തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവൻ വളയൽ സമരം നടത്തി. ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഇന്നലെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ചെയർമാന്റെ വിലക്ക് വകവെക്കാതെയാണ് ഉപരോധം. വൈദ്യുതി ഭവൻ വളയാൻ എത്തിയവരെ പൊലീസ് പാതിവഴിയിൽ തടഞ്ഞു.

അതേസമയം, സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന ഉറച്ച നിലപാടിലാണ് ചെയർമാൻ. മന്ത്രിയും ഈ നിലപാടിലാണെന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാർ സമരം പിൻവലിക്കണമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പിൻവലിക്കേണ്ടത് ബോർഡിന്റെ നിയമപരമായ നടപടിക്രമമാണ്. അതിൽ തീരുമാനമെടുക്കേണ്ടത് ബോർഡ് മാത്രമാണ്. ബോർഡും യൂണിയനും തമ്മിൽ ചർച്ച ചെയ്ത് ഇക്കാര്യം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സർവിസ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയത്. എന്നാൽ, ചെയർമാൻ തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരുമെന്നാണ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ വ്യക്തമാക്കിയത്. കെ.എസ്.ഇ.ബിയിലെ പ്രശ്‌ന പരിഹാരത്തിന് നേരിട്ട് ഇടപെടാൻ സർക്കാറോ മന്ത്രിയോ തയാറാകാത്ത സാഹചര്യത്തിൽ പ്രശ്‌നം സങ്കീർണമാവുകയാണ്.

പ്രതിഷേധം ഘടകകക്ഷിക്കോ വൈദ്യുതി വകുപ്പ് മന്ത്രിക്കോ എതിരല്ലെന്ന് സിഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ ആവർത്തിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിൽ ചെയർമാനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്ന മന്ത്രിയോട് യുണിയന് എതിർപ്പുണ്ട്. ബോർഡ് മേധാവി മാത്രം വിചാരിച്ചാൽ സ്ഥാപനം നന്നാവില്ലെന്നും ജീവനക്കാരെ ശത്രുവായി കണ്ട് ഏത് തമ്പുരാൻ വിചാരിച്ചാലും സ്ഥാപനം മുന്നോട്ട് പോകില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത ആനന്ദത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.

അതിനിടെ, തൊഴിലാളി സംഘടനകൾ നടത്തുന്ന സമരത്തിൽ തൽക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് ബോർഡിന് യുക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വയനാട് സ്വദേശിയായ അരുൺ നൽകിയ ഹരജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്.

ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരുടെ സമരത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.