- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ ഫാസ്റ്റിൽ കൂത്താട്ടുകുളത്ത് നിന്ന് തൃശൂർക്ക് ഈടാക്കിയത് 111 രൂപ; തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് മറ്റൊരു സൂപ്പർ ഫാസ്റ്റിൽ 80; മടക്കയാത്രയിൽ ഇതേ റൂട്ടിൽ സൂപ്പർ ഫാസ്റ്റിന് യഥാക്രമം 87 ഉം 65 ഉം രൂപ വീതം; കെഎസ്ആർടിസിയിലെ പകൽകൊള്ളയിൽ സർക്കാർ ഉദ്യോഗസ്ഥന്റെ പരാതി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരേ തരത്തിലുള്ള വാഹനത്തിൽ വ്യത്യസ്ത ടിക്കറ്റ് നിരക്കുകൾ ഈടാക്കുന്നത് ചൂണ്ടിക്കാട്ടി ട്രാൻസ്‌പോർട്ട് കമ്മീഷ്ണർക്ക് സ്ഥിരം യാത്രികനായ സർക്കാർ ഉദ്യോഗസ്ഥന്റെ കത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരേ റൂട്ടിൽ സൂപ്പർ ഫാസ്റ്റ് ബസിൽ സഞ്ചരിച്ചപ്പോൾ വ്യത്യസ്ത നിരക്കുകൾ ഈടാക്കിയത് ചോദ്യം ചെയ്താണ് കത്ത്. യാത്ര ചെയ്ത ദിവസവും സമയവും കെഎസ്ആർടിസി ബസ് ഏത് ഡിപ്പോയിലേത് എന്നതടക്കം വ്യക്തമാക്കിയാണ് പരാതി.
ഔദ്യോഗിക ആവശ്യത്തിനായി കെഎസ്ആർടിസിയിൽ സ്ഥിരം യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ ദുരനുഭവമാണ് കത്തിൽ തുറന്നുപറയുന്നത്. കൂത്താട്ടുകുളത്ത് നിന്നും പൊൻകുന്നം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ്സിൽ തൃശൂർക്ക് യാത്ര ചെയ്തപ്പോൾ ബസ് ചാർജ് ഇനത്തിൽ ഈടാക്കിയത് 111 രൂപ. തൊട്ടുമുൻപത്തെ ആഴ്ച 87 രൂപയെ ആയുള്ളൂ എന്ന് പറഞ്ഞപ്പോൾ ഈ വണ്ടിയുടെ ചാർജ് ഇതാണ് മറ്റ് കാര്യങ്ങൾ ഒന്നും തനിക്കറിയില്ല എന്നായിരുന്നു കണ്ടക്ടറുടെ മറുപടിയെന്നും സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു. സമാനമായ അനുഭവമാണ് അതേ ദിവസം നോർത്ത് പറവൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ്് ബസ്സിൽ തൃശൂരിൽ നിന്നും പാലക്കാടേക്ക് യാത്ര ചെയ്തപ്പോഴും ഉണ്ടായത്. 65 രൂപക്ക് പകരം 80 രൂപാ ഈടാക്കി.
ഈ യാത്രയിൽ കെഎസ്ആർടിസി അധികമായി ഈടാക്കിയത് 39 രൂപായെന്നും യാത്രക്കാരൻ പറയുന്നു. അതേ ദിവസം വൈകിട്ട്് പാലക്കാട്ട് നിന്ന് തൃശ്ശൂർക്കുള്ള മടക്കയാത്രയിൽ ടിക്കറ്റ് ചാർജ് (സൂപ്പർ ഫാസ്റ്റ് ) 65 രൂപ, അതേ വാഹനത്തിൽ തൃശൂർ നിന്ന് കുത്താട്ടുകുളത്തേക്ക് 87 രൂപ. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് യാത്രക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ കത്തിൽ ചോദിക്കുന്നുണ്ട്. ഒരേ ദിവസം ഒരേ തരത്തലുള്ള വാഹനത്തിൽ വ്യത്യസ്ഥ ടിക്കറ്റ് നിരക്ക് ഈടാക്കാൻ ആര് എന്തടിസ്ഥാനത്തിലാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത് എന്നറിയാനുള്ള അവകാശം തനിക്കുണ്ടെന്നും യാത്രക്കാരൻ വ്യക്തമാക്കുന്നു.
39 രൂപാ അധികം വാങ്ങിയതിൽ മാത്രമല്ല. ഒരു പോലെ രണ്ട് ബസ്സുകളിൽ ഒരേ അനുഭവം ഉണ്ടായപ്പോൾ അന്നേ ദിവസം രാവിലെ സംസ്ഥാനത്ത് ഓടിയ എത്രയോ ബസ്സുകളിൽ എത്രയോ യാത്രക്കാർക്ക് സമാനമായ അനുഭവം ഉണ്ടായിരിക്കാമെന്നും യാത്രക്കാരൻ ചോദിക്കുന്നു. ഒരു ജീവനക്കാരനോട് ചോദിച്ചപ്പോൾ ചൊവ്വാ ബുധൻ വ്യാഴം ദിവസങ്ങളിൽ കുറഞ്ഞ നിരക്കിലും അല്ലാത്ത ദിവസങ്ങളിൽ കുട്ടിയ നിരക്കിലും ഓടിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു എന്ന് പറഞ്ഞു. എന്നാൽ കൂടുതൽ നിരക്ക് ഈടാക്കപ്പെട്ടത് വ്യാഴാഴ്ച ദിവസമാണ് എന്നതും യാത്രക്കാരൻ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് 19 പ്രോട്ടോകോൾ പാലിക്കുന്ന നഷ്ടം ഒഴിവാക്കാൻ കൂടുതൽ ചാർജ് മുൻപ് വാങ്ങിയിരുന്നു എന്നതാണ് കെഎസ്ആർടിസിയുടെ നിലപാട് എങ്കിൽ പ്രസ്തുത ബസ്സുകളിൽ അത് പാലിക്കണം, എന്നാൽ രണ്ട് ബസ്സുകളിലും അത് പാലിച്ചിരുന്നില്ല. മാത്രമല്ല കോവിഡ് രാവിലെ മാത്രമോ ചൊവ്വ ബുധൻ വ്യാഴം ഒഴികെ ഉള്ള ദിവസങ്ങളിൽ മാത്രമോ വരില്ലാ, അത് ഏത് സമയവും ദിവസവും വരാമെന്നും യാത്രികൻ പറയുന്നു.
മാത്രമല്ല സാധാരണക്കാരന്റെ അവസാന ആശ്രയമായ ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയും വളരെ വിനയത്തോടെ ക്ഷണിക്കുന്നുവെന്നും ട്രാൻസ്‌പോർട്ട് കമ്മീഷ്ണറെയും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറെയും അഭിസംബോധന ചെയ്യുന്ന കത്തിൽ വ്യക്തമാക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ