- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ചട്ട പ്രകാരം എൻജിനീയറും സൂപ്പർവൈസറും ആകാൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അഥവാ ഐടിഐ യോഗ്യത വേണം; സുപ്രീംകോടതി വിധിയിലൂടെ കേരളം മറി കടക്കുന്നത് ഈ സുരക്ഷാ മാനദണ്ഡം; ഇനി പത്താം ക്ലാസ് തോറ്റവർക്കും കെ എസ് ഇ ബിയിൽ നല്ലകാലം; നിരക്കും ബാധ്യതയും കൂട്ടാൻ 4230 പേരുടെ പ്രമോഷൻ
തിരുവനന്തപുരം: കെഎസ്ഇബിയിൽ ഒറ്റയടിക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പോകുന്നത് 4,230 പേർക്ക്. 2013 ന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതോടെ ചെലവ് വീണ്ടും കൂടും. പത്താം ക്ലാസ് തോറ്റവർക്കും ലക്ഷങ്ങളുടെ ശമ്പളം ഉറപ്പാകും. ഇത് അധിക ബാധ്യതയായി മാറും. സർവീസ്, സ്ഥാനക്കയറ്റ വിഷയങ്ങളും മേലധികാരികൾക്കെതിരെ ആരോപണങ്ങളുമായി ജീവനക്കാർ നടത്തിയ അനിശ്ചിതകാല സമരം ഒത്തുതീർന്നതിനു തൊട്ടുപിന്നാലെയാണ് ഈ തീരുമാനവും വരുന്നത്.
എന്നാൽ ഇത് ജീവനക്കാരുടെ സമരത്തിന്റെ വിജയമല്ല. മറിച്ച് സുപ്രീംകോടതിയുടെ ഇടപെടൽ കാരണമാണ്. 10 ദിവസത്തിനുള്ളിൽ ഇതിനുള്ള നടപടി പൂർത്തിയാക്കാനാണ് കെഎസ്ഇബി ചെയർമാന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം. ലൈന്മാൻ ഗ്രേഡ് ഒന്ന്, ലൈന്മാൻ ഗ്രേഡ് രണ്ട്, ഓവർസീയർ, സബ് എൻജിനീയർ വരെയുള്ളവർ പ്രമോഷൻ ലഭിക്കും. ഇനിയും വൈദ്യുത നിരക്ക് കൂട്ടേണ്ട സാഹചര്യമാകും ഇതുണ്ടാക്കുക. 2010 ലെ സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റി ചട്ടങ്ങളിൽ ഇളവു നൽകി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചോദ്യം ചെയ്തത്. ഇതിൽ സുപ്രീംകോടതി വിധി ജീവനക്കാർക്ക് അനുകൂലമായി.
സർക്കാർ നിലപാട് കൂടി പരിഗണിച്ചാണ് സുപ്രീംകോടതി ഈ തീരുമാനം എടുത്തത്. കെ എസ് ഇ ബിയുടെ കട ബാധ്യതയും മറ്റും പരിഗണിച്ചിട്ടില്ല. ഇക്കാര്യം സർക്കാരും ഉയർത്തിയില്ല. കേന്ദ്ര ചട്ട പ്രകാരം വൈദ്യുതി നിലയങ്ങളിൽ എൻജിനീയർ, സൂപ്പർവൈസർ തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് എൻജിനീയറിങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അഥവാ ഐടിഐ യോഗ്യത വേണമെന്നാണ് വ്യവസ്ഥ. എന്നാൽ മാത്രമേ സൂപ്പർവൈസറി പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം നൽകാൻ പാടൂള്ളു.
കേരളത്തിൽ ആർക്കും പ്രെമോഷൻ കിട്ടുന്ന വിധമായിരുന്നു ഉത്തരവ്. നിലവിൽ ജോലിചെയ്യുന്നവർക്ക് ഇളവ് നൽകി 2019 ൽ സർക്കാർ ഇറക്കിയ ഉത്തരവാണ് കോടതി കയറിയത്. സർക്കാർ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമെന്നായിരുന്നു ഹർജിയിലെ ആരോപണം. യോഗ്യത കുറഞ്ഞവർ നടപടി സ്വീകരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന സുരക്ഷാപ്രശ്‌നവും കോടതിയിൽ ഉന്നയിച്ചു. ഇതൊന്നും കോടതി കാര്യമായി എടുത്തില്ല. മറിച്ച് സർക്കാരിന്റെ വാദങ്ങൾ പരിഗണിക്കുകയും ചെയ്തു.
കെഎസ്ഇബിയിൽ സ്ഥാനക്കയറ്റത്തിന് സർക്കാർ നൽകിയ ഇളവുകൾ ചോദ്യം ചെയ്ത് ചിലർ നൽകിയ കേസുകൾ അതുകൊണ്ട് തന്നെ ഫലം കണ്ടില്ല. ഹർജികൾ സുപ്രീംകോടതി തള്ളുകയും സർക്കാർ നിലപാട് ശരിവയ്ക്കുകയും ചെയ്തതോടെയാണ് കൂട്ടസ്ഥാനക്കയറ്റത്തിന് വഴിതെളിഞ്ഞത്. ഇളവുകൾ നൽകാനുള്ള സർക്കാർ തീരുമാനം സുപ്രീംകോടതി കഴിഞ്ഞദിവസം ശരിവച്ചു. വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെയായിരുന്നു ചില വ്യക്തികളുടെ അപ്പീലുകൾ.
കേരളത്തിലെ കെഎസ്ഇബി ജീവനക്കാരുടെ പ്രവർത്തന മികവു വളരെ ഉയർന്നതെന്നാണ് ബോർഡ് സുപ്രീംകോടതിയെ ധരിപ്പിച്ചത്. ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങൾ പ്രകൃതിദുരന്തങ്ങളിൽ കെഎസ്ഇബി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയത് അതിന് ഉദാഹരണമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി അപകടങ്ങൾ കേരളത്തിൽ കുറവാണെന്നും കണക്കുകൾ നിരത്തി കെഎസ്ഇബി വാദിച്ചു. ഇതെല്ലാം കെ എസ് ഇ ബി ചെയർമാൻ ബി അശോകും സോഷ്യൽ മീഡിയയിൽ ഈയിടെ ചർച്ചയാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ