയുടെ വലത് ഭാഗത്തായി കാണപ്പെട്ട ഈ മുറിവുകൾ തന്നയാണ് മരണ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. 8,23 എന്നീ മുറിവുകൾ പരിശോധിച്ചാണ് വലിയ ആഘാതമേറ്റതിനെ തുടർന്ന് സംഭവിച്ചതാണെന്നും റിപ്പോർടിൽ പറയുന്നു. കയ്യിൽ ധരിച്ചിരുന്ന സിൽവർ നിറത്തിലുള്ള ഒരു മോതിരവും കൃഷ്ണനുണ്ണിന്റെ അന്നനാളത്തിൽനിന്നു ലഭിച്ചിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ഇടത് ചെവിയിൽ നിന്നും രക്തം പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു എന്നും റിപ്പോർടിൽ പറയുന്നുണ്ട്.

മാർച്ച് 30നാണ് കൃഷ്ണനുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണനുണ്ണിയും കാമുകിയും ചേർന്നു പേരൂർക്കട വഴയിലയിലുള്ള പെൺകുട്ടിയുടെ ഒരു ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്ന വഴിയിൽ അവിടെനിന്നും വന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയും ഇരുവരേയും കാണുകയായിരുന്നു. ഇത് കണ്ട ഉടനെ തന്നെ പെൺകുട്ടിയുടെ അമ്മ കയ്യിലുണ്ടായിരുന്ന മണിപേഴ്സുകൊണ്ട് ആദ്യം പെൺകുട്ടിയേയും പിന്നീട് കൃഷ്ണനുണ്ണിയേയും മർദ്ദിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പൊലീസിന് നൽകിയ മൊഴി.

പെൺകുട്ടിക്ക് കൃഷ്ണനുണ്ണി ഒരു സിംകാർഡ് നൽകിയിരുന്നുവെന്നും ഇത് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഫോൺവിളിയുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയോടൊപ്പം കണ്ട ശേഷം പിന്നീട് കൃഷ്ണനുണ്ണി വീട്ടിൽ പോയിട്ടില്ല. സാധാരണയായി വൈകുന്നേരങ്ങളിൽ നേരത്തെ തന്നെ വീട്ടിലെത്തുന്ന പ്രകൃതമായിരുന്നു കൃഷ്ണനുണ്ണിക്കെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ അന്ന് വൈകുന്നേരം ഏറെ വൈകിയിട്ടും വട്ടിലെത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ കൃഷ്ണനുണ്ണിയെ കാണാനില്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചത് നാട്ടുകാർ കണ്ടതിലെ നാണക്കേടാകും ആത്മഹത്യ ചെയ്യാൻ കാരണമെന്ന രീതിയിൽ പ്രചാരണവും നാട്ടിൽ നടക്കുന്നുണ്ട്. കൃഷ്ണനുണ്ണി ആത്മഹത്യ ചെയ്യില്ലെന്ന നിലപാട് തന്നെയാണ് സുഹൃത്തുക്കൾക്ക് ഉള്ളത്. കൃഷ്ണനുണ്ണിയെ മർദ്ദിച്ചവശനാക്കിയ ശേഷം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചതാണോ എന്ന സംശയം ഉയരുന്നുണ്ട്. ഏകദേശം 32 ട്രെയിനുകളാണ് ഈ സമയം തിരുവനന്തപുരം റെയിൽവേസ്റ്റേഷനിലേക്കും അവിടെ നിന്നും പുറപെട്ടിട്ടുള്ളത്. കൃഷ്ണനുണ്ണിയെ തട്ടിയത് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ട്രെയിൻ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സമയം ഇത് വഴി കടന്ന് പോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാരുടെ മൊഴി രേഖപ്പെടുത്തുമെന്നും അസ്വഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ സംഘം മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം കൃഷ്ണനുണ്ണിയുടെ വീട്ടുകാരും സുഹൃത്തുക്കളും സിറ്റി പൊലീസ് കമ്മീഷണർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും പെൺകുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്യാനോ ഇനി ആത്മഹത്യ ആണെങ്കിൽ തന്നെ അതിന് പ്രേരണാക്കുറ്റത്തിന് കേസ് എടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല. വലിയ സ്വാധീനങ്ങളുള്ള ആളാണ് പെൺകട്ടിയുടെ പിതാവെന്നതിനാൽ കേസ് എങ്ങുമെത്തില്ലെന്ന ആശങ്കയുമുണ്ട് സുഹൃത്തുക്കൾക്ക്. കൃഷ്ണനുണ്ണിക്ക് നീതി ലഭിക്കണമെന്ന വലിയ ക്യാമ്പയിൻ തന്നെ നടന്നിരുന്നു.

അവൻ ആത്മഹത്യ ചെയ്യില്ല, അവനെ ജീവനുതുല്യം സ്നേഹിക്കുന്ന വീട്ടുകാരുണ്ട്, കൂട്ടുകാരുണ്ട്... എല്ലാത്തിലുമുപരിയായി അവന് വേണ്ടിമാത്രം ജീവിക്കുന്ന പ്രണയിനിയുണ്ട്.. അതുകൊണ്ട്, അതുകൊണ്ടുമാത്രം അവൻ ആത്മഹത്യ ചെയ്യില്ലെന്നുമാണ് സുഹൃത്തുക്കൾ സോഷ്യൽ മീഡിയായിലെ ജസ്റ്റിസ് ഫോർ വിഷ്ണുവെന്ന ഹാഷ് ടാഗിൽ എഴുതിയിരിക്കുന്നത്. കൃഷ്നുണ്ണിക്ക് എന്ത് അപകടം സംഭവിച്ചാലും അത് തന്റെ അച്ഛനറിയാതെ നടക്കില്ലെന്ന് കൃഷ്ണനുണ്ണിയുടെ കാമുകിയും വിശ്വസിക്കുന്നുണ്ടെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. തീവ്രമായ പ്രണയമായിരുന്നു കൃഷണനുണ്ണിയും പെൺകുട്ടിയും തമ്മിലെന്ന് സുഹൃത്തുക്കൾക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൃഷ്ണനുണ്ണി ബന്ധമുപേക്ഷിക്കാമെന്ന് തമാശക്ക് പറഞ്ഞപ്പോൾ കൈഞരമ്പ് മുറിച്ച് ആ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.