- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനവണ്ടിയുടെ രക്ഷയ്ക്ക് തുടങ്ങിയ കെടിഡിഎഫ്സി ബ്ലേഡ് കമ്പനിയായി കോർപ്പറേഷനെ വിഴുങ്ങി: സഹായമാകുമെന്ന് കരുതിയ കെയുആർടിസിയും കൈവിടുന്നു: ഇനി അറിയാനുള്ളത് കെഎസ്ആർടിസിക്ക് പൂട്ടു വീഴുന്നത് എന്നാണെന്ന് മാത്രം
പത്തനംതിട്ട: അറബിക്കഥകളിലെ കച്ചവടക്കാരന്റെ അവസ്ഥയിലാണിപ്പോൾ കെ.എസ്.ആർ.ടി.സി. ഒട്ടകത്തിന് തങ്ങാൻ കൂടാരത്തിന്റെ ഒരു ചെറിയഭാഗം മാത്രം നൽകിയ കച്ചവടക്കാരൻ ഒടുവിൽ അതിൽ നിന്ന് പുറത്തായി മഞ്ഞു കൊള്ളേണ്ടി വന്നു. അതു പോലെ തന്നെ കെ.എസ്.ആർ.ടി.സിയുടെ രക്ഷയ്ക്കായി തുടങ്ങിയ കെ.ടി.ഡി.എഫ്.സി ബ്ലേഡ് കമ്പനിയായി മാറി കോർപ്പറേഷനെ വിഴുങ്ങി. ന്യൂജൻ സുന്
പത്തനംതിട്ട: അറബിക്കഥകളിലെ കച്ചവടക്കാരന്റെ അവസ്ഥയിലാണിപ്പോൾ കെ.എസ്.ആർ.ടി.സി. ഒട്ടകത്തിന് തങ്ങാൻ കൂടാരത്തിന്റെ ഒരു ചെറിയഭാഗം മാത്രം നൽകിയ കച്ചവടക്കാരൻ ഒടുവിൽ അതിൽ നിന്ന് പുറത്തായി മഞ്ഞു കൊള്ളേണ്ടി വന്നു. അതു പോലെ തന്നെ കെ.എസ്.ആർ.ടി.സിയുടെ രക്ഷയ്ക്കായി തുടങ്ങിയ കെ.ടി.ഡി.എഫ്.സി ബ്ലേഡ് കമ്പനിയായി മാറി കോർപ്പറേഷനെ വിഴുങ്ങി. ന്യൂജൻ സുന്ദരി ബസുകളുമായി വന്ന കെ.യു.ആർ.ടി.സി (കേരളാ അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) എങ്കിലും കെ.എസ്.ആർ.ടി.സിക്ക് തണലാകുമെന്ന് കരുതി. ഇപ്പോൾ ദാ അതും സ്വതന്ത്രമായി മാറി കെ.എസ്.ആർ.ടി.സിക്ക് അള്ളുവയ്ക്കുന്നു.
ജന്റം ലോ ഫ്‌ളോർ ബസുകൾ കൈകാര്യം ചെയ്യുന്ന കേരളാ അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ (കെ.യു.ആർ.ടി.സി) കെ.എസ്.ആർ.ടി.സിയിൽ നിന്ന് വേർപെടുത്താൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേർന്ന കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് യോഗമാണ് കെ.യു.ആർ.ടി.സിയെ സ്വതന്ത്രമാക്കാൻ തീരുമാനിച്ചത്. കോർപ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരത്തെ ട്രാൻസ്‌പോർട്ട് ഭവനിൽ നിന്ന് കൊച്ചി തേവരയിലേക്ക് മാറ്റും. ജന്റം എ.സി, നോൺ എ.സി ലോഫ്‌ളോർ ബസുകളിൽ നിന്നുള്ള വരുമാനം ഇനി പോകുന്നത് കെ.യു.ആർ.ടി.സിയുടെ മാത്രം അക്കൗണ്ടിലേക്ക് പോകും.
കെ.യു.ആർ.ടി.സിയെ സമരം ചെയ്ത് കുത്തുപാള എടുപ്പിക്കാമെന്ന് ആരും കരുതേണ്ട. ഇതിൽ ട്രേഡ് യൂണിയനുകളെ അനുവദിക്കില്ല. 2013 മുതൽ കെ.എസ്.ആർ.ടി.സിയിൽ ചേർന്ന, പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരെ മുഴുവൻ കെ.യു.ആർ.ടി.സിയിലേക്ക് മാറ്റും. ഡയറക്ടർ ബോർഡ് രഹസ്യമായി കൈക്കൊണ്ട തീരുമാനം ഇതുവരെ തൊഴിലാളി യൂണിയനുകൾ അറിഞ്ഞിട്ടില്ല.
ആപത്തുകാലത്ത് കാലത്ത് കാ പത്തു തിന്നാമെന്ന കണക്കുകൂട്ടലിലാണ് 1991 ൽ കെ.എസ്.ആർ.ടി.സി, കേരളാ ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയത്. മൂലധനം കെ.എസ്.ആർ.ടി.സിയിൽ നിന്നു തന്നെ എടുത്തു. പ്രതീക്ഷിച്ച പോലെ സാമ്പത്തിക സ്ഥാപനം പച്ച പിടിച്ചു. എന്നാൽ, ഇത്തിൾക്കണ്ണി പോലെ കെ.ടി.ഡി.എഫ്.സി വിഴുങ്ങിയത് കെ.എസ്.ആർ.ടി.സിയെ തന്നെയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന കെ.എസ്.ആർ.ടി.സിയെ ആപത്തു കാലത്തെല്ലാം വാരിക്കോരി വായ്പ നൽകി സഹായിച്ചു കെ.ടി.ഡി.എഫ്.സി. നിലവിൽ 1400 കോടിയാണ് കെ.എസ്.ആർ.ടി.സി തിരിച്ചടയ്ക്കാനുള്ള വായ്പാ തുക.
ഇതിന്റെ പലിശ നിരക്ക് കേൾക്കുമ്പോഴാണ് നമ്മൾ അന്തം വിടുന്നത്. 15 മുതൽ 19 ശതമാനം വരെ. സഹകരണബാങ്കുകൾ പോലും വെറും 11 ശതമാനം പലിശയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകുമ്പോഴാണ് ംകോർപ്പറേഷന്റെ സ്വന്തം ബ്ലേഡ് കമ്പനി 19 ശതമാനം വാങ്ങി കഴുത്തറുക്കുന്നത്. ആറുമാസം മുമ്പ് പാലക്കാട് ജില്ലാ സഹകരണബാങ്ക് കെ.എസ്.ആർ.ടി.സിക്ക് 200 കോടി വായ്പ നൽകിയത് 11 ശതമാനം പലിശയ്ക്കായിരുന്നു. പടർന്ന് പന്തലിച്ച് വൻവൃക്ഷമായ കെ.ടി.ഡി.എഫ്.സി ഇപ്പോൾ മറ്റു സ്ഥാപനങ്ങൾക്ക് ഭവന നിർമ്മാണം അടക്കമുള്ള വായ്പകൾ നൽകി തുടങ്ങി. കെ.ഡി.ടി.എഫ്.സിയെ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റിയ തീരുമാനം തിരിച്ചടിച്ച അനുഭവം മുന്നിലുള്ളപ്പോഴാണ് ഇപ്പോൾ കെ.യു.ആർ.ടി.സിയെയും സ്വതന്ത്രമാക്കിയിരിക്കുന്നത്. ആസൂത്രണബോർഡിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.
എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സുസ്ഥിര നഗരവികസന വകുപ്പാണ് ജന്റം ലോഫ്‌ളോർ ബസുകൾ അനുവദിച്ചത്. ഇതിനായി പ്രത്യേക കോർപ്പറേഷൻ രൂപീകരിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ആവശ്യമായ ബസുകൾ കേന്ദ്രം നൽകും. സംസ്ഥാന സർക്കാരിനാണ് ഇതിന്റെ പ്രവർത്തന ചുമതല. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളെല്ലാം ജന്റം ബസുകൾക്കായി പ്രത്യേക സ്വതന്ത്ര കോർപ്പറേഷൻ രൂപീകരിച്ചു. ഇവിടെ കെ.യു.ആർ.ടി.സി എന്ന പേരിൽ കോർപ്പറേഷൻ രൂപീകരിച്ചെങ്കിലും അത് കെ.എസ്.ആർ.ടി.സിയുടെ ഭാഗമായിട്ടാണ് ഇതുവരെ നില കൊണ്ടു പോന്നത്. കടക്കെണിയിൽ പെട്ടുഴലുന്ന കെ.എസ്.ആർ.ടി.സിയെ ഇനിയാർക്കും രക്ഷിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് കെ.യു.ആർ.ടി.സിയെ സ്വതന്ത്രമാക്കാൻ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്.
ഇതുവരെ 800 ജന്റം ബസുകളാണ് കെ.യു.ആർ.ടി.സിക്ക് ലഭിച്ചത്. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് ബോഡി ചെയ്തിറക്കുന്നതിലുള്ള സാമ്പത്തിക പരാധീനത കാരണം ലോഫ്‌ളോർ ബസുകൾ മുഴുവൻ ദീർഘദൂര സർവീസിന് അയച്ചു തുടങ്ങി. യഥാർഥത്തിൽ ജന്റം ബസുകൾ മെട്രോ സിറ്റികളിൽ ഉപയോഗിക്കുന്നതിന് വേണ്ടി മാത്രമാണ് സുസ്ഥിര നഗര വികസന വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകിയത്. ഈ മാനദണ്ഡം അനുസരിച്ചാണെങ്കിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമേ ജന്റം സർവീസ് പാടുള്ളൂ. ഇതിപ്പോൾ ഊടുവഴികളിലൂടെ വരെ ലോഫ്‌ളോർ ബസുകൾ പായുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ കുത്തകയായ ദേശസാൽകൃത റൂട്ടുകളും ദീർഘദൂര സർവീസുകളും കെ.യു.ആർ.ടി.സിക്ക് പകുത്തു നൽകി.
പുതിയ ബസ് കിട്ടാത്ത കെ.എസ്.ആർ.ടി.സിക്ക് ആദ്യം ഇത് അനുഗ്രഹമായിരുന്നുവെങ്കിൽ കെ.യു.ആർ.ടി.സി സ്വതന്ത്രമാകുന്നതോടെ ഇതു പാരയാകും. ജന്റം ബസുകൾ ഓടിത്തുടങ്ങിയ റൂട്ടിൽ നിന്ന് ഇനി പിൻവലിക്കാൻ സർക്കാരിന് കഴിയില്ല. കെ.എസ്.ആർ.ടി.സിയുടെ പഴഞ്ചൻ ബസുകൾ യാത്രക്കാർ ഉപേക്ഷിച്ചു തുടങ്ങുന്നതോടെ ദീർഘദൂര റൂട്ടുകളിൽ കെ.യു.ആർ.ടി.സിയുടെ പുതുപുത്തൻ എ.സി ബസുകളിൽ നിന്ന് കനത്ത വെല്ലുവിളി നേരിടേണ്ടി വരും. ഇതിന് പുറമേ ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് പെർമിറ്റ് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിട്ടുണ്ട്. ജന്റം ബസുകൾക്ക് മറ്റു ബസുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഉദാഹരണത്തിന് തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് 30 രൂപയാണ് നിരക്ക്. എ.സി ലോഫ്‌ളോർ സർവീസിന് ഇതേ റൂട്ടിൽ യാത്ര ചെയ്യണമെങ്കിൽ 54 രൂപ കൊടുക്കണം. നിരക്ക് വർധന കാരണം ജന്റം ബസുകളെ തഴയുന്ന യാത്രക്കാർ പിന്നെ ചെന്നെത്തുക ദീർഘദൂര സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും. ഇതും കെ.എസ്.ആർ.ടി.സിയെ കുത്തുപാളയെടുപ്പിക്കും.
നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഇന്ധനം, ഗ്യാരേജ്, ഡിപ്പോകൾ എന്നിവ കെ.യു.ആർ.ടി.സി പങ്കുവച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ഗപാർക്കിങ് ഫീസായി ബസൊന്നിന് പ്രതിദിനം 100 രൂപ വീതം കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് കെ.യു.ആർ.ടി.സി അടയ്ക്കുന്നുണ്ട്. ജന്റം സർവീസുകൾ സ്വതന്ത്രമാകുന്നതോടെ ഈ വരുമാനവും കെ.എസ്.ആർ.ടി.സിക്ക് നിലയ്ക്കും. ചുരുക്കിപ്പറഞ്ഞാൽ കെ.എസ്.ആർ.ടി.സിക്ക് ഇനി എന്നു താഴുവീഴുമെന്ന് മാത്രം നോക്കിയാൽ മതി. നമ്മുടെ ഭരണക്കാരും ആഗ്രഹിക്കുന്നത് അതാണ്. സംസ്ഥാന സർക്കാരിന് ഏറ്റവുമധികം പേരുദോഷം കേൾപ്പിക്കുന്ന വകുപ്പാണ് കെ.എസ്.ആർ.ടി.സി. അതു കൊണ്ടു തന്നെ അതു പൂട്ടുന്ന കാര്യത്തിലും ആരും രണ്ടാമതൊന്ന് ആലോചിക്കില്ല.