- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ കെഎസ്ഇബിയിലെ രാജാവായി വിലസി; ബി അശോകിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ കിട്ടിയത് എട്ടിന്റെ പണിയും! ശിക്ഷാ നടപടിയുടെ ഭാഗമായി പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയ സുരേഷ് കുമാറിന് തിരുവനന്തപുരത്ത് നിയമനമില്ല; അനധികൃത അവധിയുടെ പേരിൽ ശിക്ഷാ നടപടി നേരിട്ട വനിതാ നേതാവിന് നിയമനം കാട്ടാക്കടയിലും
തിരുവനന്തപുരം: ഒരിക്കൽ കെഎസ്ഇബിയിലെ രാജാവായി വിലസിയ വ്യക്തിയായിരുന്നു സിപിഎം സംഘടനാ നേതാവായ സുരേഷ് കുമാർ. എന്നാൽ ബി അശോക് കെഎസ്ഇബി ചെയർമാനായി എത്തിയതോടെ പ്രതാപമെല്ലാം നശിച്ച കാരണവരുടെ റോളിലാണ് അദ്ദേഹമിപ്പോൾ. ഇദ്ദേഹത്തിനൊപ്പം സ്ഥലം മാറ്റപ്പെട്ടവർക്ക് തലസ്ഥാനത്തേക്ക് നിയമനം ലഭിച്ചെങ്കിലും സുരേഷ്‌കുമാറിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചക്കും ബോർഡ് തയ്യാറായിട്ടില്ല.
വൈദ്യുതിബോർഡിൽ സമരകാലത്ത് സീതത്തോടിലേക്ക് സ്ഥലംമാറ്റിയ സിപിഎം. സംഘടനാ നേതാവും വനിതാ എക്സിക്യുട്ടീവ് എൻജിനിയറുമായ ജാസ്മിൻ ബാനുവിനെ കാട്ടാക്കടയിലേക്ക് മാറ്റി നിയമിച്ചിട്ടുണട്്. എന്നാൽ, ചൊവ്വാഴ്ച ഇറങ്ങിയ സ്ഥലംമാറ്റപ്പട്ടികയിൽ സിപിഎം. സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സുരേഷ് കുമാറിന്റെ സ്ഥലമാറ്റം പരിഗണിച്ചിട്ടില്ല. ശിക്ഷാ നടപടിയെന്ന നിലയ്ക്ക് സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. ജനറൽസെക്രട്ടറി ഹരികുമാറിന് സ്ഥാനക്കയറ്റവും ഇപ്പോൾ നൽകിയിട്ടില്ല.
ഓഫീസേഴ്സ് അസോസിയേഷനും ചെയർമാനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായുള്ള സമരത്തെത്തുടർന്നാണ് നേതാക്കളെ സ്ഥലംമാറ്റിയത്. അനധികൃത അവധിയുടെ പേരിലാണ് ജാസ്മിനെ സ്ഥലംമാറ്റിയത്. സസ്‌പെൻഷനുശേഷം തിരിച്ചെടുത്തായിരുന്നു ഈ നേതാക്കൾക്കെതിരേ നടപടി സ്വീകരിച്ചത്. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ. കൃഷ്ണൻകുട്ടി, ഊർജവകുപ്പ് സെക്രട്ടറി എന്നിവരുമായി നടന്ന ചർച്ചയിൽ ജാസ്മിനെയും എം.ജി. സുരേഷ്‌കുമാറിനെയും തിരുവനന്തപുരത്തേക്ക് മാറ്റി നിയമിക്കാനായിരുന്നു ധാരണയെന്ന് അസോസിയേഷൻ നേതാക്കൾ പറയുന്നു.
എന്നാൽ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയാലും കെഎസ്ഇബി ആസ്ഥാനത്ത് നനിയമനം നൽകില്ലെന്ന നിലപാടിലാണ് ബി അശോക്. സെക്രട്ടേറിയറ്റ് ഡിവിഷനിൽ നിന്നും മാറ്റിയ ജാസ്മിനെ തിരുവനന്തപുരം നഗരത്തിൽത്തന്നെ മാറ്റി നിയമിക്കണമെന്നായിരുന്നു ആവശ്യം. എം.ജി. സുരേഷ് കുമാറിനെ വൈദ്യുതിഭവനിലേക്ക് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഹരികുമാറിന് നിഷേധിച്ച സ്ഥാനക്കയറ്റം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സുരേഷിനും ഹരികുമാറിനുമെതിരേ നൽകിയ കുറ്റപത്രത്തിന്മേലുള്ള അന്വേഷണം നടക്കുകയാണ്. ഈ സാങ്കേതികത്വം കാരണമാണ് ഇപ്പോഴത്തെ പട്ടികയിൽ ഇവരെ പരിഗണിക്കാതിരുന്നതെന്ന് ബോർഡ് അധികൃതർ വിശദീകരിച്ചു. ഇവരുടെ കാര്യത്തിൽ തുടർന്ന് നടപടികളുണ്ടാവും.
എന്നാൽ, സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കാത്തതുവഴി സമരം പരിഹരിക്കാനുള്ള വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്. ഇതേക്കുറിച്ച് ചർച്ച ചെയ്യാനും തുടർനടപടികൾ ആലോചിക്കാനും ബുധനാഴ്ച അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേരുന്നുണ്ട്.
നേരത്തെ നേതാക്കൾക്കെതിരായ നടപടിയുടെ ഭാഗമായി സമരം നടത്തിയിരുന്നു സംഘടനാ നേതാക്കൾ. എന്നാൽ, ഇതിന് പിന്നാലെ കെഎസ്ഇബിയിൽ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട യൂണിയൻ നേതാവിന് വൻ തുക പിഴയിടുകയും ചെയ്തിരുന്നു. അനധികൃതമായി കെസ്ഇബിയുടെ വാഹനം ഉപയോഗിച്ചതിനാണ് പിഴയിട്ടത്.
മുൻ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാർ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. 19-ാം തിയതിയാണ് ബോർഡ് ചെയർമാൻ ബി.അശോക് സുരേഷിനോട് പിഴ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ