- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം മാറ്റങ്ങൾ പിൻവലിച്ച് എവിടെയാണോ ജോലി ചെയ്തിരുന്നത് അവിടെ ജോലി ചെയ്യാൻ അവസരം ഒരുക്കണം; നാളെ ആയിരംപേരെ സംഘടിപ്പിച്ച് വൈദ്യുതി ഭവൻ വളയും; ഭീഷണിയുമായി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ്കുമാർ; നാളെത്തെ ചർച്ചയിൽ 'സമാധാനം' ഉണ്ടാക്കാമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: കെഎസ്ഇബിയിലെ അച്ചടക്ക സംവിധാനങ്ങളെ വെല്ലുവിളിച്ച് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എംജി സുരേഷ് കുമാർ. സ്ഥലംമാറ്റൽ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അസേസിയേഷൻ പറയുന്നത്. പ്രതികാര നടപടി തുടർന്നാൽ ചട്ടപ്പടി സമരത്തിലേക്ക് കടക്കും. നാളെ ആയിരംപേരെ സംഘടിപ്പിച്ച് വൈദ്യുതി ഭവൻ വളയുമെന്നും എംജി സുരേഷ് കുമാർ പറഞ്ഞു.
സ്ഥലം മാറ്റങ്ങൾ പിൻവലിച്ച് എവിടെയാണോ ജോലി ചെയ്തിരുന്നത് അവിടെ ജോലി ചെയ്യാൻ അവസരം ഒരുക്കണം. ഇത് നിഷേധിക്കുന്ന സമീപനത്തോട് സംഘടനയ്ക്ക് യോജിപ്പില്ല. പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകും എന്നും സുരേഷ് കുമാർ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടരി ബി ഹരികുമാർ, പ്രസിഡന്റ് സുരേഷ് കുമാർ, ഭാരവാഹി ജാസ്മിൻ ഭാനു എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലം മാറ്റിയിരുന്നു.
അതേസമയം പ്രശ്നപരിഹാരത്തിന് തൊഴിലാളി സംഘടന പ്രതിനിധികളുമായി മന്ത്രിതലത്തിൽ ഇന്ന് നടത്താനിരുന്ന ചർച്ച നാളത്തെക്ക് മാറ്റി. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് സർവകക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലാക്കിയാണ് ചർച്ച മാറ്റിയത്. നാളെത്തെ ചർച്ചയിൽ സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന ആവശ്യം സർക്കാരിന് മുമ്പിൽ വയ്ക്കാൻ സിപിഎം അനുകൂല ഓഫീസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. കൃഷ്ണൻകുട്ടിയുമായി മുമ്പോട്ട് പോകാനാകില്ലെന്നാണ് യൂണിയന്റെ നിലപാട്. കെ എസ് ഇ ബി ചെയർമാൻ ബി അശോകിനെ പിന്തുണയ്ക്കുന്നതാണ് പ്രകോപന കാരണം.
ഇന്നു മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, താനല്ല വൈദ്യുതി ബോർഡ് തന്നെയാണു ചർച്ച നടത്തുന്നതെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട്ട് ആവർത്തിച്ചു വ്യക്തമാക്കി. ചർച്ച ചെയ്യേണ്ടതും പ്രശ്നം പരിഹരിക്കേണ്ടതും എല്ലാം ബോർഡാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സിപിഎം സംഘടനയെ കുഴപ്പിക്കുന്നത്. എളമരം കരിം അടക്കമുള്ള സിപിഎം നേതാക്കളോട് മന്ത്രിയാണ് പ്രശ്നക്കാരൻ എന്ന സന്ദേശം ഓഫീസേഴ്സ് അസോസിയേഷൻ നൽകിയിട്ടുണ്ട്. നേതാക്കളുടെ സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
യൂണിയൻ നേതാക്കളുടെ ആവശ്യം അതേ പടി അംഗീകരിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. മാപ്പെഴുതി നൽകിയാൽ അച്ചടക്ക നടപടികൾ പിൻവലിക്കും. അല്ലാത്ത പക്ഷേ സ്ഥലം മാറ്റം തുടരുമെന്നാണ് മന്ത്രിയും നൽകുന്ന സൂചന. കെഎസ്ഇബി.ഒരു ലിമിറ്റഡ് കമ്പനിയാണ്. ബോർഡിനെക്കാളും സ്വതന്ത്രമാണു കമ്പനി. അവരുടെ പ്രശ്നം അവർ തന്നെ തീർക്കണമെന്നാണ് അഭിപ്രായം. എല്ലാ കാര്യത്തിലും സർക്കാർ ഇടപെടുന്നതു ശരിയല്ലെന്നതാണ് മന്ത്രിയുടെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ