തിരുവനന്തപുരം: വൈദ്യുതിബോർഡിൽ ചെയർമാൻ ബി. അശോകും സിപിഎം. സംഘടനയും തമ്മിലുള്ള ചേരിപ്പോര് നിർണ്ണായക ഘട്ടത്തിലേക്ക്. ചൊവ്വാഴ്ച ചെയർമാന്റെ യോഗം തടഞ്ഞതിൽ ആസൂത്രകരായ ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളെ പിരിച്ചുവിടാൻ ബോർഡ് യോഗം തീരുമാനിച്ചു. സർക്കാരിന്റെ അനുമതി ഈ തീരുമാനത്തിനുണ്ടെന്നാണ് സൂചന. തെളിവ് പരിശോധിച്ചാണ് തീരുമാനം. കെ എസ് ഇ ബിയിൽ അച്ചടക്കം ശക്തമാക്കാനാണ് തീരുമാനം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനു പിന്നാലെ, ജനറൽ സെക്രട്ടറി ബി. ഹരികുമാറിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഇവരെ സി.സി.ടി.വി. ക്യാമറ പരിശോധിച്ച് ബോർഡിലെ വിജിലൻസ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. കാരണംകാണിക്കൽ നോട്ടീസ് നൽകി ആറുമാസത്തിനകം ഘട്ടംഘട്ടമായി പിരിച്ചുവിടും. കുറ്റകൃത്യം അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതില്ലാത്തതിനാൽ കടുത്ത നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ചെയർമാൻ പറഞ്ഞു. എന്നാൽ, വിഷയത്തിൽ സർക്കാർ എന്തുനിലപാട് സ്വീകരിക്കുമെന്നതനുസരിച്ചാവും സ്ഥിതിഗതികൾ. സിപിഎം. നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല. മാനേജ്മെന്റിന്റെയും സമരക്കാരുടെയും പരാതികൾ അന്വേഷിക്കുമെന്നു പറഞ്ഞതല്ലാതെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും ഇടപെട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാണ് ഇനി നിർണ്ണായകം. സമരക്കാരെ പിണറായി അനുകൂലിച്ചില്ലെങ്കിൽ കെ എസ് ഇ ബിയിൽ അച്ചടക്കം വരും.

ബി ഹരികുമാറിനെ എക്‌സിക്യുട്ടീവ് എൻജിനിയറായി സ്ഥാനക്കയറ്റത്തിനു പരിഗണിച്ചെങ്കിലും ആ പട്ടികയിൽനിന്ന് നീക്കി. യോഗം തടഞ്ഞവരിൽ മാർച്ച് 31-ന് പെൻഷൻപറ്റിയ ഒരു മുൻ ഓഫീസറും ഉണ്ടായിരുന്നു. അദ്ദേഹത്തിന് പെൻഷനും നൽകില്ല. എക്‌സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ സത്യാഗ്രഹം പുതിയ തലത്തിലെത്തുകാണ്. അതിനിടെ സുരേഷ്‌കുമാറിന്റെ സസ്‌പെൻഷൻ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സിഐ.ടി.യു. നേതാവ് എളമരം കരീം മാത്രമാണ് രംഗത്തെത്തിയത്. അതിനിടെ തിങ്കളാഴ്ചമുതൽ സംഘടന അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചിട്ടുണ്ട്.

എകെ ബാലനും എംഎം മണിയും വൈദ്യുത മന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫിലെ പ്രധാനിയായിരുന്നു എംജി സുരേഷ് കുമാർ. സിപിഎമ്മിന്റെ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞാണ് സുരേഷ് കുമാർ വൈദ്യുതി ഭവനിൽ സംഘടനാ പ്രവർത്തനം നടത്തിയത്. ഇതിനിടെയാണ് വൈദ്യുതി വകുപ്പ് ജനതാദള്ളിന് ഇടതു പക്ഷം നൽകിയത്. മന്ത്രിയായി കൃഷ്ണൻകുട്ടി എത്തി. ഇതോടെ സിപിഎം നേതൃത്വവും വൈദ്യുതി ബോർഡിന്റെ ഭരണത്തിൽ ഇടപെടാതെയായി. ഇതൊക്കെയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. മുൻ മന്ത്രിയായ എംഎം മണി പങ്കെടുത്ത ചിരി സദസ് അലങ്കോലപ്പെടുത്താനും ജീവനക്കാരുടെ ഇടതു സംഘടന കെ എസ് ഇ ബിയിൽ സമരം നടത്തിയിരുന്നു.

അതിനിടെ ബോർഡിൽ ടാറ്റയുടെ 65 ഇലക്ട്രിക് കാർ വാങ്ങിയപ്പോൾ ചെയർമാന്റെ താൽക്കാലിക ഡ്രൈവറുടെ മരുതംകുഴിയിലെ വിലാസത്തിൽ 22 ലക്ഷം രൂപ വിലയുള്ള ടാറ്റാ ഹാരിയർ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും ആവശ്യപ്പെട്ടു. എന്നാൽ മരുതംകുഴിയിൽ ഡ്രൈവർക്കു വീടില്ലെന്നും പരുത്തിക്കുഴിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ സഹോദരീ ഭർത്താവിന്റെ ടാറ്റാ ഹാരിയർ നിർത്തിയിടാറുണ്ടെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി. .

വാഹനത്തിന്റെ വിൽപന രേഖകൾ അനുസരിച്ച് മുഹമ്മദ് ഷംനാദ് എന്നയാൾ തിരുവനന്തപുരം മോട്ടോഴ്‌സിൽ നിന്നു 21.87 ലക്ഷം രൂപയ്ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പയോടുകൂടി വാങ്ങിയതാണ്. വായ്പ തുക തുക 15,31,022 രൂപയും പഴയ ഇന്നോവ വിറ്റ വകയിൽ കിട്ടിയ 6,01,000 രൂപയും ചേർത്താണ് അടച്ചതെന്നു ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡിന്റെ വാഹനം വാങ്ങലുമായി ഇതിനു ബന്ധമില്ല. സഹോദരീ ഭർത്താവ് ചില ദിവസം കാർ അവിടെ പാർക്ക് ചെയ്യാറുണ്ട് എന്നു ഡ്രൈവർ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വൈദ്യുതി ബോർഡ് പാലക്കാട്ട് ഉണ്ടാക്കുന്ന ഫോൾട്ട് പാസ് ഇൻഡിക്കേറ്ററിന് 17,400 രൂപയാണ് വിലയെന്നും ഇതേ ഉപകരണം 1.8 ലക്ഷം രൂപയ്ക്ക് പുറത്തുനിന്ന് 20,000 എണ്ണം വാങ്ങാൻ 360 കോടി രൂപയാണ് ആർഡിഎസ്എസ് പദ്ധതിയിൽ ബോർഡ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത്തരം ഇടപാടുകൾ തടയുന്നതിൽ ഉള്ള അമർഷമാണ് അസോസിയേഷനോടു തീർക്കുന്നതെന്നും അവർ പറഞ്ഞു.

ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന ഫോൾട്ട് പാസ് ഡിറ്റക്ടറിന് ഏകദേശം 17,500രൂപ മാത്രമാണ് ചെലവു വരുന്നത് എന്നു ബോർഡ് അറിയിച്ചു. എന്നാൽ ആർഡിഎസ്എസ് പദ്ധതിയുടെ ഭാഗമായി പവർ ഫിനാൻസ് കോർപറേഷൻ തയാറാക്കിയ കേന്ദ്ര പോർട്ടലിൽ സ്‌കാഡാ ഇന്റഗ്രേറ്റഡ് ഫോൾട്ട് പാസ് ഡിറ്റക്ടർ എന്ന ഘടകം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വില പോർട്ടലിൽ കോർപറേഷൻ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ എണ്ണം മാത്രം രേഖപ്പെടുത്തുകയാണ് ബോർഡ് ചെയ്തിരിക്കുന്നത്. നടപ്പാക്കുമ്പോൾ ഭേദഗതി വരുത്തി വിശദ ടെൻഡർ നടപടികളിലൂടെ മാത്രമേ പ്രവർത്തനം തുടങ്ങുകയുള്ളൂവെന്നും വിശദീകരിച്ചു. അങ്ങനെ ആ ആരോപണവും പൊളിഞ്ഞു.

അനധികൃതമായി അവധിയെടുത്തെന്നു പറഞ്ഞാണ് എക്‌സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ വൈദ്യുതി ബോർഡ് സസ്‌പെൻഡ് ചെയ്തത്. അവധി നിയമപരമാണെന്നും ഓഫീസേഴ്സ് അസോസിയേഷനോട് ചെയർമാൻ പ്രതികാരത്തോടെ പെരുമാറുന്നുവെന്നും ആരോപിച്ചാണ് സംഘടന സത്യാഗ്രഹം പ്രഖ്യാപിച്ചത്. ചെയർമാൻ ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിച്ച് ചൊവ്വാഴ്ച നടത്തിയ സമരത്തിൽ ഇരുപതോളം പേർ ചെയർമാനും ഡയറക്ടർമാരും പങ്കെടുത്ത യോഗത്തിലേക്കു തള്ളിക്കയറുകയായിരുന്നു. യോഗം അരമണിക്കൂറോളം തടസ്സപ്പെടുത്തി.

ഈ സംഭവവികാസങ്ങളെക്കുറിച്ച് വ്യാഴാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം വിശദമായി ചർച്ചചെയ്ത ശേഷമാണ് സമരക്കാർക്കെതിരേ കടുത്ത നടപടികൾക്ക് തീരുമാനിച്ചത്. ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് ബോർഡ് യോഗം ചേരുന്ന മുറിയിൽ പ്രതിഷേധമുണ്ടായത്. 2008-ൽ മുമ്പ് രാജീവ് സദാനന്ദൻ ചെയർമാനായിരുന്ന കാലത്ത് ബോർഡ് യോഗസ്ഥലത്ത് ഉന്തുംതള്ളും ഉണ്ടായിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് സംഭവം. ഇത് തികഞ്ഞ ഗൗരവത്തോടെ കാണണമെന്ന ചെയർമാന്റെ നിലപാടിന് യോഗം അംഗീകാരം നൽകി.

ബോർഡ് ആസ്ഥാനമായ വൈദ്യുതിഭവന്റെ സുരക്ഷ വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. വ്യവസായ സുരക്ഷാസേനയെ വീണ്ടും സുരക്ഷാച്ചുമതല പൂർണമായും എൽപ്പിക്കാനാണ് ആലോചന. വ്യവസായ സുരക്ഷാസേനയെ വിന്യസിച്ചതിനെതിരേ ഇടതുസംഘടനകൾ നടത്തിയ ദിവസങ്ങൾ നീണ്ട സമരം ഇടതുമുന്നണി നേതൃത്വം ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. അതോടെ സേനയെ ഡേറ്റാ സെന്ററിന്റെ ചുമതല മാത്രം ഏൽപ്പിച്ചു.ഇതിലും മാറ്റം വരും.