തിരുവനന്തപുരം: വൈദ്യുത ബോർഡിനെ തകർക്കുകയാണോ സർക്കാർ ലക്ഷ്യം. യൂണിയനുകൾക്ക് കടിഞ്ഞാണിട്ട് കെ എസ് ഇ ബിയെ മുമ്പോട്ട് നയിച്ച ബി അശോകിനെ മാറ്റി. പിന്നാലെ മറ്റൊരു തീരുമാനവും. നിലവിലുള്ളതിലും കുറഞ്ഞ നിരക്കിൽ താപ വൈദ്യുതി വാങ്ങാൻ ഒപ്പുവയ്ക്കാനിരുന്ന കരാറിൽനിന്ന് അവസാനം നിമിഷം സംസ്ഥാന സർക്കാർ പിന്മാറിയതിൽ ദുരൂഹത. ഇതോടെ അശോകിനെ മാറ്റിയതിന് പിന്നിൽ ചില താൽപ്പര്യമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കർ കെ എസ് ഇ ബിയിൽ ചെയർമാനായിരുന്നു. അക്കാലത്തെ ചില ഇടപാടുകൾ വിവാദത്തിലാണ്. ഇതെല്ലാം വേണ്ടെന്ന് അശോകൻ കത്തെഴുതി. പിന്നാലെയായിരുന്നു പുറത്തു പോകൽ. ഇതിന് പിന്നാലെയാണ് പുതിയ കരാർ വേണ്ടെന്ന് വയ്ക്കുന്നത്.

ഒഡീഷയിലെ നെയ്വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ലിമിറ്റഡിന്റെ താപനിലയത്തിൽ നിന്നു യൂണിറ്റിന് 3.06 രൂപ നിരക്കിൽ 400 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിൽ നിന്നാണ് സർക്കാർ പിൻവാങ്ങിയത്. കേന്ദ്ര ഊർജ മന്ത്രാലയം സംസ്ഥാനത്തിന് അനുവദിച്ച വൈദ്യുതിയാണ് വ്യക്തമായ കാരണമില്ലാതെ സംസ്ഥാനം നഷ്ടപ്പെടുത്തുന്നത്. കൽക്കരിയുടെ വില കൂടിയാലും മൂന്നര രൂപയിൽ കൂടാത്ത വിലയ്ക്ക് വൈദ്യുതി നൽകുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. നിലവിൽ ശരാശരി 4.35 രൂപ നിരക്കിലാണ് വൈദ്യുതി ബോർഡ് പുറമേനിന്നു വൈദ്യുതി വാങ്ങുന്നത്.

അതു കണക്കാക്കുമ്പോൾ പുതിയ കരാർ പ്രകാരം ഒരു യൂണിറ്റിൽ ഒന്നര രൂപയോളം ലാഭം. കരാർ ഒപ്പുവയ്ക്കാതിരുന്നതോടെ ഒരു വർഷം 367 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഇതേസമയം, കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കാനുള്ള നിർദ്ദേശം നടപ്പാക്കാതെ ആ നിരക്കിൽ ഇപ്പോഴും വൈദ്യുതി വാങ്ങുന്നു. ഈ കരാർ വേണ്ടെന്ന് നിർദ്ദേശിച്ചത് അശോകായിരുന്നു. പിന്നാലെയാണ് അശോകിനെ മാറ്റിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നെയ്വേലി ലിഗ്‌നൈറ്റ് കോർപറേഷനും വൈദ്യുതി ബോർഡും തമ്മിൽ ബുധനാഴ്ച ഒപ്പിടാൻ നിശ്ചയിച്ച കരാറിൽ നിന്നാണു 2 മണിക്കൂർ മാത്രം മുൻപ് സർക്കാർ പിൻവാങ്ങിയത്. ഒപ്പിടാനെത്തിയ ഉദ്യോഗസ്ഥർ ഡൽഹിക്കു മടങ്ങി. ഇതിന് പിന്നിൽ ചില ഇടപെടൽ നടന്നുവെന്നാണ് സൂചന.

കരാർ അനുസരിച്ച് 2026 മുതൽ യൂണിറ്റിന് 3.06 രൂപ നിരക്കിൽ കമ്പനി വൈദ്യുതി നൽകും. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒഡീഷയിൽ പണി പൂർത്തിയായി വരുന്ന കൽക്കരി പ്ലാന്റിൽ നിന്നാണ് വൈദ്യുതി കേരളത്തിൽ എത്തിക്കുക. 24 മണിക്കൂറും വൈദ്യുതി നൽകും. സംസ്ഥാനത്ത് ആഭ്യന്തര ഉപയോഗത്തിന്റെ 28 % മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ബാക്കി 72% പുറമേ നിന്നു വാങ്ങുകയാണ്. ആഭ്യന്തര ഉപയോഗത്തിൽ വർഷംതോറും 5 ശതമാനത്തിന്റെ വർധന വരുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം കരാറുകളിൽ ഒപ്പിടുന്നത്.

സംസ്ഥാന സർക്കാരിന് 1000 കോടി രൂപയിലേറെ നഷ്ടമുണ്ടാക്കുന്ന അനധികൃത ദീർഘകാല കരാറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി നിലപാട് കടുപ്പിച്ചതാണ് കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് ബി.അശോകിനെ പൊടുന്നനെ മാറ്റിയതിനു പിന്നിലെന്നായിരുന്നു സൂചന. ഇതേ സംഘമാണ് ഇപ്പോൾ വില കുറച്ച് വൈദ്യുതി വാങ്ങുന്ന കരാറിനേയും തകർത്തത്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതിവാങ്ങാനുള്ളതാണ് കരാർ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് ഒപ്പുവച്ചതാണെങ്കിലും അണിയറയിൽ ചരടുവലിച്ചത് ഇടതുമുന്നണിയോട് ആഭിമുഖ്യം പുലർത്തുന്നവരായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദനായകനുമായ എം.ശിവശങ്കറായിരുന്നു അന്ന് ബോർഡ് ചെയർമാൻ. വൈദ്യുതി കരാർ നിയന്ത്രണാധികാരി ഇടത് അനുകൂല അസോസിയേഷന്റെ പ്രമുഖ നേതാവായിരുന്നു.

ഇതുവരെ അംഗീകരിക്കാത്ത കരാർ ഒന്നാം പിണറായി സർക്കാർ റദ്ദാക്കിയില്ലെന്ന് മാത്രമല്ല, വൈദ്യുതി വാങ്ങുകയും ചെയ്തു. അംഗീകാരമില്ലാത്ത കരാർപ്രകാരം 2018 മുതൽ 2020വരെ വൈദ്യുതിവാങ്ങിയത് ക്രമക്കേടാണെന്നും 234.40കോടിയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദികളായവർക്കെതിരെ സർക്കാരും ബോർഡും നടപടിയെടുക്കണമെന്നും കഴിഞ്ഞവർഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിരുന്നു. നടപടി ആവശ്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു അശോക്. ഇതിനായി സർക്കാരിന് നാേട്ടും നൽകി. നഷ്ടമുണ്ടാക്കുന്ന ഒരിടപാടും തുടരേണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിലപാടെടുത്തു.

സർക്കാർ പ്രശ്‌നം പഠിക്കാൻ നിയമ,വൈദ്യുതി,ധനവകുപ്പ് സെക്രട്ടറിമാരുടെ സമിതിയെ നിയോഗിച്ചു.കരാർ റദ്ദാക്കാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ടെന്നും അല്ലെങ്കിൽ സംസ്ഥാനത്തിന് 800 കോടിയുടെ നഷ്ടമുണ്ടാകുമെന്നും കഴിഞ്ഞ ഡിസംബറിൽ സമിതി ശുപാർശ ചെയ്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. എന്നാൽ ഫയൽ ഇതുവരെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയില്ല.

റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയാൽ കരാർ തുടരാനാകുമെന്ന് കരാർ ലോബിക്ക് അറിയാം. വിസമ്മതിച്ച റെഗുലേറ്ററി കമ്മിഷൻ ചെയർമാന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഈ പദവിയിലേക്ക് കരാറിനെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരാനാണ് ശ്രമം. ഇതിനു പുറമേ, മൂന്നംഗ റെഗുലേറ്ററി കമ്മിഷനിൽ അംഗത്തിന്റെ ഒഴിവിലേക്ക് വിവാദകരാർ ഒപ്പുവയ്ക്കാൻ ഒത്താശ ചെയ്ത ഇടതു അനുകൂല സംഘടനാനേതാവിനെയും പരിഗണിക്കുന്നുണ്ട്. അഞ്ചുപേരുടെ അന്തിമലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ട്.

കരാറിനെ അനുകൂലിക്കുന്നവർ കമ്മിഷനിൽ എത്തുന്നതുവരെ വിഷയം പൊന്തിവരാതിരിക്കാനാണ് അശോകിനെ മാറ്റിയത്. കരാറിനെതിരെ നിലപാടെടുത്തതിന് ഇളങ്കോവനും മുമ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് സമാനരീതിയിൽ പുറത്തായിരുന്നു.