കോട്ടയം: മഴക്കാലമായതോടെ വൈദ്യുതി ദുരന്തങ്ങളും തുടരുന്നു സംസ്ഥാനത്ത് കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട് 45 അപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ. 25 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കെഎസ്ഇബിയുടെ സേഫ്റ്റി മാനേജ്‌മെന്റ് ആൻഡ് റിപ്പോർട്ടിങ് ടൂൾ (സ്മാർട്ട്) ആപ്ലിക്കേഷനിലെ റിപ്പോർട്ട് പ്രകാരം ഈ വർഷം ഇതുവരെ 331 അപകടങ്ങളിലായി 173 പേരാണ് മരിച്ചത്.

ഇതിനിടെ തെരുവു വിളക്കിലെ ബൾബ് മാറ്റുന്നതിനിടെ കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചത് വൈദ്യുതാഘാതമേറ്റിട്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. കണ്ണംകുന്ന് മീൻതത്തിക്കൽ എം ടി. രാജുവിന്റെ മകൻ ഷിന്റോ എം.രാജു( 29) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശരീരത്തിൽ കാര്യമായ പൊള്ളൽ ഏറ്റിരുന്നില്ല. കുഴഞ്ഞുവീണതാണോ അതോ വൈദ്യുതാഘാതമേറ്റതാണോ എന്നു സംശയം ഉയർന്നിരുന്നു. ഇതാണ് മാറുന്നത്.

സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തും. വൈദ്യുതി വകുപ്പ് സെക്ഷനിൽ അറിയിക്കാതെയാണ് കരാർ ഏറ്റെടുത്തവർ ജോലി ചെയ്തതെന്നു വൈദ്യുതി ബോർഡ് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഇത് തട്ടിപ്പാണെന്ന വാദവും ശക്തമാണ്. ബോർഡിലെ ജീവനക്കാരെ രക്ഷിച്ച് കരാർ ജീവനക്കാരെ ബലിയാടാക്കാനുള്ള ശ്രമമെന്നാണ് സൂചന. ഇതോടെ അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആനുകൂല്യം പോലും നഷ്ടമാകും. ജോലിക്കിടെ മരിക്കുന്ന ബോർഡ് ജീവനക്കാർക്ക് വേണ്ടി വാദിക്കുന്നവരാണ് സ്വയം രക്ഷപ്പെടാൻ ഒറ്റു കൊടുക്കൽ നടത്തുന്നത്.

ബന്ധപ്പെട്ട ജീവനക്കാരന്റെ അസാന്നിധ്യത്തിലാണ് പണി നടന്നതെന്നാണ് സൂചന. ഈ പിഴവു മറയ്ക്കാനാണ് ഷിന്റോയുടെ തലയിൽ കുറ്റം ചാർത്തുന്നത്. എൽടി വൈദ്യുത ലൈനുകൾ പൊട്ടിവീണാൽ നിലത്ത് വീഴാതെ തടഞ്ഞുനിർത്തുന്ന ഗാർഡിങ് വേണമെന്നാണ് ചട്ടം. മറ്റ് പല സംസ്ഥാനങ്ങളിലും ഇത് ഉണ്ടെങ്കിലും സംസ്ഥാനത്ത് വളരെ കുറച്ച് സ്ഥലങ്ങളിലാണ് ഇത് ഉള്ളത്. ലൈനുകൾ സുരക്ഷിതമാക്കുന്ന ഗാർഡിങ് ഉണ്ടെങ്കിൽ എൽടി ലൈൻ പൊട്ടിവീണുള്ള അപകടങ്ങൾ ഇല്ലാതാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതാണ് പല അപകടങ്ങൾക്കും കാരണം.

അതിനിടെ പുറത്തു വരുന്ന അപകടക്കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓഗസ്റ്റ് ഒന്നു മുതൽ ഇന്നലെ വരെ മരിച്ചവരിൽ 20 പേർ പൊതുജനങ്ങളും ഒരാൾ ബോർഡ് ജീവനക്കാരനും ഒരാൾ കരാർ തൊഴിലാളിയുമാണ്. വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് 32 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 12 പേർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു. വീടുകളിലുണ്ടായ 12 അപകടങ്ങളിൽ 10 പേർ മരിച്ചു.

2 പേർക്കു ഗുരുതരമായി പരുക്കേറ്റു. കോട്ടയം ജില്ലയിൽ ഈ കാലയളവിൽ 4 മരണങ്ങൾ ഉണ്ടായി. 3 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ 331 അപകടങ്ങളിലായി 173 പേരാണ് മരിച്ചത്. 158 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 8 പേർ ബോർഡ് ജീവനക്കാരും 14 പേർ കരാർ ജീവനക്കാരുമാണ്.

കോട്ടയം, ചങ്ങനാശേരി, വൈക്കം, ഏറ്റുമാനൂർ നഗരസഭാ മേഖലകളിലെ വൈദ്യുത ലൈനുകൾ കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി എബിസി കേബിൾ, പൂർണമായും പൊതിഞ്ഞ കേബിൾ, ഭൂമിക്ക് അടിയിലൂടെ കേബിൾ എന്നിവയാക്കാനാണ് തീരുമാനം. കാലവർഷ അപകടങ്ങൾ ഇത് കുറയ്ക്കും. നിർമ്മാണ സ്ഥലങ്ങളിൽ വൈദ്യുതി സുരക്ഷ സംബന്ധിച്ച് ക്ലാസുകൾ നടത്താനും തീരുമാനമുണഅട്.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അധികൃതർക്കൊപ്പം കെഎസ്ഇബി വിതരണ വിഭാഗം ഉദ്യോഗസ്ഥരും സുരക്ഷാ പരിശോധനകൾ നടത്തും. പാടശേഖര മേഖലകളിൽ വൈദ്യുതി വിതരണം സുരക്ഷിതമാക്കാൻ പൂർണമായും പൊതിഞ്ഞ കേബിളുകൾ സ്ഥാപിക്കും. പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവർ നിർബന്ധമായും ബോർഡ് നിഷ്‌കർഷിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ നിർദേശിക്കും.

വൈദ്യുതി സുരക്ഷ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനു സ്‌കൂൾ പാഠ്യപദ്ധതിയിൽ വൈദ്യുതി സുരക്ഷയും പാഠ്യ വിഷയം ആക്കുന്നതിനു ബോർഡ് തലത്തിൽ ശ്രമം നടത്തുന്നുണ്ട്.