തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി. അശോകും സിപിഎം. സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെടില്ല. സംഘർഷം പരിഹരിക്കാൻ ധാരണയായെന്നും ചൊവ്വാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർമാനുമായും അസോസിയേഷൻ പ്രതിനിധികളുമായും ചർച്ചനടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇടപെടില്ലെന്നാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രഖ്യാപനം.

തിങ്കളാഴ്ച മന്ത്രി കൃഷ്ണൻകുട്ടിയും മുന്മന്ത്രി എ.കെ. ബാലനും പാലക്കാട്ട് ചർച്ച നടത്തിയിരുന്നു. പ്രശ്‌നത്തിൽ പരിഹാരം കണ്ടെത്താൻ എ.കെ. ബാലനെയാണ് സിപിഎം. ചുമതലപ്പെടുത്തിയത്. ചർച്ചയിലൂടെ പരിഹരിക്കേണ്ട കാര്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ചെയർമാന് കത്തുനൽകും. തുടർന്ന് മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്നായിരുന്നു ധാരണ. എന്നാൽ താൻ ചർച്ചയ്ക്കില്ലെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. എല്ലാം ബോർഡ് പരിഹരിക്കുമെന്നും വിശദീകരിച്ചു.

സമരക്കാരുമായി മന്ത്രി നേരിട്ട് ചർച്ച ചെയ്യില്ല. വൈദ്യുത ബോർഡ് കമ്പനിയാണ്. സർക്കാരിന് നേരിട്ട് ബന്ധമൊന്നുമില്ല. അവിടുത്തെ പ്രശ്‌നങ്ങൾ ചെയർമാൻ പരിഹരിക്കും. എല്ലാ ജീവനക്കാരുടേയും പ്രശ്‌നങ്ങൾ മനസ്സിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് അപ്പുറത്തേക്ക് ഒരു വിഭാഗവുമായി മാത്രം ചർച്ച നടത്തില്ലെന്നും മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചു. കടുത്ത നിലപാടിലാണ് കെ എസ് ഇ ബി ചെയർമാൻ എന്നും സൂചനയുണ്ട്.

തർക്കങ്ങൾ തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നുമാണ് സിപിഎം. മന്ത്രിയെ അറിയിച്ചത്. ഫോർമുലയും മുമ്പോട്ട് വച്ചിരുന്നു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് സംഘടനാ നേതാക്കളെ എ.കെ. ബാലനും അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.

ഇത് മാനേജ്മെന്റ് അംഗീകരിച്ചാൽ അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിച്ചേക്കും. നേരത്തേ സസ്‌പെൻഡ് ചെയ്ത എക്‌സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാബുവിനെ തിരിച്ചെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതിലും ഉത്തരവ് ഇറങ്ങും. എന്നാൽ സസ്‌പെന്റ് ചെയ്ത സുരേഷ് കുമാറിനേയും ഹരികുമാറിനേയും വൈദ്യുതി ആസ്ഥാനത്ത് നിയമിക്കാൻ കഴിയില്ലെന്നാണ് ചെയർമാന്റെ നിലപാട്. യൂണിയൻ നേതാക്കളെന്ന പരിഗണന ഇവർക്ക് നിയമപരമായി കിട്ടുകയുമില്ല.

ഓഫീസേഴ്‌സ് അസോസിയേഷനെ ചാരിറ്റി സംഘടനയായാണ് വൈദ്യുത ബോർഡ് കണക്കാക്കുന്നത്. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ മാത്രമേ അവർക്ക് നടത്താനാകൂ. അതുകൊണ്ട് നിയമപരമായി യൂണിയൻ നേതാവ് എന്ന അംഗീകരാം സുരേഷ് കുമാറിനും ഹരികുമാറിനും കിട്ടില്ല. ഈ സാഹചര്യത്തിൽ കെ എസ് ഇ ബിക്ക് ഇവരെ എവിടെ വേണമെങ്കിലും സ്ഥലം മാറ്റാം. നിരന്തര അച്ചടക്ക ലംഘനം നടത്തുന്നവരെ വൈദ്യുത ഭവനിൽ നിലനിർത്താൻ കഴിയില്ലെന്നാണ് ചെയർമാന്റെ നിലപാട്.

ചെയർമാനെ അധിക്ഷേപിക്കുന്നവരെ സർക്കാർ പിന്തുണച്ചാൽ ചെയർമാൻ പദവി ഒഴിയുമെന്ന് അശോക് അറിയിച്ചിട്ടുണ്ട്. കീഴുദ്യോഗസ്ഥരുടെ ഭീഷണിക്ക് താൻ വഴങ്ങില്ലെന്നും അശോക് പറയുന്നു. സസ്‌പെൻഷൻ പിൻവലിച്ചാലും അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടികളുണ്ടാകും. ഇക്കാര്യം വൈദ്യുത മന്ത്രിയെ അശോക് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സിപിഎം നേതൃത്വത്തെ മന്ത്രി ധരിപ്പിക്കും. ചെയർമാന്റെ ഭാഗത്താണ് നീതിയെന്നതാണ് മന്ത്രിയുടെ നിലപാട്. അതുകൊണ്ട് തന്നെ സിപിഎം എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

അതിനിടെ ചെയർമാന്റെ നടപടികൾക്കെതിരേ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവനുമുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. വിവിധ ജില്ലകളിൽ നിന്നുള്ള 75-ഓളം പേരാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നത്. സിഐ.ടി.യു. സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഉദ്ഘാടനംചെയ്തു. ബോർഡ് ചെയർമാൻ ഒരു ചാനലിൽ വനിതാ ജീവനക്കാരെയും അസോസിയേഷൻ ഭാരവാഹികളെയും അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് അസോസിയേഷൻ ആരോപിച്ചു. ഇതിൽ കേന്ദ്ര നിർവാഹകസമിതി പ്രതിഷേധിച്ചു.