- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര് വൈദ്യുതിഭവൻ വളഞ്ഞാലും ചെയർമാനോ കെഎസ്ഇബിയോ വളയില്ല; ഓഫീസേഴ്സ് അസോസിയേഷന്റെ വൈദ്യുതി ഭവൻ വളയൽ നിരോധിച്ച് ഉത്തരവിറക്കി ചെയർമാൻ; ചട്ടലംഘനത്തിന് ഓഫീസർമാരെ പൂട്ടാൻ ബി.അശോക്
തിരുവനന്തപുരം: വൈദ്യുതി ഭവൻ ഉപരോധിച്ച് സമരം കടുപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ. നാളെ ആയിരം പേരെ അണിനിരത്തി വൈദ്യതിഭവൻ വളയും. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, അസോസിയേഷൻ നടത്താനിരുന്ന വൈദ്യുതിഭവൻ വളയൽ നിരോധിച്ച് വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക് ഉത്തരവിറക്കി. അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. നാളെ സമരത്തിൽ പങ്കെടുക്കുന്നവർ ഏപ്രിൽ 5 മുതൽ ഡ്യൂട്ടി ചെയ്യാത്തതായി കണക്കാക്കും. ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു
ആര് വൈദ്യുതിഭവൻ വളഞ്ഞാലും ചെയർമാനോ കെഎസ്ഇബിയോ വളയില്ലെന്ന് ബി അശോക്് പറഞ്ഞു. സമരം ചെയ്യുന്നവർ തൊഴിലാളികളല്ലെന്നും മാനേജർമാരാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം അയ്യായിരം മുതൽ പതിനായിരം രൂപവരെ ശമ്പളം വാങ്ങുന്നവരാണ്. ഇത് ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അശോക് പറഞ്ഞു.
അതേസമയം കെഎസ്ഇബിയിലെ സമരം പരിഹരിക്കാൻ ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചതോടെ പ്രശ്നം കഴിഞ്ഞു. അത് വിട്ടുവീഴ്ചയാണ്. ഇനിയുള്ള പ്രശ്നങ്ങൾ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിയൻ നേതാവിന്റെ സസ്പെൻഷനായിരുന്നു സമരത്തിന്റെ ആധാരം.
അതേസമയം, കെഎസ്ഇബി ചെയർമാൻ ബി.അശോകിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ പിൻവലിക്കുക, സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം നേതാക്കളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓഫിസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് പുനരാരംഭിച്ചു.
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എംജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്‌മെന്റ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ്‌കുമാറിനെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നതിനെ ഗൗരവമായി മാനേജ്‌മെനറ് കാണുന്നു. ജീവനക്കാരെ തടയില്ലെന്ന് പറയുമ്പോഴും നാളത്തെ ഓഫീസ് വളയൽ സമരത്തെ ഗൗരവത്തോടെയാണ് കെഎസ്ഇബി മാനേജ്‌മെന്റ് കാണുന്നത്. സംഘർഷ സാധ്യത ഉണ്ടായാൽ വീണ്ടും സമരക്കാർക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും.
മറുനാടന് മലയാളി ബ്യൂറോ