- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരക്കാർ വെറുതെ വെയിലും മഴയും കൊണ്ട് നിൽക്കുകയേ ഉള്ളു; സംസാരിക്കാൻ വന്നയുടനെ അധിക്ഷേപിച്ച ശേഷം വിളറിയ ചിരി ചിരിച്ച് ഇങ്ങനെയൊക്കെ പറയല്ലേ, നമുക്ക് യോഗം തുടരാമെന്നൊന്നും ബി അശോക് പറയില്ല; നിർത്തിക്കോ, പ്ലീസ് ഗറ്റൗട്ട് അതാണ് നിലപാട്; കെഎസ്ഇബിയിൽ സമരക്കാരെ വെള്ളം കുടിപ്പിച്ച് ചെയർമാൻ
തിരുവനന്തപുരം: കെഎസ്ഇബിയിൽ നിലവിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് ചെയർമാൻ ബി.അശോക്. അതിനൊപ്പം അദ്ദേഹം സമരക്കാരെ പരിഹസിക്കുകയും ചെയ്തു. സമരക്കാരോട് വാത്സല്യമുണ്ട്. അവർ വെറുതെ വെയിലും മഴയും കൊണ്ട് നിൽക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്മെന്റിന്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ എസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടു പോകൂ. കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം ഏത് എത്ര പരമാവധി വരെയും ഒരു വ്യക്തിയെ അക്കോമഡേറ്റ് ചെയ്യാൻ തയ്യാറാകും. പക്ഷെ, കെഎസ്ഇബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.
സംസാരിക്കാൻ വന്നയുടനെ അധിക്ഷേപിച്ച ശേഷം വിളറിയ ചിരി ചിരിച്ച് ഇങ്ങനെയൊക്കെ പറയല്ലേ, നമുക്ക് യോഗം തുടരാമെന്നൊന്നും ബി അശോക് പറയില്ല. നിർത്തിക്കോ, പ്ലീസ് ഗറ്റൗട്ട് അതാണ് തന്റെ നിലപാടെന്ന് അശോക് പറഞ്ഞു. ചെറിയ പിശകുപറ്റിപ്പോയി, തിരിച്ചെടുക്കണമെന്ന് പറഞ്ഞാൽ തീരാവുന്ന കാര്യമേയുള്ളൂ. ഇതൊന്നും വാശിപ്പുറത്ത് ചെയ്യുന്നതല്ല.
സമരക്കാരിൽ ചിലരോട് ചെയർമാൻ മാറണോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. അവർക്ക് പറയണമെന്നുണ്ട്, ആറു മാസമായിട്ട് മാറണമെന്ന് വിചാരിച്ച് നടക്കുകയാണ്. പക്ഷെ അത് തുറന്നു പറയാൻ പറ്റുന്നില്ല. അങ്ങനെയില്ല, മനോഭാവം മാറിയാൽ മതിയെന്നാണ് അതുകൊണ്ട് പറയുന്നത്. ഇത്രയൊക്കെ കണ്ടതുകൊണ്ട് നമുക്ക് അശേഷം പേടിയില്ലാത്ത കാര്യമാണ് മാറ്റം എന്നു പറയുന്നത്. അതാണ് അതിന്റെ ഏറ്റവും വലിയ രസം.
മാറ്റം എന്നു പറഞ്ഞ് പേടിപ്പിക്കാനേ പറ്റില്ല. എവിടെച്ചെന്നാലും പോളിസി കൺസിസ്റ്റന്റ് തന്നെയാണ്. കസേര മാറുന്നു, ആളുകൾ മാറുന്നു, പ്രൊട്ടസ്റ്റ് മാറുന്നു എന്നേയുള്ളൂ. എല്ലായിടത്തും ഒരേ നയത്തിൽ തന്നെയാണ് പോകുന്നത്. അനുഭവങ്ങൾ പൊള്ളിക്കുന്ന ഒരുപാട് യാതാർത്ഥ്യമുണ്ട്. ആ യാഥാർത്ഥ്യത്തിന്റെ ഭാഗമാണ് താനും.
കേരളത്തിലെ ഒരു പ്ലസ് പോയിന്റ് എന്നു വച്ചാൽ എല്ലാവരുടേയും വോയ്സ് കേൾക്കാനുള്ള പരിസരമുണ്ട്. അങ്ങനെ ആരെയും ചവിട്ടിത്തേച്ച്, മറ്റു സ്ഥലങ്ങളിൽ നടക്കുന്ന പോലെ സ്റ്റീം റോളർ കേറ്റി ഇറക്കി അവരുടെ അഡ്രസുമില്ല കൂരയുമില്ല എന്ന തരത്തിലുള്ള സാഹചര്യമൊന്നും കേരളത്തിലില്ല. അതിന് പല ഘടകങ്ങളുണ്ട്. പ്രത്യേകിച്ച് ഇടതു മൂവ്മെന്റ് വലിയ ശക്തി തന്നെയാണ്. പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്മെന്റിന്റേതെന്നും അശോക് പറഞ്ഞു.
ചെയർമാന്റെ ഏകാധിപത്യ പ്രവണതയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷൻ പറയുന്നത്. സ്ഥലം മാറ്റം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഇവർ വ്യക്തമാക്കി. ഒരു ദിവസം മുന്നേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാൻസ് ഡയറക്ടറെ ചെയർമാൻ കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് നിയോഗിച്ചത്.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെയടക്കം സസ്‌പെൻഷൻ പിൻവലിച്ചത് സ്ഥലംമാറ്റത്തോടെ ആയിരുന്നു. എം ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയപ്പോൾ ഹരികുമാറിന്റെ പ്രൊമോഷൻ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയനായിരുന്ന ജാസ്മിൻ ബാനുവിന്റെ സസ്പെൻഷൻ നേരത്തെ പിൻവലിച്ചിരുന്നു. എന്നാൽ സീതത്തോട് ഡിവിഷനിലേക്ക് സ്ഥലം മാറ്റിയാണ് നടപടി സ്വീകരിച്ചത്.
സസ്‌പെൻഷനിലിരിക്കെ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാറടക്കമുള്ള ഭാരവാഹികൾ ഇരുന്ന സീറ്റിലേക്ക് പുതിയ ആളുകളെ നിയമിച്ച് നേരത്തെ ഉത്തരവായിരുന്നു. എം.ജി. സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എൻജിനീയറിങ്ങിൽ പുതിയ ഇ.ഇ.യെയും ജാസ്മിൻ ബാനുവിന്റെ സീറ്റായ തിരുവനന്തപുരം ഡിവിഷണിൽ പുതിയ ഇ.ഇയെയും നിയമിച്ച് ഉത്തരവിറക്കി. സ്ഥാനക്കയറ്റം ലഭിച്ച എ.ഇ.ഇമാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. എന്നാൽ സംഘടന ജനറൽ സെക്രട്ടറി ബി. ഹരികുമാറിന് പ്രൊമോഷൻ നൽകിയിട്ടില്ല.
സമരം നടത്തി മാനേജ്മെന്റിനെ വെല്ലുവിളിച്ച കെഎസ്ഇബിയിൽ ഇടത് സംഘടനകൾക്ക് തിരിച്ചടിയാകുന്നതാണ് സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ. യൂണിയൻ നേതാക്കളും ചെയർമാനും തമ്മിലുള്ള പോരിനിടെയാണ് സർവീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് എം ജി സുരേഷ് കുമാർ അടക്കമുള്ള നേതാക്കളെ സസ്‌പെൻഡ് ചെയ്തത്.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിയും സസ്‌പെൻഡ് ചെയ്തിരുന്നു. കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെൻഡ് ചെയ്തതാണ് കെഎസ്ഇബിയിലെ പോരിന് കാരണമായത്. അനുമതി കൂടാതെ അവധിയിൽ പോയി, ചുമതല കൈമാറുന്നതിൽ വീഴ്ച വരുത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ച് മാർച്ച് 28നായിരുന്നു സസ്‌പെൻഷൻ ഉത്തരവ് നൽകിയത്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ ചെയർമാൻ പരിഹസിച്ചുവെന്നും, സംഘടനയുമായി ചർച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷൻ ആരോപിച്ചിരുന്നു.
ബോർഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കെഎസ്ഇബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെ ചെയർമാൻ ബി അശോക് സസ്‌പെന്റ് ചെയ്തിരുന്നത്. നേരത്തെ തന്നെ ചെയർമാനും കെഎസ്ഇബി ഓഫീസേർസ് അസോസിയേഷനും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. രണ്ടു ദിവസം പണിമുടക്ക് നടത്തുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്‌പെൻഷൻ ലഭിച്ചത്. എന്നാൽ തങ്ങൾ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ