തിരുവനന്തപുരം: വിദേശരാജ്യങ്ങളുടെ മാതൃകയിൽ രാജ്യത്ത് വിവിധ ഇടങ്ങളിലായി സ്‌ക്രാപിങ് യാർഡുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. ബസുകൾ അടക്കമുള്ള വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിശ്ചയിച്ച ശേഷമാണ് ഇത്തരം സ്‌ക്രാപ് യാർഡുകൾ തുടങ്ങാൻ തീരുമാനിച്ചത്. ഇതിനായി സ്ഥലങ്ങൾ കണ്ടെത്താൻ കേന്ദ്രം ശ്രമം തുടരവേയാണ് കേരളത്തിൽ കെഎസ്ആർടിസിയും സ്‌കാപ്പിംഗിലേക്ക് കടക്കുന്നത്.

ഉപയോഗിക്കാനാകാത്ത സ്ഥിതിയിലായ ജന്റം എ സി ലോ ഫ്‌ളോർ ബസുകൾ പൊളിച്ചു വിൽക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ലോക്ഡൗൺ സമയത്തുകൊച്ചി തേവര യാഡിലേക്കു മാറ്റിയിട്ട 28 ബസുകളിൽ 10 എണ്ണമാണു പൊളിക്കുന്നത്. ഇവ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാടുപിടിച്ച് കിടക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഹൈക്കോടതിയിൽ ഹർജിയായി എത്തുകയും ചെയ്തിരുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി ബസുകൾ വിറ്റു കൂടെ എന്നു ചോദിച്ചിരുന്നു. തുടർന്ന് കെഎസ്ആർടിസി നിയോഗിച്ച വിദഗ്ധസമിതിയുടെ പരിശോധനയെ തുടർന്നാണ് 2018 മുതൽ യാഡിൽ കിടക്കുന്ന ബസുകളുടെ കാര്യത്തിൽ നടപടിയായത്. കേന്ദ്രസർക്കാർ പദ്ധതിയിൽ 9 വർഷം മുൻപു ലഭിച്ചതാണ് ലോ ഫ്‌ളോർ ബസുകൾ. 70 ലക്ഷത്തിലധികം രൂപയായിരുന്നു ഓരോന്നിനും വില. ലോക്ഡൗൺ സമയത്താണ് ഇവ ഉൾപ്പെടെ രണ്ടായിരത്തോളം ബസുകൾ വിവിധ ഡിപ്പോകളിലും യാഡുകളിലും ഒതുക്കിയിട്ടത്. ഇവയാണ് സ്‌ക്രാപ്പ് ചെയ്യാൻ ഒരുങ്ങുന്നത്.

28 ബസുകളിൽ അറ്റകുറ്റപ്പണിക്കു വലിയ ചെലവു വരുന്ന 10 എണ്ണം സ്‌ക്രാപ് ചെയ്യാനും ബാക്കിയുള്ളവ ഉപയോഗിക്കാനുമാണു വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്നത്. ഈ 10 ബസുകൾ നിരത്തിലിറക്കണമെങ്കിൽ ആകെ 3.5 കോടി രൂപ ചെലവഴിക്കണം. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചെലവും 11 വർഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് സ്‌ക്രാപ് ചെയ്യാൻ തീരുമാനിച്ചത്. സ്‌ക്രാപ് ചെയ്യുന്ന ബസുകളുടെ പ്രധാന പാർട്‌സുകൾ ബാക്കി ബസുകൾക്കു ഉപയോഗിക്കും. ഇതുവഴി 2 കോടി ലാഭിക്കാമെന്നും 1.5 കോടി രൂപയുടെ സ്‌പെയർപാർട്‌സ് കൂടി ലഭ്യമാക്കിയാൽ 18 ബസുകൾ നിരത്തിലിറക്കാമെന്നും എംഡി അറിയിച്ചു.

സ്‌ക്രാപ് ചെയ്യുന്നത് 920 ബസുകൾ

കെഎസ്ആർടിസിയുടെ ബസുകളിൽ 920 നോൺ എസി ബസുകൾ സ്‌ക്രാപ് ചെയ്യുന്നതിന് കെഎസ്ആർടിസി ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 620 ബസുകൾ സ്‌ക്രാപ് ചെയ്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റൽ സ്‌ക്രാപ് ട്രേഡ് കോർപറേഷൻ മുഖാന്തരം ലേലം ചെയ്യാനും 300 എണ്ണം ഷോപ്പ് ഓൺ വീൽ ആക്കാനുമാണു തീരുമാനം. 300 ബസുകളുടെ ലേല നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതിൽ 212 എണ്ണം വിറ്റു പോയി.

വിവിധ ഡിപ്പോകളിലായി ഷോപ്പ് ഓൺ വീൽ എന്ന പദ്ധതിയിൽ 32 കൻഡെം ചെയ്യേണ്ട ബസുകളിൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങി. ബാക്കി വിവിധ ഡിപ്പോകളിൽ ലഭ്യമാക്കി സ്വകാര്യ സംരംഭകർക്ക് ലേലം ചെയ്തു കൊടുക്കും. 4 ബസുകൾ ഇതിനകം കാര്യവട്ടം ക്യാംപസിൽ ക്ലാസ് മുറികളായും ഭീമനാട് യുപി സ്‌കൂളിൽ ലൈബ്രറിയായും നൽകി. രണ്ട് ലോ ഫ്‌ളോർ ബസുകൾ മണക്കാട് സ്‌കൂളിലെ ക്ലാസ് മുറിയായി ഉപയോഗിക്കാനും അനുവദിച്ചു. പാറശാല, ഈഞ്ചയ്ക്കൽ, ചടയമംഗലം, ചാത്തന്നൂർ, കായംകുളം, എടപ്പാൾ, ചിറ്റൂർ എന്നീ യാഡുകളിൽ ഉള്ള ഉപയോഗ യോഗ്യമായ ബസുകൾ റിപ്പയർ ചെയ്ത് പ്രവർത്തന യോഗ്യമാക്കിയിട്ടുണ്ട്.

അതേസമയം കെ.എസ്.ആർ.ടി.സിക്ക് പുതിയതായി 700 ബസുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ധനവിലവർധനവിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗതമായി വാങ്ങിയിരുന്ന ഡീസൽ എൻജിൻ ബസുകൾക്ക് പകരം സി.എൻ.ജി. ബസുകളാണ് വാങ്ങുന്നത്. 455 കോടി രൂപ മുതൽ മുടക്കിയാണ് ബസുകൾ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കിൽ കെ.എസ്.ആർ.ടി.സിക്ക് കിഫ്ബി അനുവദിക്കും.

700 സി.എൻ.ജി. ബസുകളും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്. ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ റൂട്ടാണ് ഇങ്ങനെ സ്വിഫ്റ്റിലേക്ക് പോകുന്നത്. സ്വിഫ്റ്റിന് വഴിമാറുന്ന ബസുകൾ, പുതിയ ബസുകൾ വരുന്ന മുറയ്ക്ക് ഓർഡിനറി സർവീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനഃക്രമീകരിച്ചാണ് സർവീസ് നടത്തുക.

പ്രവർത്തന ചെലവിൽ സിംഹഭാഗവും ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സി.എൻ.ജി. ബസിലേക്ക് മാറുന്നത്. ഇതുവഴി ചെലവ് കുറച്ച് ലാഭം കൂട്ടാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്. കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചു. കിഫ്ബിയിൽനിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നും മന്ത്രി പറഞ്ഞു കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്.

2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആർടിസി-സ്വിഫ്റ്റിനായി സർവ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി പറഞ്ഞു.