- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരികുമാറിന് സ്ഥാനക്കയറ്റം നൽകും; ഡ്യൂട്ടിയിൽ പ്രവേശിച്ച് അവധിയിൽ പോയ ജാസ്മിൻ ബാനുവിനും സ്ഥലം മാറ്റം ഉറപ്പ്; പ്രസിഡന്റ് സുരേഷ് ബാബുവിന് പെരിന്തൽമണ്ണിയിൽ നിന്ന് മാറ്റം കിട്ടുമോ? ചെയർമാൻ ഉറച്ച നിലപാടിൽ; കെ എസ് ഇ ബിയിൽ പിണറായിയുടെ മൗനം നിർണ്ണായകമായി; ആ സമരം പൊളിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം. സംഘടനയായ കെഎസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ അച്ചടക്കനടപടികൾ തത്കാലം നിർത്തിവെക്കുന്നതായി വൈദ്യുതിബോർഡ് അറിയിച്ചെങ്കിലും അണിയറയിൽ നീക്കം സജീവമെന്ന് സൂചന. മന്ത്രി കെ. കൃഷ്ണൻകുട്ടിയും സംഘടനാനേതാക്കളും നടത്തിയ അനൗപചാരിക ചർച്ചകളിലെ ധാരണപ്രകാരമാണ് അച്ചടക്ക നടപടികൾ നിർത്തുന്നത്. ബോർഡ് നൽകിയ സ്ഥലം മാറ്റം നേതാക്കൾ അംഗീകരിച്ച സാഹചര്യത്തിലാണ് ഇത്. ഇതോടെ സമരം പൊളിയുന്ന സാഹചര്യവുമുണ്ടായി.
വൈദ്യുതിക്ഷാമപ്രതിസന്ധി തരണംചെയ്യുന്നതുവരെ അച്ചടക്കനടപടികൾ നിർത്തിവെക്കുന്നുവെന്നാണ് ബോർഡ് ഡയറക്ടർമാരുടെ സംയുക്തപ്രസ്താവനയിൽ പറയുന്നത്. ഏപ്രിൽ മുതലെടുത്ത നടപടികളാണ് നിർത്തുന്നത്. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥലംമാറ്റപ്പെട്ട നേതാക്കൾ അതത് സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാർ പെരിന്തൽമണ്ണയിലും ബി. ഹരികുമാർ പാലക്കാട്ടും ജാസ്മിൻ ബാനു സീതത്തോട്ടിലുമാണ് ചുമതലയേറ്റത്.
നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിച്ചതിനു പുറമേ സ്ഥലംമാറ്റവും റദ്ദാക്കണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാൽ സുരേഷ് കുമാറിനെതിരായ നടപടി പിൻവലിക്കാൻ ഇടയില്ല. സുരേഷ് കുമാറിനെതിരെ കർശന നടപടികൾ ഇനിയും ഉണ്ടാകും. യൂണിയനുകളുടേയും അസോസിയേഷനുകളുടേയും സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇതും സുരേഷ് കുമാറിന് തലവേദനയായി മാറും. മറ്റ് രണ്ട് നേതാക്കൾക്കും തിരുവനന്തപുരത്തേക്ക് ഒരു മാസം കഴിഞ്ഞാൽ സ്ഥലം മാറ്റം കിട്ടിയേക്കും.
ജോലിയിൽ പ്രവേശിക്കാൻ നേതാക്കൾ നിർബന്ധിതരാവുകായായിരുന്നു. ഇവരെ പിന്നീട് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കു മാറ്റുമെന്നാണ് യൂണിയനുകളുടെ പ്രതീക്ഷ. സമരത്തിന്റെ ഭാഗമായി ചെയർമാന്റെ യോഗം തടഞ്ഞ മറ്റ് ഓഫീസർമാർക്കെതിരായ നടപടികൾ നിർത്തിവെക്കാൻ ബോർഡും തയ്യാറായത് യൂണിയന് ആശ്വാസമാണ്. അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാർ പെരിന്തൽമണ്ണ ഇലക്ട്രിക്കൽ ഡിവിഷനിലും ജനറൽ സെക്രട്ടറി ബി.ഹരികുമാർ പാലക്കാട്ട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിലുമാണ് ജോലിയിൽ പ്രവേശിച്ചത്. ഹരികുമാറിന്റെ തടഞ്ഞുവച്ച സ്ഥാനക്കയറ്റം അനുവദിക്കും.
എക്‌സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനു പത്തനംതിട്ട സീതത്തോട് ഓഫിസിൽ ജോലിയിൽ പ്രവേശിച്ച ശേഷം താൽക്കാലിക അവധിയിൽ പോയി. പിന്നാലെയാണ് സമരം ചെയ്തവർക്കെതിരായ അച്ചടക്ക നടപടികൾ ഇപ്പോഴത്തെ ഊർജ പ്രതിസന്ധി തീരുംവരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ബോർഡ് അറിയിച്ചു. മന്ത്രി കൃഷ്ണൻകുട്ടി അഞ്ചിന് അസോസിയേഷൻ നേതാക്കളും ബോർഡ് മാനേജ്‌മെന്റുമായി വീണ്ടും ചർച്ച നടത്തും. ഇരുകൂട്ടരും വെടിനിർത്തലിനു തയ്യാറായതാണ് സമരം പരിഹരിക്കാൻ അനുകൂല അന്തരീക്ഷമൊരുക്കിയത്.
മെയ് അഞ്ചിന് മന്ത്രിയും സംഘടനാനേതാക്കളും തിരുവനന്തപുരത്ത് ഔദ്യോഗികചർച്ച നടത്തും. അനൗപചാരിക ധാരണകളെക്കുറിച്ച് ചെയർമാനുമായി ആലോചിച്ച് അതിനുമുമ്പ് മന്ത്രി തീരുമാനമെടുക്കും. അന്ന് തീരുമാനങ്ങൾ പ്രഖ്യാപിക്കും. തുടർസമരപരിപാടികൾ തത്കാലം മാറ്റിവെക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാർ പറഞ്ഞു. ചർച്ചകൾക്കുശേഷം സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും.
ശനിയാഴ്ച ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിൽ നടത്തിയ ചർച്ച സംസ്ഥാനത്തെ ഊർജപ്രതിസന്ധി തരണംചെയ്യുന്നതിനെക്കുറിച്ചായിരുന്നുവെന്ന് ഡയറക്ടർമാർ പ്രസ്താവനയിൽ പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ