തിരുവനന്തപുരം: കെഎസ്ഇബിയിൽ ചെയർമാൻ ബി.അശോകും, ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും തമ്മിലുള്ള പോര് പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് കാണിച്ച് ഏഴ് ലക്ഷത്തോളം രൂപ പിഴയാണ് ചുമത്തിയത്. മന്ത്രി എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് അനധികൃതമായി കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചുവെന്നതാണ് നടപടിക്ക് കാരണം. 6,72,560 രൂപ പിഴയൊടുക്കണമെന്നാണ് നിർദ്ദേശം. ഇതോടെ മുൻ വൈദ്യുതി മന്ത്രി എം എം മണിക്കും, സിപിഎമ്മിനും എതിരെയുമാണ് പിഴ എന്നാരോപിച്ച് പ്രതിരോധം തീർക്കാൻ സൈബർ സഖാക്കൾ സോഷ്യൽ മീഡിയയിൽ അങ്കം കുറിച്ചുകഴിഞ്ഞു. രാഷ്ട്രീയ ട്വിസ്റ്റിലൂടെ ചെയർമാനെ മാറ്റാനുള്ള തന്ത്രമാണ് പയറ്റുന്നത്.

പവർസിസ്റ്റം എൻജിനീയറിങ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനീയറായ സുരേഷ് കുമാർ വൈദ്യുതി ബോർഡ് ചെയർമാനും മന്ത്രിക്കുമെതിരെ തിരിഞ്ഞിരിക്കുന്നത് സ്വയം നടത്തിയ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുമ്പോഴാണ്. വൈദ്യുതി വകുപ്പിൽ സൂപ്പർമന്ത്രിയായി വിലസിയ കാലത്ത് ഇദ്ദേഹം നടത്തിയ സ്വകാര്യ യാത്രകളുടെ പണം വഹിക്കേണ്ടി വന്നതും വൈദ്യുതി ബോർഡിനായിരുന്നു. എന്നാൽ സർക്കാർ പണം കൊണ്ടു വിനോദയാത്ര നടത്തിയ സുരേഷ് കുമാറിനെതിരെ ശക്തമായ നടപടിക്കാണ് വൈദ്യുതി ബോർഡ് ഒരുങ്ങുന്നത്.

തിരുവനന്തപുരത്തു നിന്നും കുറ്റ്യാടിയിലെ വസതിയിലേക്ക് യാത്ര ചെയ്യാനായി എം ജി സുരേഷ് കുമാർ കെഎസ്ഇബിയുടെ വാഹനമാണ് ഉപയോഗിച്ചത്. കോഴിക്കോട്, വയനാട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സ്വകാര്യയാത്രകൾക്കായി ബോർഡിന്റെ വാഹനം ഉപയോഗിച്ച വകയിൽ ചെലവായിരിക്കുന്നത് 6,72,560 രൂപയാണ്. ഈ തുക ബോർഡിലേക്ക് തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡ് ചെയർമാനും എംഡിയുമായി ബി അശോക് സുരേഷ് കുമാറിന് നോട്ടീസ് നൽകി. 19ാം തീയ്യതിയാണ് ഈ നോട്ടീസ് നൽകിയിരിക്കുന്നത്.

സംഗതി വിവാദമായതോടെ, കെഎസ്ഇബി ചെയർമാൻ പിഴ ചുമത്തിയത് സിപിഎമ്മിനും മുൻ വൈദ്യുതി മന്ത്രി എം.എം.മണിക്കും ആണെന്ന ന്യായീകരണവുമായി സൈബർ സഖാക്കൾ രംഗത്തിറങ്ങി. മുൻ മന്ത്രിയുടെ ഓഫീസ് പ്രവർത്തനം പരിശോധിക്കാൻ ഏത് ഐഎഎസ് ശിങ്കം തന്റേടം കാട്ടിയിട്ടുണ്ടെന്ന് എന്നാണ് ചോദ്യം. 'തുടർ ഭരണത്തിന്റെ ചെങ്കോലേന്തുന്ന ഒരു മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ മടയിലല്ലേ ശിങ്കം ആഞ്ഞു വെട്ടിയിരിക്കുന്നത്.... കേമനെന്നു ചുമ്മാ പറഞ്ഞാൽപ്പോര. കെങ്കേമനാണ് അശോക് കുമാർ. മന്ത്രി കൃഷ്ണൻകുട്ടിയും തഥൈവ.'-കെ.ജി.ബിജു എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലയളവിൽ ജെഎഡി സെക്രട്ടറിയാണ് അദ്ദേഹത്തിന്റെ മേലധികാരി എന്നും കെഎസ്ഇബിക്ക് എം.ജി.സുരേഷ് കുമാറിന് മീതേ ഔദ്യോഗിക മേലധികാരം ഉണ്ടായിരുന്നില്ല എന്നുമാണ് വാദം. വൈദ്യുതി മന്ത്രിയുടെ ഓഫീസിലെ പ്രവർത്തന കാലയളവിലെ ഏതെങ്കിലും ഒരു സംഭവത്തിന്റെയോ ആക്ഷേപത്തിന്റെയോ ആരോപണത്തിന്റെയോ പേരിൽ സുരേഷ് കുമാറിന് നോട്ടീസ് കൊടുക്കാനും ശിക്ഷ വിധിക്കാനും കെഎസ്ഇബി ചെയർമാൻ എന്ന നിലയിൽ ബി അശോകിന് യാതൊരു അധികാരവുമില്ല എന്നും കുറിപ്പിൽ കെ.ജി.ബിജു വാദിക്കുന്നു. ആ പുളപ്പിനെ രാഷ്ട്രീയമായിത്തന്നെയാണ് നേരിടേണ്ടത്. വേണ്ടി വന്നാൽ അതിനപ്പുറവും പോകണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, മുൻവൈദ്യുതി മന്ത്രിയുടെ അഡീഷണൽ പിഎസ് ആയിരിക്കെ, KL01 BQ 2419 നമ്പർ വാഹനമാണ് സുരേഷ് കുമാർ ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ബോർഡ് അന്വേഷണം നടത്തിയത്. മൂന്ന് വാഹനം മന്ത്രിയുടെ ഓഫീസിലേക്കായി വിട്ടുനൽകിയിരുന്നു. ഇതിൽ ഒരു വാഹനമാണ് സുരേഷ് നിരന്തരം ഉപയോഗിച്ചത്. നിരവധി തവണ വ്യക്തമായ വിശദീകരണം നൽകാതെ ഇദ്ദേഹം വാഹനം ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യത്തിൽ പല യാത്രകളും യൂണിയൻ നേതാവിന്റെ തോന്നും പടിയായിരുന്നു. ഇക്കാര്യം ബോർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വിലക്ക് ലംഘിച്ച് സമരം നടത്തിയതിന് സസ്പെൻഷനിലായി നേതാവാണ് എം ജി സുരേഷ് കുമാർ. ഇതിനെതിരെയാണ് തുടർ സമരവുമായി യൂണിയൻ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. ഈ സമരത്തിനെതിരെ ബോർഡിൽ വികാരം ശക്തമാണ്. മുന്മന്ത്രിമാരായ എം.എം മണിയുടെയും എ.കെ ബാലന്റെയും പഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ. സുരേഷ് കുമാറിനെതിരെ പിഴ ചുമത്തിയപ്പോൾ മണിയാശാന് എതിരെയും സിപിഎമ്മിനും എതിരെയുമാണ് പിഴ എന്നാരോപിച്ച് പ്രതിരോധം തീർക്കാനാണ് സൈബർ സഖാക്കളുടെ ശ്രമം. ഇക്കാര്യത്തിൽ, മന്ത്രി കെ.കൃഷ്ണൻ കുട്ടിയോടുള്ള സഖാക്കളുടെ അതൃപ്തിയും പോസ്റ്റിൽ പ്രകടമാണ്.

കെ.ജി.ബിജുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം

യഥാർത്ഥത്തിൽ കെഎസ്ഇബി ചെയർമാൻ പിഴ ചുമത്തിയിരിക്കുന്നത് സിപിഐഎമ്മിനും മുൻ വൈദ്യുതി മന്ത്രി സഖാവ് എം എം മണിക്കുമാണ്. അവരാണല്ലോ എം ജി സുരേഷ് കുമാറിനെ വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്. അശോകിന് വാഴ്‌ത്തു ഗീതങ്ങൾ ചമയ്‌ക്കേണ്ടത് ഈ തന്റേടത്തിനാണ്. ഒരു മുന്മന്ത്രിയുടെ ഓഫീസ് പ്രവർത്തനം പരിശോധിക്കാൻ ഇതിനു മുമ്പ് ഏത് ഐഎഎസ് ശിങ്കം തന്റേടം കാട്ടിയിട്ടുണ്ട്? തുടർ ഭരണത്തിന്റെ ചെങ്കോലേന്തുന്ന ഒരു മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ മടയിലല്ലേ ശിങ്കം ആഞ്ഞു വെട്ടിയിരിക്കുന്നത്.... കേമനെന്നു ചുമ്മാ പറഞ്ഞാൽപ്പോര. കെങ്കേമനാണ് അശോക് കുമാർ. മന്ത്രി കൃഷ്ണൻകുട്ടിയും തഥൈവ.

അശോകശാസനം വായിച്ചാൽ തോന്നുക, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്ന ബോഡും തൂക്കി ഒരു ദിവസം രാവിലെ വൈദ്യുതി മന്ത്രിയുടെ ഓഫീസിലേയ്ക്ക് സ്വന്തം നിലയിൽ ഓടിക്കയറിച്ചെല്ലുകയായിരുന്നു സുരേഷ് കുമാർ എന്നാണ്. അതൊരു പൊളിറ്റിക്കൽ നിയമനമാണ്. അദ്ദേഹത്തെ ആ സ്ഥാനത്തേയ്ക്ക് നിയോഗിച്ചത് പാർട്ടിയാണ്.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. നിയമിച്ച് ഉത്തരവിറക്കിയത് പൊതുഭരണവകുപ്പ്. ചുമതലയേറ്റ ദിവസം മുതൽ ഒഴിയുന്ന ദിവസം വരെ ജിഎഡി സെക്രട്ടറിയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക മേലധികാരി. ആ കാലയളവിൽ കെഎസ്ഇബിക്ക് എം ജി സുരേഷ് കുമാറിനു മീതേ ഒരു ഔദ്യോഗിക മേലധികാരവുമില്ല.

ആ കാലയളവിലെ സുരേഷ് കുമാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി കിട്ടിയാൽ ബി അശോക് ഐഎഎസിന് ആകെ ചെയ്യാൻ കഴിയുന്നത്, ജിഎഡി സെക്രട്ടറിക്ക് അയച്ചു കൊടുക്കുക എന്നതു മാത്രമാണ്. വൈദ്യുതി മന്ത്രിയുടെ ഓഫീസിലെ പ്രവർത്തന കാലയളവിലെ ഏതെങ്കിലും ഒരു സംഭവത്തിന്റെയോ ആക്ഷേപത്തിന്റെയോ ആരോപണത്തിന്റെയോ പേരിൽ സുരേഷ് കുമാറിന് നോട്ടീസ് കൊടുക്കാനും ശിക്ഷ വിധിക്കാനും കെഎസ്ഇബി ചെയർമാൻ എന്ന നിലയിൽ ബി അശോകിന് യാതൊരു അധികാരവുമില്ല എന്നർത്ഥം.

ഐഎഎസ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുതിർന്ന ഐഎഎസുകാരന് അറിയാത്ത കാര്യമല്ല അത്. എന്നിട്ടും കാലണയുടെ വിലയില്ലാത്ത ഈ നോട്ടീസ് പുറപ്പെടുവിക്കുകയും അത് സകലമാന പത്രങ്ങൾക്കും ചോർത്തിക്കൊടുത്ത് വിവാദമുണ്ടാക്കുകയും ചെയ്യുമ്പോൾ, ഉന്നം അന്നത്തെ വൈദ്യുതി മന്ത്രി എം എം മണിയും സിപിഐഎമ്മുമാണ് എന്ന് മനസിലാക്കാൻ സെക്രട്ടേറിയറ്റ് മാനുവൽ അരച്ചുകലക്കിക്കുടിക്കേണ്ട കാര്യമൊന്നുമില്ല.

അതുകൊണ്ട് മുന്മന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും പിഴയിടാൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥ ശിങ്കം എന്ന നിലയിൽത്തന്നെ അശോകിനുവേണ്ടി വാഴ്‌ത്തുമൊഴികൾ പിറക്കണം. വേണ്ടിവന്നാൽ സിനിമയുമിറക്കണം. ശിങ്കത്തിന്റെ കിങ്കരപ്പണിയേറ്റെടുത്ത മാധ്യമപ്രവർത്തകർ ശ്രദ്ധിക്കേണ്ട പോയിന്റാണിത്. ഇന്ധനം ഈ വഴിക്കു കത്തിച്ചാൽ മൈലേജ് കൂടും.
ഇനി നോട്ടീസിലേയ്ക്ക്. ഒരു ഊമക്കത്തിലാണ് കഥയുടെ തുടക്കം. അത് മറയില്ലാതെ വെളിപ്പെടുത്തിയ ശിങ്കത്തിനെ സമ്മതിക്കണം. a petitioner withholding the name എന്ന് ആദ്യവാചകത്തിൽത്തന്നെ തുറന്നു പറയാൻ മാത്രം സത്യസന്ധനും ആദർശധീരനുമാണ് അഭിവന്ദ്യ ചെയർമാനോപ്പൊലീത്ത. വാഹനത്തിന്റെ ലോഗ് ബുക്കിന്റെ വിവരങ്ങൾ സഹിതമാണത്രേ പരാതി. വാഹനവും ലോഗു ബുക്കുമൊക്കെ കെഎസ്ഇബിയുടെ കസ്റ്റഡിയിലാണല്ലോ. ഇമ്മാതിരി ഒരു ഊമക്കത്തു വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സ്വാഭാവികം.

പക്ഷേ താനൊരു വെറും കൃിമിയാണെന്ന് ഉത്തരവിന്റെ ഒന്നാമത്തെ ഖണ്ഡികയിലെ അവസാന വാചകത്തിൽത്തന്നെ ബി അശോകിനു തുറന്നു പറയേണ്ടി വന്നതാണ് ദുര്യോഗം. It is also stated that no official functions were assigned to you by the then private secretary, his official superior or the honourable minister to those destinations on those days. മന്ത്രി, അല്ലെങ്കിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഇവരാണ് എം ജി സുരേഷ് കുമാറിന്റെ ഒഫിഷ്യൽ സുപ്പീരിയർ എന്ന് കെഎസ്ഇബി ചെയർമാൻ തന്നെ സമ്മതിച്ചിരിക്കുന്നു.

those daysൽ കെഎസ്ഇബിക്ക് ഈ കാലയളവിൽ സുരേഷ് കുമാറിനുമേൽ യാതൊരു ഔദ്യോഗിക നിയന്ത്രണാധികാരങ്ങളുമില്ല എന്ന് ചെയർമാൻ തന്നെ സമ്മതിക്കുന്നു. അതായദുത്തമാ, those dsay സുരേഷ് കുമാർ വണ്ടിയോടിച്ചതിന്റെ ലോഗു ബുക്കും പൊക്കിപ്പിടിച്ച് ഉറുമി വീശാൻ കെഎസ്ഇബി ചെയർമാൻ ഒരധികാരവുമില്ല. അങ്ങനെ മിന്നൽ മുരളി കളിക്കാൻ പറ്റിയ ഗോദയല്ലിത്.

കളി കാര്യമാകുന്നത് ഈ വാചകത്തിലാണ്. സുരേഷ് കുമാറിന്റെ യാത്രകൾ ഔദ്യോഗികമാണോ അല്ലയോ എന്ന് പറയേണ്ടത് രണ്ടേ രണ്ടുപേർ. ഒന്ന് മന്ത്രി. രണ്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. എന്നുവച്ചാൽ, മന്ത്രിയോഫീസിൽ ജോലി ചെയ്യുന്ന കാലയളവിൽ സുരേഷ് കുമാറിന്റെ പ്രവർത്തനങ്ങളെ ഔദ്യോഗികമെന്നോ സ്വകാര്യമെന്നോ വേർതിരിക്കേണ്ടത് മന്ത്രിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമാണ്. അതിലൊന്നും ബി അശോകിന് ഒരു കാര്യവുമില്ല. എത്ര മുഴുത്ത ഐഎഎസ് കഴുത്തിൽ കിടന്നാലും.

ഈ രണ്ടുപേരിൽ നിന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടാൻ അധികാരമോ തന്റേടമോ ബി അശോക് എന്ന ഐഎഎസ് പ്രമാണിക്കുണ്ടോ? കിട്ടിയ ഊമക്കത്തും പൊക്കിപ്പിടിച്ച് ചോദ്യം ചെയ്യാൻ മണിയാശാന്റെ മുന്നിലൊന്ന് ചെന്നുനോക്കട്ടെ, ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ്. വിവരമറിയും. ഈ രണ്ടുപേരുടെയും ഔദ്യോഗിക സ്ഥിരീകരണമില്ലാതെ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദവിയിലിരിക്കെ സുരേഷ് കുമാർ നടത്തിയ യാത്രകൾ സ്വകാര്യമാണോ ഔദ്യോഗികമാണോ എന്ന് തീർപ്പു കൽപ്പിക്കാനാവില്ല.

അന്വേഷിക്കാൻ തന്നെ അധികാരമില്ല. പിന്നെയല്ലേ ശിക്ഷ വിധിക്കാൻ.
യാത്ര സ്വകാര്യ ആവശ്യത്തിനാണെന്നു തെളിയിക്കാൻ ബി അശോക് തന്റെ നിലവാരത്തിനു ചേർന്നവിധത്തിൽ ഒരു ഊളത്തരം എഴുതിപ്പിടിപ്പിച്ചിട്ടുണ്ട് ഈ നോട്ടീസിൽ. എട്ടാമത്തെ പാരഗ്രാഫിൽ കണ്ണു തുറന്നു വായിക്കുക.. Statements recorded by the Chief Vigilance Officer from Shri C V Nandan, former chief Engineer and then driver Shri V A Krishnan Kutty clearly states that you have travelled from Ernakulam and reachced your residence at Kuttiad, Kozhikkode on 18/11/2020 and the traveller was offered a black tea by your spouse and he returned on the same day.

വീട്ടിൽ വന്നവർക്ക് കട്ടൻചായ കൊടുക്കുമ്പോൾ, പാവം സുരേഷ് കുമാറിന്റെ ഭാര്യ അറിഞ്ഞിരുന്നില്ല, അത് തന്റെ ഭർത്താവ് ഭാവിയിൽ ആറു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുന്ന കുറ്റത്തിന്റെ തെളിവാകുമെന്ന്. ഏതായാലും വീട് റെയിഡ് ചെയ്ത് കപ്പും സോസറും തൊണ്ടി മുതലായി പിടിച്ചെടുക്കാൻ ഐഎഎസ് ശിങ്കം ഇതുവരെ ഉത്തരവിട്ടിട്ടില്ല. ചെയർമാനൊന്നു മൂളിയിരുന്നെങ്കിൽ, സുരേഷ് കുമാറിന്റെ വീടിന്റെ അടുക്കളയിൽ കെഎസ്ഇബിയുടെ വിജിലൻസ് സംഘം താണ്ഡവമാടിയേനെ. അങ്ങനെ സംഭവിക്കാത്തതിന് സുരേഷ് കുമാറും ഭാര്യയും അദ്ദേഹത്തോട് ജീവിതകാലമത്രയും കടപ്പെട്ടിരിക്കണം.

എറണാകുളത്തു നിന്ന് കുറ്റ്യാടി വരെ എത്തിയതിനാണ് പിഴ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലായിരുന്നല്ലോ വൈദ്യുതി മന്ത്രിയുടെ ഓഫീസ്. അവിടെയല്ലേ സുരേഷ് കുമാർ ജോലി ചെയ്യേണ്ടത്. ടിയാനെന്തിന് എറണാകുളത്തെത്തി? അക്കാര്യം അന്വേഷിക്കാൻ വിട്ടുപോയ വിജിലൻസ് ഓഫീസർക്കെതിരെ വേറൊരു അന്വേഷണത്തിന് ഉത്തരവിടേണ്ടതാണ്.

വാഹനം സംബന്ധിച്ച ആരോപണത്തിലേയ്ക്കു തന്നെ വരാം. പാരഗ്രാഫ് മൂന്നിൽ ഇങ്ങനെ പറയുന്നു.............. the company secretary of KSEBL reported on 5/4/2022 that the company vehicle bearing the registration number KL01 BQ 2419 was under the custody of Shri M G Suresh Kumar, Additional Private Secretary of of the Hon'ble Miinister of Electricity from 1/8/2017 to 27/6/2020.
തൊട്ടടുത്ത പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു... Firstly no order by any competent authority could be traced in both offices concerned sparing the vehicle for your official use as required.... ഒരു ഉത്തരവുമില്ലാതെ, ആരുടെയും അനുമതിയില്ലാതെ മന്ത്രിയോഫീസിലേയ്ക്ക് സുരേഷ് കുമാർ വണ്ടിയുമെടുത്ത് കടന്നു കളയുകയായിരുന്നോ ആവോ?

ഡ്രൈവറെയും സഹിതം. അങ്ങനെ ചെയ്യുകയായിരുന്നെങ്കിൽ, മോഷണക്കുറ്റത്തിനല്ലേ കേസെടുക്കേണ്ടത്? സ്വന്തം കസ്റ്റഡിയിൽ ഇരിക്കേണ്ട വാഹനം മുന്നു വർഷത്തോളം കാണാതായിട്ടും അക്കാര്യം ബന്ധപ്പെട്ട അധികാരികളെയോ പൊലീസിനെയോ അറിയിക്കാത്ത കസ്റ്റോഡിയന്റെ പേരിലും വേണ്ടേ അച്ചടക്ക നടപടികൾ? അയാളും വഹിക്കേണ്ടതല്ലേ, പിഴയുടെ ഒരു ഭാഗം? കെഎസ്ഇബി ചെയർമാന്റെ കസേരയിലുന്നുകൊണ്ട് ബി അശോക് ഐഎഎസ് ചോദ്യം ചെയ്യുന്നത് മുൻ വൈദ്യുതി മന്ത്രിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ അധികാരത്തെയുമാണ്.

മന്ത്രിയുടെ ഓഫീസ് ആവശ്യത്തിന് കെഎസ്ഇബിയുടെ വാഹനം ഉപയോഗിക്കാൻ അനുമതിയില്ലായിരുന്നു എന്നൊരു വാചകമെഴുതിയ ഇത്തരമൊരു കത്ത് സകലമാന മാധ്യമങ്ങൾക്കും ചോർത്തിക്കൊടുക്കുക വഴി മറ്റൊന്നുമല്ല അദ്ദേഹം ലക്ഷ്യമിടുന്നത്.
മന്ത്രിയുടെ ഓഫീസിലേയ്ക്ക് വാഹനം നൽകാൻ കോംപീറ്റന്റ് അഥോറിറ്റിയുടെ ഉത്തരവില്ലായിരുന്നില്ലത്രേ. അതേതാണാവോ 'ഈ കോംപീറ്റന്റ് അഥോറിറ്റി'. മന്ത്രിക്കും മീതെയാണ് ഉദ്യോഗസ്ഥപ്രമാണിമാരും അവരുടെ 'കോംപീറ്റന്റ് അഥോറിറ്റി'കളും എന്ന ഗർവിന്റെ പുളപ്പാണ് ഈ വാചകത്തിലുനീളമുള്ളത്.

ആ പുളപ്പിനെ രാഷ്ട്രീയമായിത്തന്നെയാണ് നേരിടേണ്ടത്. വേണ്ടി വന്നാൽ അതിനപ്പുറവും പോകണം. മന്ത്രിയോഫീസിലെ വാഹനം, എന്തിന് എങ്ങോട്ടു പോകുന്നു എന്നു പരിശോധിച്ചാൽപ്പോരല്ലോ. ഐഎഎസുകാരുടെ വീടുകളിൽ എത്ര സർക്കാർ വാഹനങ്ങളുണ്ട്. ചന്തയിൽ പോകാനും കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാനും വീട്ടിൽ പോകാനും ബന്ധുമിത്രാദികൾക്ക് ഉപയോഗിക്കാനുമൊക്കെ വെവ്വേറെ സർക്കാർ വാഹനങ്ങൾ സംഘടിപ്പിച്ച് വീട്ടിനു മുന്നിൽ നിരത്തിയിട്ടിരിക്കുന്നവരുണ്ടത്രേ.

ഏത് കോംപീറ്റന്റ് അഥോറിറ്റി പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തിലാണ് ഈ വാഹനങ്ങൾ ചീറിപ്പായുന്നത് എന്നും പരിശോധിക്കേണ്ടതല്ലേ? ബി അശോകിന്റെ വീട്ടിൽത്തന്നെ എത്ര വാഹനങ്ങളുണ്ടാവും?ഈ വാഹനങ്ങളുടെ ലോഗ് ബുക്ക് ആരാണ് പരിശോധിക്കുക? കോംപീറ്റന്റ് അഥോറിറ്റിയുടെ ഉത്തരവിന്റെ പിൻബലത്തിലാണോ വാഹനം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ പരിശോധിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ട്രേഡ് യൂണിയൻ സഖാക്കൾ ആലോചിക്കണം.

കേട്ടുകേൾവിയില്ലാത്ത പകപോക്കലാണ് എം ജി സുരേഷ് കുമാറിനെതിരെ ബി അശോക് തുടങ്ങിവെച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികൾ പോലും ഭരണം കിട്ടുമ്പോൾ ലോഗ് ബുക്കും പൊക്കിപ്പിടിച്ച് എതിർ ചേരിയിലെ മന്ത്രിമാരുടെ ഓഫീസിലിരുന്നവരെ വേട്ടയാടിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിനെതിരെയുള്ള ഉദ്യോഗസ്ഥ പ്രമാണിയുടെ രണ്ടും കൽപ്പിച്ച നീക്കമായിത്തന്നെ ബി അശോകിന്റെ ഈ ഉത്തരവിനെ കാണണം. അദ്ദേഹം ഒറ്റയ്ക്കാണ് എന്നും കരുതുക വയ്യ. പ്രബലമായ ഐഎഎസ് ലോബിയുടെ പിൻബലത്തിന്റെ ധാർഷ്ട്യം വാചകഘടനയിലുടനീളമുണ്ട്. മന്ത്രിയും മന്ത്രിയുടെ ഓഫീസുമൊക്കെ തങ്ങളുടെ അധികാരത്തിന് കീഴെയാണ് എന്ന് സ്ഥാപിച്ചെടുക്കുകതന്നെയാണ് അവർ ചെയ്യുന്നത്. ഒരു എം ജി സുരേഷ് കുമാറും അദ്ദേഹം ഉപയോഗിച്ച വാഹനത്തിന്റെ ലോഗ് ബുക്കും അദ്ദേഹത്തിന്റെ ഭാര്യ ഡ്രൈവർക്കു നൽകിയ കട്ടൻചായയുമൊക്കെ ക്ലൈമാക്‌സിലേയ്ക്ക് കണ്ടുവെച്ച വെറും ഉപകരണങ്ങൾ മാത്രം.