തിരുവനന്തപുരം: മഴ കനിഞ്ഞതിനാൽ കേരളത്തിനു പുറത്ത് വൈദ്യുതി വിറ്റ് റെക്കോഡ് ഇട്ട് കെഎസ്.ഇ.ബി. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ 1000 കോടി രൂപയ്ക്കാണ് വൈദ്യുതി ബോർഡ് പവർ എക്സ്ചേഞ്ചിലൂടെ വൈദ്യുതി വിറ്റിരിക്കുന്നത്. മൂന്നുവർഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വിൽക്കാനായതെന്ന് ബോർഡ് ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് മണിയാശാൻ വൈദ്യുതിമന്ത്രിയായിരുന്നപ്പോൾ വൈദ്യുത വകുപ്പ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചിരുന്നത്. ജലക്ഷാമകാലത്തും, കേരളത്തെ പവർകട്ടിൽ നിന്ന് രക്ഷിച്ചിരുന്നതും അന്ന് വലിയ ചർച്ചയായിരുന്നു, കുറഞ്ഞ നിരക്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങി നിരക്ക് വർദ്ധിപ്പിക്കാതെ മണിയാശാൻ കേരളത്തിന് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാലയളവിൽ പവർകട്ട് ഇല്ലങ്കിലും, കേരളത്തിൽ ഇടയ്ക്കിടയ്ക്ക് വൈദ്യുതിക്ഷാമം ഉണ്ടാവുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇതിനിടയിലാണ് ഇപ്പോൾ കേരളത്തിന് പുറത്ത് വൈദ്യുതി വിറ്റ് കെ എസ് ഇ ബി റെക്കോഡ് ഇട്ടിരിക്കുന്നത്.

കോവിഡ് കാരണം കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവർത്തനം നിയന്ത്രിച്ചതോടെ സംസ്ഥാനത്തിനകത്ത് വൈദ്യുതിയുപയോഗം കുറഞ്ഞിരുന്നു. ഇതോടെ വൈദ്യുതി മിച്ചം കേരളത്തിനുണ്ടാവുകയും ചെയ്യും. ഒപ്പം കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ പെയ്ത കൂടിയ മഴമൂലം, സംഭരണികളിൽ ജലവർദ്ധനയും ഉണ്ടായിട്ടുണ്ട്. കാലവർഷം സാധാരണ തോതിലാണെങ്കിൽ ഒരു വർഷം ഡാമുകളിൽ ഒഴുകിയെത്തുന്നത് 700 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്നാൽ, 2021-'22-ൽ കിട്ടിയത് 900 കോടി യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലമാണ്. അങ്ങനെ ഉല്പാദനം കൂടിയതിനാലാണ് അധിക യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്ത് വിൽക്കാൻ ബോർഡ് തീരുമാനിച്ചത്.

ഇപ്പോൾ കൽക്കരി പ്രതിസന്ധി കാരണം രാജ്യത്ത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലുമാണ്. അതിനാൽ പവർ എക്സ്‌ചേഞ്ചിൽ യൂണിറ്റിന് മികച്ച വിലയും സംസ്ഥാനത്തിന് ലഭിച്ചിട്ടുമുണ്ട്. വൈദ്യുതി വാങ്ങാനും വിൽക്കാനും താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള ഇലക്ട്രോണിക് സംവിധാനമാണ് പവർ എക്സ്‌ചേഞ്ച് അഥവാ സ്പോട്ട് മാർക്കറ്റ്. ഇത് കേന്ദ്രവൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിയന്ത്രിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു സംവിധാനമാണ്. പവർ എക്സ്‌ചേഞ്ചിൽ ചില സമയങ്ങളിൽ യൂണിറ്റിന് 20 രൂപവരെ വിലയുണ്ടാവാറുണ്ട്. രാത്രിയിലെ ആവശ്യത്തിന് കേരളം പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് യൂണിറ്റ് നിരക്കിൽ ഇതിലും കുറഞ്ഞ തുകയ്ക്കാണ്. പവർ എക്സ്‌ചേഞ്ചിൽ വില കുറയുമ്പോൾ ആ വൈദ്യുതി കേരളത്തിൽത്തന്നെ ഉപയോഗിക്കുകയും വില ഉയർന്നുനിൽക്കുമ്പോൾ വിൽക്കുകയും ചെയ്യുന്നു.

രാജ്യത്ത് വൈദ്യുതിക്കമ്മിയുള്ളതിനാൽ പവർ എക്സ്ചേഞ്ചിലെ പരമാവധി വിലയ്ക്ക് കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞദിവസം പരിധി നിശ്ചയിച്ചിരുന്നു. 20 രൂപവരെ പരമാവധി വില കിട്ടിയ സ്ഥാനത്ത് ഇനി കിട്ടുക 12 രൂപയാണ്. വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ ബോർഡ് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയപ്പോൾ ഈ ആയിരം കോടിരൂപ സഞ്ചിത നഷ്ടത്തിൽ തട്ടിക്കിഴിച്ചിട്ടുണ്ട്. ഇതുകഴിഞ്ഞുള്ള നഷ്ടം നിരക്കുവർധനയിലൂടെ ഈടാക്കാനാണ് തീരുമാനിച്ചതെന്ന് ബോർഡ് വൃത്തങ്ങൾ അറിയിക്കുന്നു. എന്നിട്ടും ശരാശരി 90 പൈസ യൂണിറ്റിന് കൂട്ടണമെന്നാണ് ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.