തിരുവനന്തപുരം: സർക്കാർ കനിഞ്ഞില്ലെങ്കിൽ വൈദ്യുത ചാർജ് ഭീമമായി ഉയരും. നിരക്കിനൊപ്പം ഫിക്‌സഡ് ചാർജും കൂട്ടാനാണ് നീക്കം. ജീവനക്കാരുടെ വർദ്ധിപ്പിച്ച ശമ്പളം അടക്കം കൊടുക്കാൻ കെ എസ് ഇ ബിക്ക് ഇത് അനിവാര്യതയാണ്. വൈദ്യുതിനിരക്കിൽ ഏപ്രിൽ മുതൽ ഒരുരൂപ കൂട്ടാൻ കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഫിക്‌സഡ് ചാർജും കുത്തനെ ഉയരും. കെ എസ് ഇ ബിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാർ ഗ്രാന്റ് അനുവദിച്ചാൽ നിരക്ക് വർദ്ധനയിൽ നിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാം. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അതിന് സാധ്യത കുറവാണ്.

വീടുകൾക്ക് 19.8 ശതമാനമാണ് വർധന പ്രതീക്ഷിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് 21 ശതമാനവും വൻകിട വ്യവസായങ്ങൾക്ക് 13 ശതമാനവും കൂട്ടാനാണ് ശുപാർശ. ഇതോടെ വലിയ വർദ്ധന വൈദ്യുതി നിരക്കിലുണ്ടാകും. ഫിക്‌സഡ് ചാർജിലും വൈദ്യുതിനിരക്കിലും ശുപാർശചെയ്യുന്ന വർധന ഒരുമിച്ച് കണക്കാക്കുമ്പോൾ വീടുകൾക്ക് 95 പൈസയും ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട വ്യവസായങ്ങൾക്ക് 1.10 രൂപയും കൃഷിക്ക് 46 പൈസയും അധികബാധ്യത ഓരോ യൂണിറ്റിലും ഉണ്ടാവും.

ഇതെല്ലാം ചേർത്താൽ വിൽക്കുന്ന ഓരോ യൂണിറ്റിനും ശരാശരി 99 പൈസ ബോർഡിന് അധികമായി കിട്ടും. വില വർദ്ധനവിന് പോലും സാഹചര്യമൊരുക്കുന്നതാകും ഈ വർദ്ധന. ന്യായമില്ലാത്ത വിധം ശമ്പളം കൂട്ടുന്നതാണ് ബോർഡിനെ പ്രതിസന്ധിയിലാക്കുന്നത്. വീടുകളിൽ കുറഞ്ഞനിരക്ക് 1.50 ആയി തുടരും. ഇത് ബി.പി.എൽ. വിഭാഗങ്ങൾക്കാണ്. പൊതുവിഭാഗത്തിലെ കുറഞ്ഞനിരക്ക് 3.15 രൂപയിൽനിന്ന് 3.50 രൂപയായും കൂടിയത് 7.90 രൂപയിൽനിന്ന് 8.20 ആയും കൂട്ടണമെന്നാണ് ശുപാർശ.

ഫിക്‌സഡ് ചാർജ് സിംഗിൾ ഫേസിൽ ഇരട്ടിയും ത്രീഫേസിൽ ഇരട്ടിയിലേറെയും കൂട്ടാനാണ് ശുപാർശ. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ടതാണ് ഫിക്‌സഡ് ചാർജ്. ചെറുകിട വ്യവസായങ്ങൾക്കുള്ള ഫിക്‌സഡ് ചാർജിൽ 50 രൂപവരെയും വൻകിട വ്യവസായങ്ങളുടെ ഡിമാൻഡ് ചാർജിൽ 60 രൂപയും കൂട്ടണം. 2022-23ൽ കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്ന നഷ്ടം 2809 കോടി രൂപയാണ്. നിരക്കുവർധനയിലൂടെ 2277.52 കോടിയേ കിട്ടൂ എന്നാണ് കണക്കാക്കുന്നത്.

അഞ്ചുവർഷത്തിൽ വീടിനും കൃഷിക്കും നിരക്ക് ക്രമമായി കൂട്ടണമെന്നും വ്യവസായങ്ങൾക്ക് ക്രമമായി കുറയ്ക്കണമെന്നുമാണ് ബോർഡ് സ്വീകരിച്ചിരിക്കുന്ന നയം. ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂട്ടാനുള്ള അനുമതിക്കായി കെ.എസ്.ഇ.ബി.ഇന്നലെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. വിദേശത്തു നിന്ന് തിരിച്ചെത്തിയ റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് കോവിഡ് നിരീക്ഷണത്തിലായതിനാൽ അപേക്ഷയിൽ മറ്റ് നടപടികളെടുക്കുകയോ, വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുകയോ ചെയ്തിട്ടില്ല.

വരും ദിവസങ്ങളിൽ അപേക്ഷ വെബ് സൈറ്റിൽ പ്രദർശിപ്പിക്കും. തുടർന്ന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തിയായിരിക്കും താരിഫ് പരിഷ്‌ക്കരണത്തിൽ അന്തിമ തീരുമാനമെടുക്കുക. വരവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന എ.ആർ.ആർ. പെറ്റീഷനും നിരക്ക് കൂട്ടാൻ അനുമതി തേടുന്ന താരിഫ് പെറ്റീഷനും ഉൾപ്പെടെ കെ.എസ്.ഇ.ബി. നൽകിയ അപേക്ഷയിൽ രണ്ടു ഭാഗങ്ങളാണുള്ളത്.2021 വരെ 8719 കോടി നഷ്ടമാണ് പറയുന്നത്. 2022-23ൽ 2809.17കോടിയും 2027 വരെ ഓരോ വർഷവും 3986.15കോടി, 4136.94കോടി, 4629.72കോടി, 5135.77കോടി എന്നിങ്ങിനെ വരവും ചെലവും തമ്മിൽ അന്തരമുണ്ടാകും.

അതനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതിയുടെ വിലയിൽ 2022-23ൽ 1.19രൂപയും പിന്നെ 2027 വരെയുള്ള വർഷങ്ങളിൽ1.55രൂപ,1.54രൂപ,1,54രൂപ,1,64രൂപ,1,78രൂപ എന്നിങ്ങനെ അധികച്ചെലവുണ്ടാകുമെന്നും പറയുന്നു. ഈ അവകാശവാദം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച ശേഷമായിരിക്കും താരിഫ് വർദ്ധന വേണമെന്ന അപേക്ഷയിലെ തെളിവെടുപ്പ്.

വൻകിട വ്യവസായങ്ങൾക്കുള്ള ശുപാർശ (പഴയത് ബ്രാക്കറ്റിൽ)

ഡിമാൻഡ് ചാർജ്: 380-400 (320-340)
വൈദ്യുതിനിരക്ക്: 5.50-6.00 (5.00-5.55)

ചെറുകിട വ്യവസായങ്ങൾക്കുള്ള ശുപാർശ

ഫിക്‌സഡ് ചാർജ്: 160-210 (120-170)
വൈദ്യുതി നിരക്ക്: 6.15-6.70 (5.65-6.25)

കൃഷി

ഫിക്‌സഡ് ചാർജ്: 25.00 (10.00)
വൈദ്യുതി നിരക്ക് 3.30 (2.80)