- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഇബി ഓഫിസർമാരുടെ സമരം നേരിടാൻ 'കെസ്മ' പ്രയോഗിക്കാമെന്ന ഹൈക്കോടതി വ്യക്തമാക്കിയോടെ കടുംപിടുത്തക്കാർ വെട്ടിൽ; അനുനയത്തിന് നേതാക്കളുടെ പിൻവാതിൽ ശ്രമം; നേതാക്കളെ വൈദ്യുതി ഭവനിൽ തിരിച്ചു നിയമിച്ചാൽ മതിയെന്ന് ആവശ്യം; പറ്റില്ലെന്ന് ചെയർമാൻ
കൊച്ചി: കെഎസ്ഇബി ഓഫിസർമാരുടെ സമരം നേരിടാൻ സർക്കാരിന് കേരള അവശ്യ സേവന നിയമം (കെസ്മ) പ്രയോഗിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടങ്ങിവെച്ച സമരം തീർക്കാൻ പിൻവാതിൽ വഴി തേടി സമരക്കാർ. സ്ഥലം മാറ്റിയ അസോസിയേഷൻ നേതാക്കളെ അതേ സീറ്റിൽ തിരികെ നിയമിക്കുന്നതിനു പകരം അതേ സ്ഥലത്തുള്ള മറ്റൊരു ഓഫിസിൽ നിയമനം നൽകി പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യതയാണ് ഇവർ ഇപ്പോൾ തേടുന്നത്. മന്ത്രിയെയും മറ്റുള്ളവരെയും രഹസ്യമായി ഈ ആവശ്യം അവർ ഉന്നയിക്കുകയും ചെയ്തു. എന്നാൽ അതിന് സമ്മതമല്ലെന്ന നിലപാടിലാണ് ചെയർമാൻ ബി അശോക്.
വൈദ്യുതി വിതരണം അവശ്യ സേവനമാണ്. ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുകയും വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയും ചെയ്താൽ 'കെസ്മ' ബാധകമാക്കിയും സമരം നിരോധിച്ചും സർക്കാർ ഉത്തരവിറക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇതോടെ ഈ നിർദ്ദേശം നടപ്പിലാക്കാനാണ്. സമരം ചെയ്യുന്ന ഓഫിസർമാർക്കെതിരെ പെരുമാറ്റ ചട്ട ലംഘനത്തിനു നടപടിയെടുക്കാൻ ബോർഡിന് അധികാരമുണ്ടെന്നും ജസ്റ്റിസ് സി.എസ്.ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സമരം നിരോധിച്ചും 'കെസ്മ' ബാധകമാക്കിയും സർക്കാർ ഉത്തരവിറക്കിയാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കു തടവും പിഴയും ശിക്ഷ കിട്ടാം. കെഎസ്ഇബി ഓഫിസർമാർക്കു കേരള സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം ബാധകമാണെന്നു കോടതി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ഏതു സമരവും നിയമ വിരുദ്ധമാണെന്നു ഹൈക്കോടതി 'ബാലഗോപാൽ കേസി'ൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരക്കാർക്കെതിരെ നടപടിയെടുക്കാം; ജീവനക്കാരുടെ കൂടി വാദം കേട്ടു തീരുമാനം എടുക്കണമെന്നുമാണ് കോടതി നിർദ്ദേശം.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി സ്വദേശി അരുൺ ജോസും സമരം തുടരുമെന്നു പ്രഖ്യാപിച്ച സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി.ജയചന്ദ്രൻ നായരും നൽകിയ ഹർജികളാണു കോടതിയിലുള്ളത്.
അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ സമരം നേരിടാൻ കെസ്മ പ്രയോഗിക്കില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. എൽഡിഎഫിന്റെ നയത്തിനു വിരുദ്ധമാണ് അത്. ഞങ്ങൾ എല്ലാവരും അടിയന്തരാവസ്ഥയെ എതിർത്തവരാണ്. അത്തരം നടപടികളിലേക്കു പോകാതെ തന്നെ ബോർഡിലെ പ്രശ്‌നം തീർക്കും. അതിനായി ഇനിയും ചർച്ചകൾ ഉണ്ടാകും. കൃഷ്ണൻകുട്ടി പറഞ്ഞു. ഇപ്പോഴത്തെ തർക്കം തീർക്കാൻ മന്ത്രിതല ചർച്ചക്കുമാണ് സാധ്യതയുള്ളത്. പ്രശ്‌ന പരിഹാരത്തിനു മന്ത്രി കെ.കൃഷ്ണൻകുട്ടി നിശ്ചയിച്ച ഒരാഴ്ചത്തെ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും ചർച്ചയ്ക്കുള്ള വഴി തേടുന്നത്.
ചർച്ചകൾ ഇനിയും ഉണ്ടാകുമെന്നു മന്ത്രി കൃഷ്ണൻകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബോർഡിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഓഫിസേഴ്‌സ് അസോസിയേഷൻ തയാറാക്കിയ കൈപ്പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. കൈപ്പുസ്തകത്തിന് അന്തിമ രൂപം ആകാത്തതിനാൽ പ്രസിദ്ധീകരണം മാറ്റിയെന്നാണ് അവർ പറയുന്നത്. എന്നാൽ അന്തരീക്ഷം വഷളാകാതെ പ്രശ്‌നം തീർക്കുക എന്ന ലക്ഷ്യവും അതിനു പിന്നിലുണ്ട്. പ്രശ്‌നം തീരുന്നില്ലെങ്കിൽ രണ്ടു ദിവസത്തിനു ശേഷം കൈപ്പുസ്തകം പ്രസിദ്ധീകരിക്കും.
കെസ്മ അനുസരിച്ച് ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന അവസ്ഥയുണ്ടത്. ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതോടെ സമരക്കാർ അനുരജ്ഞന പാതയിലേക്കാണ് നീങ്ങന്നത്. ഇവർ പിൻവാതിലിലൂടെ വീണ്ടും വൈദ്യുതി ഭവനിൽ തിരിച്ചു കയറാൻ ശ്രമിക്കുമ്പോൾ അനുവദിക്കില്ലെന്ന നിലപാടിലാണ് ബോർഡ് ചെയർമാൻ ബി അശോകും. അതേസമയം ബോർഡ് റൂമിലേക്ക് തള്ളിക്കയറിയ 19 പേർക്കുള്ള കുറ്റപത്രം ഇന്നലെയും അയച്ചിട്ടില്ല. കുറ്റപത്രം നൽകേണ്ടെന്നു തീരുമാനിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം ആണെന്നും മാനേജ്‌മെന്റ് പറയുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം വഷളാകാതിരിക്കാനാണ് ഇതു വൈകിക്കുന്നത് എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ