തിരുവനന്തപുരം: വൈദ്യുതി വിവാദത്തിൽ മഞ്ഞുരുകലിന് സിഐടിയു അനുവദിക്കില്ല! കെ എസ് ഇ ബി ചെയർമാൻ ബി അശോകുമായി സഹകരിക്കാൻ ആരേയും അവർ സമ്മതിക്കില്ല. കറണ്ടിന്റെ വേഗതയിൽ കുറിക്ക് കൊള്ളുന്ന സന്ദേശങ്ങൾ ജനമനസ്സുകളിലേക്ക് പകർന്ന് നൽകാൻ കേരള കാർട്ടൂൺ അക്കാദമിയുമായി കൈകോർത്ത് കെ.എസ്.ഇ.ബി എൽ ദ്വിദിനകാർട്ടൂൺ ക്യാമ്പ് നടത്തിയതും സിഐടിയുവിന് പിടിച്ചില്ല. അവർ സമരം പ്രഖ്യാപിച്ചു.

വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും മുൻ മന്ത്രി എം.എം മണിയും കാർട്ടൂണിസ്റ്റുകളുമായി നടത്തുന്ന ആശയം സംവാദത്തോടെ 24 ന് ക്യാമ്പ് സമാപിക്കാനായിരുന്നു അശോകന്റെ പദ്ധതി. ഈ പരിപാടിയോടെ എംഎം മണിയും അശോകനും തമ്മിലെ ആശയ ഭിന്നതകളെല്ലാം മാറുമെന്ന് സിഐടിയുക്കാർ മുൻകൂട്ടി കണ്ടു. ഇതാണ് വൈദ്യുത ബോർഡിന് മുമ്പിലെ ഇന്നത്തെ സമരമെന്നാണ് പൊതുവിൽ ഉയരുന്ന വാദം. ചിരി സല്ലാപം എന്ന പേരിൽ കൃഷ്ണൻകുട്ടിയും മണിയും തമ്മിൽ മാധ്യമ പ്രവർത്തകരുമായുള്ള സംവാദവും നടത്തുന്നുണ്ട്. ഈ പരിപാടിയോടെ കെ എസ് ഇ ബിയുമായി മണിക്കുള്ള എല്ലാ പിണക്കവും മാറുമെന്നായിരുന്നു പ്രതീക്ഷ.

ഇതിനിടെയാണ് സിഐടിയു സമരവുമായി എത്തുന്നത്. ജനങ്ങളുമായി നിരന്തര ബന്ധം പുലർത്തുന്ന ഒരു സ്ഥാപനമെന്ന നിലയിൽ ഫലപ്രദമായ രീതിയിൽ ജനമനസ്സുകളിൽ അത്യാവശ്യ വിവരങ്ങൾ കാർട്ടൂണിലൂടെ കോറിയിടാനുള്ള സാധ്യതകളാണ് കാർട്ടൂൺ ക്യാമ്പിലൂടെ അശോകൻ ലക്ഷ്യമിട്ടത്. പ്രമുഖരായ 20 കാർട്ടൂണിസ്റ്റുകൾ ഈ വേദിയിൽ ആശയങ്ങൾ പങ്കുവയ്ക്കും. കൗതുകകരമായ രീതിയിൽ സുരക്ഷിത വൈദ്യുതി ഉപഭോഗത്തേയും, ഊർജ്ജസംരക്ഷണത്തേയും കുറിച്ചുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കാർട്ടൂൺ ചിത്രങ്ങൾ ക്യാമ്പിലൂടെ തെളിയിച്ചെടുക്കാനുള്ള ശ്രമം. ഇതിനൊപ്പം മണിയുടെ മനസ്സ് അനുകൂലമാക്കലും.

നേരത്തെ വൈദ്യുതി ബോർഡ് ചെയർമാന്റെ ചില ഇടപെടലുകൾ മുൻ വൈദ്യുതി മന്ത്രി കൂടിയായ മണിക്ക് ആലോസരമായിരുന്നു. ഇത് മുതലെടുത്ത് ചില സമരങ്ങളും നടന്നു. അതിന് ശേഷം മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ മുൻകൈയിൽ ചില ചർച്ചകൾ നടന്നു. അതിന്റെ തുടർച്ചയാണ് മണിയുടെ മനസ്സ് കെ എസ് ഇ ബിയോട് അടുത്തത്. ഇത് സിപിഎം അനുകൂല സിഐടിയു സംഘടനയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഇതാണ് മണി എത്തുന്ന ദിവസത്തെ പ്രതിഷേധത്തിന് കാരണം.

ഇതിനിടെയാണ് കെഎസ് ഇബിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ പ്രതിഷേധം. ഇതു കണ്ടു കൊണ്ട് വണം മണിക്ക് കാർട്ടൂൺ പരിപാടിയിൽ പങ്കെടുക്കാൻ. 2013 ഒക്ടോബർ മാസത്തിന് ശേഷം ജോലിയിൽ പ്രവേശിച്ച ഇലക്ട്രിസിറ്റ് വർക്കർമാർക്കും മീറ്റർ റീഡർമാർക്കും ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും പ്രമോഷൻ നൽകുകയെന്നതാണ് സംഘടനയുടെ ആവശ്യം.

ഇങ്ങനെ വന്നാൽ പലർക്കും ഓവർസിയർമാരാകും. പത്താം ക്ലാസ് ജയിച്ചവരുടെ പ്രമോഷന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിലക്കുകൾ ഉണ്ട്. സുപ്രീംകോടതിയുടെ വിധിക്ക് അനുസൃതമായി ചില ഉത്തരവുകൾ കെ എസ് ഇ ബി ചെയർമാൻ പുറപ്പെടുവിച്ചിരുന്നു.