- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റിന് പിന്നിൽ ഇരുന്നയാൾ തന്നെ മോശമായി സ്പർശിച്ചു; ചോദ്യം ചെയ്തപ്പോൾ ഇയാൾ മാപ്പ് പറഞ്ഞ് പിന്നിലെ സീറ്റിലേക്ക് മാറിയിരുന്നു; മാപ്പിൽ എല്ലാം തീർന്നെന്ന് പറഞ്ഞ കണ്ടക്ടർ; കാഴ്ചക്കാരായ ഹൈവേ പൊലീസും; കെ എസ് ആർ ടി സി ബസിലെ ദുരനുഭവം പറഞ്ഞ് അദ്ധ്യാപിക; കേരളത്തിന് അപമാനമായി ഈ തുറന്നു പറച്ചിൽ
കോഴിക്കോട്: കെ എസ് ആർ ടി സി ബസിൽ അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം. കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. ബസിൽ ഉണ്ടായിരുന്നയാൾ കടന്ന് പിടിച്ചെന്ന് അദ്ധ്യാപിക പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് യുവതി ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
സീറ്റിന് പിന്നിൽ ഇരുന്നയാൾ തന്നെ മോശമായി സ്പർശിച്ചെന്ന് അദ്ധ്യാപിക പറഞ്ഞു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ മാപ്പ് പറഞ്ഞ് പിന്നിലെ സീറ്റിലേക്ക് മാറിയിരുന്നുവെന്ന് അദ്ധ്യാപിക പറയുന്നു. സംഭവത്തെ കുറിച്ച് കണ്ടക്ടറോട് പറഞ്ഞെങ്കിലും അയാളും മോശമായി പെരുമാറിയെന്നും അദ്ധ്യാപിക വ്യക്തമാക്കി. അദ്ധ്യാപികയുടെ നിർബന്ധപ്രകാരം ഹൈവേ പൊലീസിന്റെ വാഹനത്തിന് സമീപം ബസ് നിർത്തുകയായിരുന്നു. തുടർന്ന് പൊലീസ് വിഷയത്തിൽ ഇടപെട്ടുവെന്നും അദ്ധ്യാപിക കൂട്ടിച്ചേർത്തു. എന്നാൽ ഹൈവേ പൊലീസും പരാതി ഗൗരവത്തോടെ കണ്ടില്ല.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ധ്യാപിക. എറണാകുളത്തിനും തൃശൂരിനുമിടയിലാണ് സംഭവം നടന്നത്. താൻ പ്രതികരിച്ചിട്ടും കണ്ടക്ടർ പോലും ഒപ്പമുണ്ടായില്ലെന്ന് യുവതി കുറ്റപ്പെടുത്തുന്നു. കണ്ടക്ടറുടെ സംസാരം വേദനിപ്പിച്ചെന്നും, അതിക്രമത്തേക്കാൾ മുറിവേൽപിച്ചത് അതാണെന്നും അദ്ധ്യാപിക വ്യക്തമാക്കി. അദ്ധ്യാപികയുടെ പരാതിയെ ഗൗരവത്തോടെ കാണുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അന്വേഷണത്തിനും ഉത്തരവിട്ടു.
കണ്ടക്ടർക്കെതിരെ പൊലീസിൽ പരാതി നൽകാനാണ് യുവതിയുടെ തീരുമാനം. ഒച്ചത്തിൽ നിങ്ങളെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാൾ മിണ്ടാതിരുന്നു. അയാൾ പിറകിലെ സീറ്റിൽ തന്നെ ഇരിക്കുകയാണ്. എനിക്ക് പേടിയാകാൻ തുടങ്ങി. ഞാൻ എന്ത് ധൈര്യത്തിലാ ചേട്ടാ ഇവിടെ ഇരിക്കുക എന്ന് ചോദിച്ചപ്പോൾ അയാൾ രണ്ട് സീറ്റിനപ്പുറം മാറിയിരുന്നു. രണ്ട് കോളേജ് പിള്ളേരാണ് തൊട്ടിപ്പുറമുള്ളത്. എന്റെ മുന്നിൽ കണ്ടക്ടർ ഇരിപ്പുണ്ട്. ഇവരൊക്കെ ഇതുമുഴുവൻ കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടിയില്ല-അദ്ധ്യാപിക പറയുന്നു.
നേരെ പോയി കണ്ടക്ടറോട് ചോദിച്ചു, ഇത്രയും സംഭവിച്ചിട്ടും ചേട്ടൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നതെന്ന്. അങ്ങേര് മാപ്പ് പറഞ്ഞതല്ലേ പിന്നെ ഞാൻ എന്ത് ചെയ്യാനാണെന്ന് ചോദിച്ചു. കുറേ കുറ്റപ്പെടുത്തി. ഞാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് തന്നെ പറഞ്ഞു. എല്ലാവരുടെയും സമയം മെനക്കെടുത്താനെന്നൊക്കെ പറഞ്ഞ് കണ്ടക്ടർ കുറ്റപ്പെടുത്തി.'- യുവതി പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായതോടെ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. വനിതാ കമ്മീഷനു മുമ്പിലും വിഷയം എത്തിയിട്ടുണ്ട്.
സംഭവത്തിൽ കെഎസ്ആർടിസി ബസിന്റെ കണ്ടക്ടർക്കെതിരെ പൊലീസിലും കെഎസ്ആർടിസിയിലും പരാതി നൽകുമെന്നും അദ്ധ്യാപിക പറഞ്ഞു. അതേസമയം, വിഷയത്തിൽ ഇടപെടുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ