തിരുവനന്തപുരം: നിലയ്ക്കൽ മുതൽ പമ്പ വരം നേരത്തെ കെഎസ്ആർടിസി ബസ് ചാർജ് കൂടിയ നിരക്കിൽ ഈടാക്കുന്നു എന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് മണ്ഡലപൂജ മകരവിളക്ക് സീസണിൽ ത്രിവേണി മുതൽ പമ്പ കെഎസ്ആർടിസി ബസ് സ്റ്റേഷൻ വരെ സൗജന്യ ഷട്ടിൽ സർവ്വീസ് നടത്താൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ വലിയ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സെക്ടറിലാണ് ഇപ്പോൾ സൗജന്യ സർവ്വീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്.

നിലയ്ക്കൽ നിന്നും പമ്പ ത്രിവേണി വരെ സർവ്വീസ് നടത്തിയിരുന്ന സാധാരണ നിലയിൽ തന്നെ ത്രിവേണി വരെ പോകും. എന്നാൽ മറ്റ് പട്ടണങ്ങളിൽ നിന്നും വരുന്ന ദീർഘദൂര സർവ്വീസുകൾ പമ്പയിലെ കെഎസ്ആർടിസി ഡിപ്പോ വരെയാണ് നേരത്തെ സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ഈ സ്ഥിതിയിൽ ചെറിയ മാറ്റമാണ് ഇപ്പോൾ വരുത്തുന്നത്. ദീർഘദൂര സർവ്വീസുകൾ ത്രിവേണി വരെ സർവ്വീസ് നടത്തി യാത്രക്കാരെ ഇറക്കിയ ശേഷം പമ്പ സ്റ്റാൻഡിലേക്ക് തിരികെ വന്ന് വണ്ടി പാർക്ക് ചെയ്യും. ഈ സർവ്വീസിൽ പമ്പയിൽ നിന്ന് ത്രിവേണിയിലേക്ക് അധിക ചാർജ് ഈടാക്കുകയില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.

ഇതിന് പുറമേയാണ് ത്രിവേണി പമ്പ ബസ് സ്റ്റേഷനിൽ സൗജന്യ സർവ്വീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.കോർപ്പറേഷന് ഇതിലൂടെ വരുന്നത് വൻ സാമ്പത്തിക നഷ്ടമാണെങ്കിലും മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഈ വർഷത്തെ പ്രത്യേകത മനസ്സിലാക്കി കോർപ്പറേഷന്റെ സ്വന്തം ഫണ്ടിൽ നിന്നും തുക മുടക്കിയാണ് സൗജന്യമായി സർവ്വീസ് നടത്തുന്നതെന്ന് സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

നിലയ്ക്കൽ - പമ്പ റൂട്ടിലെ കെഎസ്ആർടിസി നിരക്കിന് ഹൈക്കോടതിയുടെ അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 40 രൂപ എന്ന നിരക്ക് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഈ വർഷം 9 രൂപയാണ് കെഎസ്ആർടിസി നിരക്ക് വർധിപ്പിച്ചത്. ഇതോടൊപ്പം, സ്വകാര്യവാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികളും കോടതി തള്ളിയിരുന്നു. പമ്പ വഴിമാറി ഒഴുകിയതുമൂലം സ്വകാര്യവാഹനങ്ങൾ കടത്തിവിടാൻ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടെന്നും കോടതി വിലയിരുത്തി. നിലയ്ക്കലിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ കടത്തി വിടേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തീർത്ഥാടകർക്ക് 24 മണിക്കൂർ ചെയിൻ ബസുമായി കെഎസ്ആർടിസി രംഗത്തെത്താൻ തീരുമാനിച്ചിരുന്നു.മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഓരോ മിനിട്ട് ഇടവിട്ട് നോൺ എ.സി ബസ്സുകളും രണ്ട് മിനിട്ട് ഇടവിട്ട് എ.സി ബസ്സുകളും ഉൾപ്പെടെ ആകെ 250 ബസ്സുകളാണ് ഈ വർഷം ചെയിൻ സർവീസിനായി ക്രമീകരിച്ചിട്ടുള്ളത്.


ഇത്തവണ കെ.എസ്.ആർ.ടി.സി മാത്രമാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. അതുകൊണ്ട് നിലയ്ക്കൽ-പമ്പ റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി യുടെ ചെയിൻ സർവീസുകൾ ഉണ്ടായിരിക്കും. ഇതിനായി 10 ഇലക്ട്രിക് ബസ്സുകളുൾപ്പെടെ ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി ബസ്സുകൾ സജ്ജീകരിക്കും. എ.സി ബസ്സുകളും നോൺ എ.സി ബസ്സുകളും ഇതിൽ ഉൾപ്പെടും. നവംബർ 16 മുതൽ നിലയ്ക്കൽ-പമ്പ റൂട്ടിൽ തുടച്ചയായി സർവീസ് ആരംഭിക്കും. ഇലക്ട്രിക് ബസ്സുകൾക്ക് കിലോമീറ്ററിന് നാല് രൂപ ചെലവ് വരും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ഈ ബസ്സുകൾ ഓടിക്കും.

നിലയ്ക്കലും പമ്പയിലും കെ.എസ്.ആർ.ടി.സി വക പെയ്ഡ് ക്ലോക്ക് റൂം സംവിധാനം ഉണ്ടായിരിക്കും. കെ.എസ്.ആർ.ടി.സി യുടെ വാലിഡ് ടിക്കറ്റ് ഉള്ളവർക്ക് ഈ സൗകര്യം ലഭിക്കും. 24 മണിക്കൂറിനാണ് ക്ലോക്ക് റൂം ഫീസ് നിശ്ചയിക്കുന്നത്. പരമാവധി 48 മണിക്കൂർ വരെ നിശ്ചിത തുക അടച്ച് ലഗ്ഗേജുകൾ ഇവിടെ സൂക്ഷിക്കാം. അതിനുശേഷം വരുന്ന ഓരോ ദിവസത്തിനും അധികതുക നൽകണം. നിലയ്ക്കലിൽ 900 പുതിയ ശുചിമുറികൾ നിർമ്മിക്കുമെന്നും 15000 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം തയ്യാറാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. നിലയ്ക്കലിൽ 900 പുതിയ കക്കൂസുകൾ സ്ഥാപിക്കും. നിലയ്ക്കലിൽ 15000 വാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.