- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഇബി ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കോട്ടയത്ത് അദ്ധ്യാപികയ്ക്ക് ഒരുലക്ഷത്തിൽപ്പരം രൂപ നഷ്ടമായി; വീട്ടിലെത്തിയും പണം കവരാൻ ശ്രമം
കോട്ടയം: കെഎസ്ഇബി ബില്ലിന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പിൽ അദ്ധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ.എന്നിട്ടും പിന്തുടർന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തിയതായി അദ്ധ്യാപിക പറയുന്നു. ഓൺലൈൻ തട്ടിപ്പ് സംഘം ഫോണിലൂടെ സംസാരിച്ചത് ഇംഗ്ലീഷിലും ഹിന്ദിയിലുമെങ്കിൽ വീട്ടിലെത്തിയ ആൾ മലയാളമാണ് സംസാരിച്ചതെന്നും അദ്ധ്യാപിക പറയുന്നു.
കോട്ടയത്താണ് സംഭവം. തട്ടിപ്പിന് ഇരയായതോടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് അദ്ധ്യാപിക. കഴിഞ്ഞ മാസത്തെ ബിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന പേരിൽ അദ്ധ്യാപികയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. എസ്എംഎസിൽ കണ്ട നമ്പറിലേക്ക് അദ്ധ്യാപിക വിളിച്ചപ്പോൾ എനി ഡെസ്‌ക് എന്ന മൊബൈൽ സ്‌ക്രീൻ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. കെഎസ്ഇബി കൺസ്യൂമർ നമ്പറും പറഞ്ഞ് കൊടുത്ത് അപരൻ വിശ്വാസ്യത നേടി.
ബില്ലിലെ പ്രശ്നം തീർക്കാൻ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിർദ്ദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാർഡിന്റെ വിവരങ്ങൾ എനി ഡെസ്‌ക് ആപ്പ് വഴി ചോർത്തിയെടുത്ത് ഓൺലൈൻ തട്ടിപ്പ് സംഘം പണം കവർന്നതായാണ് പരാതിയിൽ പറയുന്നത്.
കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50,000 രൂപയായതുകൊണ്ട് കൂടുതൽ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടിൽ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അദ്ധ്യാപികയുടെ വീട്ടിലെത്തി. ഇയാൾ സംസാരിച്ചത് മലയാളമെന്ന് അദ്ധ്യാപിക പറയുന്നു.
കെഎസ്ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കൺസ്യൂമർ നമ്പർ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടിയെന്ന് അദ്ധ്യാപിക ചോദിക്കുന്നു. പണം പോയിട്ടും ബാങ്കിൽ നിന്ന് എന്തുകൊണ്ട് എസ്എംഎസ് വന്നില്ല തുടങ്ങിയ ചോദ്യങ്ങളും ഇവർ ഉയർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ