- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ഇ ബിയിൽ ചെയർമാൻ തന്നെ പരമാധികാരി; ലിമിറ്റഡ് കമ്പനിയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി കൃഷ്ണൻ കുട്ടി; ബാലന്റേയും എളമരത്തിന്റേയും മന്ത്രിതല ചർച്ചയെന്ന ആവശ്യം അംഗീകരിക്കാതെ മന്ത്രി കൃഷ്ണൻകുട്ടി; യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ മാനേജ്മെന്റും; വൈദ്യുതി ബോർഡിൽ ഭിന്നത തുടരും
പാലക്കാട്: കെ.എസ്.ഇ.ബിയിൽ യൂണിയനും ചെയർമാനും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ ഇടപെടില്ല. നാളെ മന്ത്രിതല ചർച്ചയും ഉണ്ടാകില്ല. പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം. എല്ലാവരും അവരുടെ അധികാര പരിധിക്കുള്ളിൽ നിൽക്കണമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ഇതോടെ യൂണിയനുകളോട് കുടുതൽ ശക്തമായ സമീപനം മന്ത്രി എടുക്കുന്നുവെന്ന വസ്്തുതയാണ് പുറത്തുവരുന്നത്.
കെ.എസ്.ഇ.ബി.ഒരു ലിമിറ്റഡ് കമ്പനിയാണ്. ബോർഡിനെക്കാളും സ്വതന്ത്രമാണ് കമ്പനി. അവരുടെ പ്രശ്നം അവർ തന്നെ തീർക്കണമെന്നാണ് അഭിപ്രായം. എല്ലാ കാര്യത്തിലും സർക്കാർ ഇടപെടുന്നത് ശരിയല്ല. സസ്പെൻഷൻ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവർ തന്നെ പരിഹരിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ ചർച്ച തന്റെ നേതൃത്വത്തിലല്ല. ബോർഡ് തന്നെയാണ് ചർച്ച നടത്തുന്നത്. ചർച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും എല്ലാം ബോർഡാണ്-മന്ത്രി വിശദീകരിച്ചു.
യൂണിയൻ പറഞ്ഞ ആവശ്യം നിലവിൽ പരിഹരിക്കപ്പെട്ടു കഴിഞ്ഞതാണ്. സ്ഥലംമാറ്റത്തിന്റെ കാര്യത്തിൽ ചട്ടപ്രകാരം ചെയ്യാൻ കഴിയുന്നത് ചെയ്യും. അവരവരുടെ അധികാരങ്ങൾ അവർ കൃത്യമായി വിനിയോഗിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. നാളെ മന്ത്രി തിരുവനന്തപുരത്തുണ്ടാകില്ല. പാലക്കാട്ടെ സർവ്വകക്ഷി യോഗത്തിലാകും പങ്കെടുക്കുക. ഇതോടെയാണ് മന്ത്രിതല ചർച്ചയെന്ന ആവശ്യവും നിർദ്ദേശവും നടക്കാതെ പോകുന്നത്. സിപിഎമ്മാണ് മന്ത്രിതല ചർച്ച വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ മന്ത്രിക്ക് ചർച്ചകൾക്ക് താൽപ്പര്യമില്ലെന്നാണ് പുറത്തു വരുന്ന സൂചന.
ദിവസങ്ങളായി തുടരുന്ന സമരം ശക്തമാക്കി കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ, 19 ന് വൈദ്യുതി ഭവൻ ഉപരോധിക്കും. ചൊവ്വാഴ്ച വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കാനാണ് തീരുമാനം. അതിനിടെ പ്രശ്‌നപരിഹാരത്തിനായി 18 ന് ചർച്ച വിളിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ചർച്ച തങ്ങളെ അറിയിച്ചിട്ടില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്കില്ലെന്ന് മന്ത്രിയും വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാരിന് വേണ്ടി കെ.എസ്.ഇ.ബിയെ ചെയർമാൻ ബി. അശോക് തകർക്കാൻ ശ്രമിക്കുകയാണെന്നും ചെയർമാന്റെ രാഷ്ട്രീയം വ്യക്തമായെന്നും അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ആർ ബാബു പറഞ്ഞു. എന്നാൽ, ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന നിലപാട് ചെയർമാനും കൈക്കൊണ്ടതോടെ പ്രശ്‌നപരിഹാരം രൂക്ഷമായി തുടരുകയാണ്. ചെയർമാനെ അനാവശ്യമായി വിമർശിക്കുന്നതാണ് യൂണിയനോടുള്ള മന്ത്രിയുടെ താൽപ്പര്യക്കുറവിന് കാരണം.
സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയാണ് ഒരിഞ്ചും വിട്ടുവീഴ്ചക്കില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയത്. ചെയർമാന് വൈദ്യുതിമന്ത്രി പരിപൂർണ പിന്തുണ നൽകുമ്പോൾ സിപിഎം വഴി പ്രശ്‌ന പരിഹാരം തേടാനായിരുന്നു അസോസിയേഷൻ ശ്രമം. പാർട്ടി ഇടപെടൽ വഴി തിങ്കളാഴ്ച വൈദ്യുതിമന്ത്രി ചർച്ച നടത്തുമെന്ന പ്രചാരണം ഉണ്ടായെങ്കിലും ഔദ്യോഗിക ചർച്ചയില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചക്ക് തയാറല്ലെന്നും സ്ഥലംമാറ്റ നടപടികൾ പിൻവലിക്കണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് അസോസിയേഷൻ.
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാക്കി. സ്ഥലം മാറ്റത്തോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിലാണ് ബി. ഹരികുമാറിന്റെ പുതിയ നിയമനം. സസ്പെൻഷൻ പിൻവലിക്കുന്നതിനൊപ്പമുള്ള സ്ഥലംമാറ്റ നടപടിയിൽ അസോസിയേഷൻ കടുത്ത അതൃപ്തിയിലാണ്.
എം.ജി. സുരേഷ് കുമാറിന്റെ സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹരികുമാറിനെയും സ്ഥലംമാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ