തിരുവനന്തപുരം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. 963 സർവീസുകളാണ് ഇന്നലെ സംസ്ഥാനത്ത് റദ്ദാക്കിയത്. പി.എസ്.സി വഴി നിയമനം നടത്തിയ പുതിയ കണ്ടക്ടർമാരുടെ പരിശീലനം ആരംഭിച്ചു. പിരിച്ചുവിട്ട എം പാനൽ ജീവനക്കാരുടെ ലോങ്ങ് മാർച്ച് കൊല്ലം ജില്ലയിൽ പര്യടനം തുടരുകയാണ്. ഈ സാഹചര്യത്തിൽ കെ എസ് ആർ ടി സിക്ക് മതിയായ കണ്ടക്ടർമാരില്ല. ഇതുകൊണ്ടാണ് സർവ്വീസ് റദ്ദാക്കേണ്ടി വന്നത്. 963 സർവീസുകൾ. തിരുവനന്തപുരം മേഖലയിൽ 353 എറണാകുളം 449 കോഴിക്കോട് 161 എന്നിങ്ങനെയാണ് റദ്ദാക്കിയ സർവ്വീസുകൾ. ഇതിനിടെയിലും ചില പാഠങ്ങൾ പഠിക്കുകയാണ് കെ എസ് ആർ ടി സി.

റദ്ദാക്കുന്ന സർവ്വീസുകൾ കാരണം വലിയൊരു വരുമാന നഷ്ടം കെ എസ് ആർ ടി സിക്ക് ഉണ്ടാകുന്നില്ല. സർവീസുകൾ റദ്ദാക്കിയത് വരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി ആവർത്തിച്ചു. വെള്ളിയാഴ്ചത്തെ കളക്ഷൻ 7 കോടി 70 ലക്ഷമായിരുന്നു. ഇന്നലെ അത് വീണ്ടും ഉയർന്നു. 7.67 കോടിയായിരുന്നു ശനിയാഴ്ചത്തെ കളക്ഷൻ. സാധാരണ സർവ്വീസുകൾ നടക്കുന്ന ദിവസം എട്ട് കോടിയായിരുന്നു കളക്ഷൻ. അതായത് സർവ്വീസുകൾ ഏറെ വെട്ടിക്കുറച്ചിട്ടും വരുമാനം കുറയാത്തത് ചില വസ്തുതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അശാസ്ത്രയ സർവ്വീസുകളാണ് ഓടിയിരുന്നതിൽ പലതെന്നും വ്യക്തമാകുന്നു. അതായത് ഷെഡ്യൂളുകൾ ശാസ്ത്രീയമായി പുനക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രതിസന്ധികാലത്ത് കെ എസ് ആർ ടി സി പഠിക്കുന്നത്.

ലാഭകരമല്ലാത്ത ഡിപ്പോകൾ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയും കെ.എസ്.ആർ.ടി.സി.ക്ക് നിലവിലെ അവസ്ഥയിൽനിന്ന് വർഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് എം.ഡി. ടോമിൻ ജെ. തച്ചങ്കരിയുടെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്നതാണ് കഷ്ടകാലത്ത് സർവ്വീസ് വെട്ടിക്കുറച്ചിട്ടും വലിയ കോട്ടം കളക്ഷനിൽ വരുന്നില്ലെന്ന വസ്തുത. നിലവിലെ 93 ഡിപ്പോകളിൽ 35 എണ്ണം നിലനിർത്തിയിരിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻവേണ്ടിമാത്രമാണ്. ഇവ മറ്റു ഡിപ്പോകളിൽ ലയിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിച്ചാൽ വർഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയാൽ വർഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സർക്കാരിന് തച്ചങ്കരി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പരിഷ്‌കരണത്തിലൂടെ മുന്നോട്ട് പോയാൽ വലിയ ഗുണം കെ എസ് ആർ ടി സിക്കുണ്ടാകും.

സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്‌സിന്റെ നിർദ്ദേശങ്ങൾ, പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ, കെ.എസ്.ആർ.ടി.സി.യിലെ വിവിധവിഭാഗങ്ങൾ നടത്തിയ പഠനങ്ങൾ എന്നിവയാണ് തച്ചങ്കരിയുടെ റിപ്പോർട്ടിന് അടിസ്ഥാനം. കെ.ടി.ഡി.എഫ്.സി.ക്കുള്ള 420 കോടി രൂപയുടെ കുടിശ്ശിക നൽകിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി.ക്കുള്ള ധനസഹായം തടയുമെന്ന് സർക്കാർ അറിയിച്ചതിനെതുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ സർക്കാർ ഇത് കാര്യമായെടുത്തിട്ടില്ല. ഡിപ്പോകളുടെ പുനഃക്രമീകരണംകൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. അന്പതിൽത്താഴെ സർവീസുകൾ മാത്രമാണ് ഈ യൂണിറ്റുകളിൽനിന്നുള്ളത്. സമീപത്ത് യൂണിറ്റുകളുള്ളതിനാൽ ഇതിൽക്കൂടുതൽ സർവീസുകൾ ലാഭകരമായി നടത്താനാവില്ല.

അറ്റകുറ്റപ്പണിക്ക് പുറംകരാർ കൊടുക്കണമെന്നതാണ് തച്ചങ്കരിയുടെ മറ്റൊരു നിർദ്ദേശം. ഒരു കിലോമീറ്റർ ഓടാൻ: 12.16 രൂപയാണ് ബസ് അറ്റകുറ്റപ്പണിക്കുള്ള നിലവിലെ ചെലവ്. നാലുരൂപയ്ക്ക് ഏറ്റെടുക്കാൻ വാഹനനിർമ്മാതാവ് തയ്യാറാണ്. കിലോമീറ്ററിന് 8.16 രൂപ മിച്ചം. വർഷം ഇതുവഴി 434 കോടി രൂപ ലാഭം കിട്ടുമെന്നാണ് വിലയിരുത്തൽ. ഒരു ബസിൽനിന്നുള്ള ശരാശരി ദിവസവരുമാനം 13,000 രൂപയാണ്. ദിവസം നേടാവുന്ന പരമാവധി വരുമാനം ആറരക്കോടി രൂപ.

ബസുകൾ വാങ്ങാൻ അനുവദിച്ച തുക പെൻഷനുവേണ്ടി വിനിയോഗിക്കുകയാണ്. കിലോമീറ്ററിന് 15 രൂപ വാടക നൽകി ദീർഘദൂര പാതകളിലെ സ്വകാര്യബസുകൾ റൂട്ടടക്കം ഏറ്റെടുത്താൽ നിലവിലെ നഷ്ടം നികത്താൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നത്.