- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് പണിമുടക്കാൻ അവകാശമില്ല; വൈദ്യുതി വിതരണത്തിന് തടസം നേരിട്ടാൽ സാധാരണ ജീവിതം തകിടം മറിയും; കെസ്മ പ്രയോഗിക്കുമെന്ന പരോക്ഷ മുന്നറിയിപ്പ് നൽകി കെഎസ്ഇബി; ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സൂചിപ്പിച്ച് ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും ബോർഡ്
തിരുവനന്തപുരം: കെഎസ്ഇബി ഓഫിസർമാരുടെ സമരം നേരിടാൻ സർക്കാരിന് കേരള അവശ്യ സേവന നിയമം (കെസ്മ) പ്രയോഗിക്കാമെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി വിതരണം അവശ്യ സേവനമാണ്. ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുകയും വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയും ചെയ്താൽ 'കെസ്മ' ബാധകമാക്കിയും സമരം നിരോധിച്ചും സർക്കാർ ഉത്തരവിറക്കണം. ഈ പശ്ചാത്തലത്തിൽ, ജീവനക്കാർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി മാനേജ്മെന്റ്. വിധിയിലെ പരാമർശങ്ങൾ എടുത്ത് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മാനേജ്മെന്റ് പരോക്ഷ മുന്നറിയിപ്പ് നൽകുന്നത്.
സർക്കാർ ഉദ്യോഗസ്ഥർക്കും പണിമുടക്കി സമരം ചെയ്യുവാൻ അവകാശമില്ലെന്ന മുൻ ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അവകാശമാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. വൈദ്യുതി വിതരണം അവശ്യ സേവനമാണ്. സംസ്ഥാനത്ത് വൈദ്യുതി ലഭ്യമാക്കുന്നതിന് കെഎസ്ഇബി അല്ലാതെ മറ്റ് ഏജൻസികളില്ല. ജോലിയിൽ നിന്നും വിട്ടുനിൽക്കുക വഴി വൈദ്യുതി വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നവർ സമൂഹത്തിന്റെ സാധാരണ ജീവിതമാണ് തകിടം മറിക്കുന്നതാണ്, എന്നിങ്ങനെ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കെഎസ്ഇബി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ബോർഡും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ സർക്കാരിന് മാധ്യസ്ഥം വഹിക്കാമെന്നും പൊതുജന നന്മ ലക്ഷ്യം വച്ച് സമാധാനപരമായി വിഷയങ്ങൾ ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കണ്ടെത്തണമെന്നും ചൂണ്ടിക്കാട്ടുന്ന കെഎസ്ഇബി സമരക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്നും പരോക്ഷമായി ആവശ്യപ്പെടുന്നു. സമരം ചെയ്യുന്ന ഓഫിസർമാർക്കെതിരെ പെരുമാറ്റ ചട്ട ലംഘനത്തിനു നടപടിയെടുക്കാൻ ബോർഡിന് അധികാരമുണ്ടെന്നുൾപ്പെടെ നിരീക്ഷിച്ചായിരുന്നു ജസ്റ്റിസ് സിഎസ് ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സമരം നിരോധിച്ചും 'കെസ്മ' ബാധകമാക്കിയും സർക്കാർ ഉത്തരവിറക്കിയാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കു തടവും പിഴയും ശിക്ഷ കിട്ടാം. കെഎസ്ഇബി ഓഫിസർമാർക്കു കേരള സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം ബാധകമാണെന്നു കോടതി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ഏതു സമരവും നിയമ വിരുദ്ധമാണെന്നു ഹൈക്കോടതി 'ബാലഗോപാൽ കേസി'ൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരക്കാർക്കെതിരെ നടപടിയെടുക്കാം; ജീവനക്കാരുടെ കൂടി വാദം കേട്ടു തീരുമാനം എടുക്കണം. കോടതി നിർദേശിച്ചു.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി സ്വദേശി അരുൺ ജോസും സമരം തുടരുമെന്നു പ്രഖ്യാപിച്ച സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി.ജയചന്ദ്രൻ നായരും നൽകിയ ഹർജികളാണു കോടതിയിലുള്ളത്. കേസ് മേയിൽ വീണ്ടും പരിഗണിക്കും.
അതേസമയം, വൈദ്യുതി ബോർഡിലെ സമരം നേരിടാൻ കെസ്മ പ്രയോഗിക്കില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു. എൽഡിഎഫിന്റെ നയത്തിനു വിരുദ്ധമാണ് അത്. തങ്ങൾ എല്ലാവരും അടിയന്തരാവസ്ഥയെ എതിർത്തവരാണ്. അത്തരം നടപടികളിലേക്കു പോകാതെ തന്നെ ബോർഡിലെ പ്രശ്‌നം തീർക്കും. അതിനായി ഇനിയും ചർച്ചകൾ ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.
കെഎസ്ഇബിയുടെ മുന്നറിയിപ്പ്
കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തിനെതിരെ ശ്രീ. അരുൺ ജോസ് ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിൽ 26-4-2022-ന് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം, അസോസിയേഷൻ ഏതു പേരിലും നടത്തുന്ന സമരം സർക്കാർ കേരള അവശ്യ സർവ്വീസ് പരിപാലന നിയമ പ്രകാരം തടയേണ്ടതാണെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി മാനേജ്‌മെന്റ് സ്വീകരിക്കേണ്ടതാണെന്നും, ഉത്തരവായിട്ടുണ്ട്. ബോർഡും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ സർക്കാരിന് മാധ്യസ്ഥം വഹിക്കാമെന്നും പൊതുജന നന്മ ലാക്കാക്കി സമാധാനപരമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരം കണ്ടെത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കും പണിമുടക്കി സമരം ചെയ്യുവാൻ അവകാശമില്ലെന്ന ബഹു. ഹൈക്കോടതി വിധി ഉദ്ധരിച്ച ബഹു. കോടതി തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അവകാശം എടുത്തു പറഞ്ഞിട്ടുണ്ട്. വൈദ്യുതി വിതരണം അവശ്യ സേവനമാണെന്നും, സംസ്ഥാനത്ത് ആ സേവനം ലഭ്യമാക്കുന്നതിന് ബോർഡ് അല്ലാതെ മറ്റ് ഏജൻസികളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജോലിയിൽ നിന്നും വിട്ടുനിൽക്കുക വഴി വൈദ്യുതി വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നവർ സമൂഹത്തിന്റെ സാധാരണ ജീവിതമാണ് തകിടം മറിക്കുന്നതെന്നും, ആയത് സർക്കാർ നിർബന്ധമായും തടയണമെന്നും വിധിയിൽ പറയുന്നു
മറുനാടന് മലയാളി ബ്യൂറോ