തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ രണ്ടും കൽപ്പിച്ച് പോരിന് യൂണിയൻ നേതാക്കൾ. എന്തു വന്നാലും പണിയെടുക്കില്ലെന്ന നിലപാടിലാണ് നേതാക്കൾ. ജീവനക്കാരെല്ലാം എംഡി ടോമൻ തച്ചങ്കരിയുടെ നിർദ്ദേശ പ്രകാരം ആനവണ്ടിയെ കരകയറ്റാനുള്ള പെടാപാടിലാണ്. മാസവസാനം ശമ്പളം കൊടുത്തു തുടങ്ങിയിട്ടും എംഡിയെ അംഗീകരിക്കാൻ യൂണിയൻ നേതാക്കൾ തയ്യാറല്ല. ഓഫീസിൽ തട്ടപ്പ് സ്ഥാനങ്ങളിൽ ഇരുന്ന് പണിയെടുക്കാൻ ആരേയും അനുവദിക്കില്ലെന്ന തച്ചങ്കരിയുടെ നിലപാടാണ് ഇതിന് കാരണം. തച്ചങ്കരിയെ ഉപരോധിച്ച് പ്രതികാരം തീർക്കാനാണ് യൂണിയൻ തീരുമാനം. അതിന്റെ ഭാഗമായി ഇന്നലെ ചിലത് ചീഫ് ഓഫീസിൽ നടന്നു. എന്നാൽ കർശനമായി അതിന് തച്ചങ്കരി നേരിട്ടു. പൊലീസ് എഡിജിപിയായ തച്ചങ്കരി കൃത്യമായി തന്നെ ഇടപെടൽ നടത്തി.

ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തി സമരവും പ്രകടനവും പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ- സിഐ.ടി.യു. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് തച്ചങ്കരിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തതിന് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പിന്നീട് ഈ പരാതി തച്ചങ്കരി പിൻവലിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ജയരാജൻ ഇടപെട്ടായിരുന്നു ഇത്. എന്നാൽ ഇനി തന്നെ ഉപരോധിക്കാനെത്തിയാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിലാണ് തച്ചങ്കരി. ഉപരോധമെന്നാൽ ഘരാവോ. ഇത് ജാമ്യമില്ലാ കുറ്റമാണ്. ഇനി ഇത് ആവർത്തിച്ചാൽ ആരായാലും ഈ കുറ്റം ചുമത്തി ജയിലിൽ ഇടുമെന്നാണ് തച്ചങ്കരിയുടെ നിലപാട്.

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി. ശാന്തകുമാർ, ട്രഷറർ സി.ദിലീപ്കുമാർ, സംസ്ഥാന ഭാരവാഹികളായ എസ്. സുരേഷ്ബാബു, പി.ഗോപാലകൃഷ്ണൻ, ഇ. സുരേഷ്, സുജിത് സോമൻ എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ പരാതിപ്രകാരമാണെങ്കിൽ ഇവർക്കെതിരേ ജാമ്യമില്ലാത്തവകുപ്പുകൾ പ്രകാരം കേസെടുക്കേണ്ടിയിരുന്നു. എന്നാൽ ഉന്നത സിപിഎം. നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പൊലീസ് കടുത്ത വകുപ്പുകൾ ഒഴിവാക്കി. കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം ഇവരെ സസ്പെൻഡ് ചെയ്യാനൊരുങ്ങിയെങ്കിലും ഉന്നതതല ഇടപെടലിനെ തുടർന്ന് മരവിപ്പിച്ചു. ഇതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന്റെ ഫലമായിരുന്നു. എന്നാൽ ഇനി ഇത് ചെയ്യുന്നവർക്ക് ഈ പരിഗണന നൽകേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും നിലപാട് എടുത്തിട്ടുണ്ട്. ആദ്യ സംഭവമെന്ന നിലയിലാണ് യൂണിയൻ നേതാക്കളെ വെറുതെ വിട്ടത്.

കിഴക്കേക്കോട്ട ആസ്ഥാനമന്ദിരത്തിലെ അഞ്ചാംനിലയിലുള്ള എം.ഡി.യുടെ ഓഫീസ് മുറിക്ക് മുന്നിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സിഐ.ടി.യു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുകൊണ്ട് എത്തിയത്. എം.ഡി.യും ഉന്നത ഉദ്യോഗസ്ഥരും ഈ സമയം ഓഫീസിലുണ്ടായിരുന്നു. അനധികൃത പ്രകടനമായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ വിവരം പൊലീസിന് കൈമാറി. എന്നാൽ ഫോർട്ട് പൊലീസ് എത്തിയപ്പോഴേക്കും സമരക്കാർ ഓടിക്കളഞ്ഞു. വൈകീട്ട് നാലോടെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ വീണ്ടും ഓഫീസ് വരാന്തയിൽ പ്രകടനം നടന്നു. എം.ഡി.യുടെ ഓഫീസിന് സമീപത്തുള്ള ഇരുമ്പ് ഗ്രിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് വീണ്ടും പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ ആറുപേർ മാത്രമാണുണ്ടായിരുന്നത്. ഇവരെയാണ് അറസ്റ്റ് ചെയ്തത്.

എം.ഡി.ക്ക് നിവേദനം നൽകാൻ എത്തിയവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയെന്നാണ് സിഐ.ടി.യു. യൂണിയന്റെ ആരോപണം. നിവേദനവുമായി എത്തുന്നവർക്ക് അർഹമായ പരിഗണന നൽകാറുണ്ടെന്നും സമയം അനുവദിക്കാറുണ്ടെന്നും എം.ഡി.യുടെ ഓഫീസ് അറിയിച്ചു. മുദ്രാവാക്യം മുഴക്കി അനധികൃതമായി ഓഫീസിനുള്ളിൽ കടന്ന് എംഡിയെ തടയാൻ ശ്രമിക്കുകയായിരുന്നു. ഇവർ ചീഫ് ഓഫീസിലെ ജീവനക്കാരല്ല. പുറമെ നിന്നും എത്തിയവരാണെന്നും എം.ഡി.യുടെ ഓഫീസ് അറിയിച്ചു. പൊലീസ് പിടിയിലായവരെ സിഐടിയു നേതാവായ ആനത്തവട്ടം ആനന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമെത്തിയാണ് പൊലീസ് സ്‌റ്റേഷനിൽ നിന്ന് മോചിപ്പിച്ചത്.

നിത്യ ജീവിത ഉപാധിയായ കെഎസ്ആർടിസിയെ രക്ഷിച്ചെടുക്കേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്നും അതിന് എംഡിക്ക് ഒപ്പം നിൽക്കുന്നതാണ് നല്ലതെന്നും ജീവനക്കാർ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇതാണ് യൂണിയൻ നേതാക്കളെ പ്രകോപിപ്പിച്ചത്. കൃത്യമായി ശമ്പളമില്ലാതെ വന്നതോടെ തങ്ങൾക്ക് കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തിൽ നിന്നും അടയ്ക്കുന്ന മാസവരിയിൽ തിന്ന് മതിച്ച് ഇനി യൂണിയൻ നേതാക്കളെ വിശ്വസിക്കേണ്ട എന്ന തീരുമാനത്തിലാണ്. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനമെന്നും പൊതുയോഗമെനന്ും പറഞ്ഞ് നടക്കുന്നവരുടെ സുഖ സൗകര്യങ്ങളിൽ എംഡി കൈവെച്ചതോടെ യൂണിയനുകൾ സംയുക്തമായി എതിർപ്പും പ്രതിഷേധവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയെ രക്ഷിക്കാൻ കൊണ്ട് വരുന്ന പരിഷ്‌കാരങ്ങൾക്ക് നേതാക്കൾ തുരങ്കം വയ്ക്കുന്നത്.

ഇത്തരത്തിൽ യൂണിയൻ പ്രവർത്തനത്തിൽ എംഡി കൈകടത്തിയപ്പോൾ അസ്വസ്ഥരായ യൂണിയൻ നേതാക്കളുടെ തനിനിറം ജീവനക്കാര്ഡ തിരിച്ചറിയുകയും ചെയ്തു.സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി യൂണിയൻ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന യൂണിറ്റുകളിൽ നേരിട്ടെത്തി തച്ചങ്കരി പ്രസംഗം കൂടി ആരംഭിച്ചതോടെയാണ് കൂടുതൽ പിന്തുണ ലഭിച്ച് തുടങ്ങിയതും. യൂണിയൻ നേതാക്കൾ അവരുടെ നിലനിൽപ്പിനായി നടത്തുന്ന ഒരു ഗിമ്മിക്കുകളും കെഎസ്ആർടിസിയെ രക്ഷിക്കില്ലെന്ന തിരിച്ചറിവും യൂണിയൻ നേതാക്കളെ പിന്തുണയ്ക്കുന്നതിലും ഭേദം എംഡിക്ക് ഒപ്പം നിൽക്കുന്നതാണെന്ന ചിന്ത ജീവനക്കാരിലുണ്ടാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞു. തച്ചങ്കരി പ്രസംഗ പരിപാടി സ്ഥിരമാക്കിയതോടെയാണ് ഇങ്ങനെ പോയാൽ തങ്ങളുടെ അവസ്ഥ പരിതാപകരമാകും എന്ന് യൂണിയൻ നേതാക്കൾ തിരിച്ചറിഞ്ഞത്.

ഇതിന് പിന്നാലെയാണ് സംയുക്ത പ്രതിഷേധവും അരങ്ങേറിയത്. എന്തായാലും തച്ചങ്കരിക്ക് പിന്തുണയും യൂണിയൻ നേതാക്കൾക്ക് ട്രോളുകളുമായി കെഎസ്ആർടിസി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളും പേജുകളു സജീവമാകുന്നുണ്ട്. എംഡിക്കെതിരെ ഒരുമയോടെ നിൽക്കുന്ന ഈ യൂണിയൻ നേതാക്കൾ കെഎസ്ആർടിസിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഇങ്ങനെ കുറേ ആളുകൾ ആത്മഹത്യ ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തില്ലായിരുന്നുവെന്നാണ് ഒരു അഭിപ്രായം. കെഎസ്ആർടിസി യൂണിയൻ നേതാക്കളുടെ ജീവിത മാർഗ്ഗമായ പൊതുയോഗവും ധർണ്ണയും നിരോധിച്ച എംഡിയുടെ ക്രൂരത അവസാനിപ്പിച്ച് അവരെ ജീവിക്കാൻ അനുവാദിക്കണമെന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.