തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സജീവ രാഷ്ട്രീയനേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ താരങ്ങളും ചലച്ചിത്രപ്രവർത്തകരും തീരുമാനിച്ചതായി സൂചന. കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്രമേള ബഹിഷ്‌കരിക്കുകയെന്ന പുതിയ ഭീഷണി ഉയർത്തി ഉണ്ണിത്താനെ നേരിടാനാണ് താരങ്ങൾ ആലോചിക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്തെ പ്രശ്‌നങ്ങൾ സോഷ്യൽ ഓഡിറ്റിങ് നടത്താനുള്ള നീക്കത്തിന് തടയിടാനാണ് കേരളാ ചലച്ചിത്ര അക്കാദമി നടത്തുന്ന മേളയ്ക്ക് ആപ്പുവെക്കാനുള്ള നീക്കം നടക്കുന്നത്. എല്ലാ വർഷവും ഡിസംബറിലാണ് ചലച്ചിത്രമേള നടക്കുന്നത്.

കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായ സംരംഭമാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള. മലയാളികൾ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ധാരാളം സിനിമാസ്വാദകരും ചലച്ചിത്രപ്രവർത്തകരും വർഷംതോറും എത്തുന്ന മേളയുടെ പ്രധാന ആകർഷണം തന്നെ മലയാള ചലച്ചിത്ര താരങ്ങളും അണിയറപ്രവർത്തകരുമാണ്. സിനിമ കാണുന്നതിക്കോൾ ഇവരെ കാണുന്നതിനും പരിചയപ്പെടുന്നതിനും ആസ്വാദകർ സമയം കണ്ടെത്താറുണ്ട്. ചലച്ചിത്രമേളയുടെ പ്രധാന പ്രചാരകരായ താരങ്ങൾ വിട്ടുനിന്നാൽ ഐഎഫ്എഫ്‌കെ വെറുമൊരു തീയറ്റർ ചലച്ചിത്രമേളയായി മാറുമെന്നുറപ്പ്. ഈ സാഹചര്യം സൃഷ്ടിക്കുമെന്ന പ്രചരണം അഴിച്ചുവിട്ട് ഉണ്ണിത്താന്റെ നിയമനത്തിനെതിരേ പുതിയ യുദ്ധമുഖം തുറക്കാനാണ് താരങ്ങളുടെ നീക്കം.

ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയർമാനായി നിയമിച്ചപ്പോൾതന്നെ അതിൽ പ്രതിഷേധിച്ച് താരങ്ങൾ സ്ഥാനമൊഴിഞ്ഞിരുന്നു. മുൻ സിനിമാ മന്ത്രി കെ ബി ഗണേശ്കുമാർ നിയമിച്ച താരങ്ങളാണ് ഉണ്ണിത്താനെതിരേ കലാപക്കൊടി ഉയർത്തി രാജി പ്രഖ്യാപിച്ചത്. ഉണ്ണിത്താൻ പൂർണസമയ രാഷ്ട്രീയക്കാരനാണെന്നും അങ്ങനെയൊരാൾ എങ്ങനെ സിനിമയെ വളർത്തുമെന്നും അവർ ചോദ്യമുന്നയിച്ചു. എന്നാൽ ഷാജി കൈലാസിന്റേതുൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ച ഉണ്ണിത്താൻ ചലച്ചിത്ര പ്രവർത്തകൻ തന്നെ എന്ന വാദമാണ് സർക്കാരും സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഉയർത്തിയത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽനിന്ന് വിട്ടുനിൽക്കാനുള്ള താരങ്ങളുടെ തീരുമാനം മന്ത്രിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറും.

ചലച്ചിത്ര വികസന കോർപറേഷന്റെ നാലുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്നും കള്ളന്മാരെ മുഴുവൻ പിടികൂടുമെന്നും ചെയർമാൻസ്ഥാനം ഏറ്റെടുത്ത ഉടൻതന്നെ ഉണ്ണിത്താൻ പ്രഖ്യാപിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് താരങ്ങൾ ചലച്ചിത്രമേള ബഹിഷ്‌കരിക്കാനൊരുങ്ങുന്നതെന്ന് ഉണ്ണിത്താൻ അനുകൂലികൾ പറയുന്നു.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എല്ലാമേഖലയിലും മേൽനോട്ടം വഹിക്കുന്നത് താരങ്ങളും അണിയറപ്രവർത്തകരുമാണ്. സിനിമകളുടെ തിരഞ്ഞെടുപ്പ് മുതൽ മേളയുടെ നടത്തിപ്പുവരെയുള്ള പരിപാടികളിലൊന്നും സഹകരിക്കരുതെന്ന് താരങ്ങൾ തീരുമാനിച്ചാൽ അത് മേളയ്ക്ക് കനത്ത തിരിച്ചടിയാകും. താരസംഘടയായ അമ്മയുടെ യോഗത്തിൽ ഇക്കാര്യം സജീവമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് തത്വത്തിൽ ധാരണയായിട്ടുണ്ട്. ഈ തീരുമാനത്തെ ഭൂരിപക്ഷം താരങ്ങളും അംഗീകരിച്ചാൽ സിനിമാരംഗത്തെ മറ്റു സംഘടനകളെക്കൂടി തങ്ങളുടെ ഒപ്പം നിർത്താനായിരിക്കും അമ്മ ശ്രമിക്കുക. അങ്ങനെയായാൽ കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്രമേള സിനിമാപ്രവർത്തകർ ഇല്ലാത്ത ചലച്ചിത്രമേള എന്ന നിലയിലേക്ക് തരംതാഴും.

അതിനിടയിൽ അടുത്ത ചലച്ചിത്രമേളയ്ക്കു മുമ്പേ സിനിമാസംഘടനകളുടെ പിണക്കം മാറ്റി ചലച്ചിത്ര വികസന കോർപറേഷനുമായി സഹകരിപ്പിക്കാൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സോഷ്യൽ ഓഡിറ്റിങ്ങ് എന്ന ഉണ്ണിത്താന്റെ ഭീഷണി മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.