- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ശമ്പളം എന്നിട്ട് മതി പരിഷ്‌കരണം; കെഎസ്ആർടിസി സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ സിഐടിയു;സിറ്റി സർക്കുലർ ബസുകൾ തടഞ്ഞ് കെഎസ്ആർടിസിയിൽ സിഐടിയു പ്രതിഷേധം; തീരുമാനമെടുക്കേണ്ടത് മാനേജ്മെന്റെന്നും ഗതാഗത മന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം:കെ എസ് ആർ ടി സിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ പ്രതിഷേധം കടുക്കുന്നു.പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സി ഐ ടി യു. കെ സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സി ഐ ടി യു പ്രതിഷേധം.കെ എസ് ആർ ടി സി യിൽ പ്രശ്‌നങ്ങൾ രൂക്ഷമാകുകയാണ്.ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ ടി സി എം.ഡി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ കലാപക്കൊടി ഉയർത്തിയത്.
തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ഭരണാനുകൂല സംഘടനയായ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ബസ് തടയുന്നത്. ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സി ഐ ടി യു തടഞ്ഞത്. കെ എസ് ആർ ടി സി സ്വിഫ്റ്റ് എടുക്കാൻ വന്ന ഡ്രൈവറെ ഇറക്കാനും ശ്രമമുണ്ടായി .
പ്രശ്‌നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുന്നത്. ശമ്പളം കൊടുക്കാൻ കഴിയാതെ പരിഷ്‌കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം. സ്വിഫ്റ്റ് സർവീസ് ബഹിഷ്‌കരിക്കുമെന്ന് ബി എം എസും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നത്തെ ഉദ്ഘാടന ചടങ്ങിന് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്
ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്റെ റൂട്ടികളിൽ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസ്സുകൾ എത്തിയാൽ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി മാനേജ്‌മെന്റ് പൊലീസ് സഹായത്തോടെയാണ് സർവീസ് നടത്തുക .ഡിപ്പോകളിൽ പൊലീസ് വിന്യാസം ഉണ്ട്.
ഓഗസ്റ്റ് മാസം പിറന്നിട്ടും കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇന്നലെ തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ഈ മാസം പത്താം തീയതിക്ക് മുമ്പ് ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്ന് എം ഡി ബിജു പ്രഭാകർ ഉറപ്പ് നൽകിയിരുന്നു. ജൂണിലേയും ജൂലൈയിലേയും ശമ്പള കുടിശ്ശിക നീണ്ടുപോകില്ലെന്ന ഉറപ്പാണ് എംഡി നൽകിയത്. എന്നാൽ, ഗതാഗത മന്ത്രി ആൻണി രാജുവിനോട് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമായ ഉറപ്പ് നൽകാൻ തയ്യാറായില്ല.
പത്താം തീയതിക്കകം ശമ്പളം നൽകാൻ ആകുമോ എന്ന് ഉറപ്പു പറയാതിരുന്ന ഗതാഗത മന്ത്രി, തീരുമാനമെടുക്കേണ്ടത് മാനേജ്‌മെന്റാണെന്നും പറഞ്ഞു.പണം ലഭ്യമാകുന്ന മുറക്കേ ശമ്പളം നൽകാനാകൂ. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന പ്രതിഷേധം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ