തിരുവനന്തപുരം: ഹൈക്കോടതിയുടെ പിടിവാശി ആനവണ്ടിയുടെ നട്ടെല്ലൊടിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ സി വഴി നിയമനം നടത്താൻ കോടതി നിർദ്ദേശിച്ചതോടെ ജീവനക്കാരുടെ അപര്യാപ്തത മൂലം ഇന്നലെ മാത്രം രണ്ടായിരത്തോള സർവീസുകൾ മുടങ്ങി. എംപാനലുകാരെ പിരിച്ചുവിട്ടത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓവർടൈം ഡ്യൂട്ടി നൽകി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വകവെക്കാൻ ജീവനക്കാരും തയ്യാറല്ല. ഇതോടെ പ്രതിസന്ധി രൂക്ഷമാകുകയാണ് ഉണ്ടായത്.

കൂടുതൽ വേതനം നൽകാൻ തീരുമാനമായെങ്കിലും മിക്ക ജീവനക്കാരും സർവീസ് നടത്താൻ തയ്യാറല്ല. സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കാരം കൊണ്ടുവന്നതിൽ ജീവനക്കാർ എംഡിയുമായി ഉടക്കിലായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ഡബിൾ ഡ്യൂട്ടി നൽകാൻ തയ്യാറായാലും ഇല്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ഇതിനിടെ, കണ്ടക്ടർ നിയമനത്തിനു പിഎസ്‌സി ശുപാർശ ചെയ്തവരെ രണ്ട് ദിവസത്തിനകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ നടപടിയും തുടങ്ങിയിട്ടുണ്ട്.

സർവീസ് മുടങ്ങി ജനം ബുദ്ധിമുട്ടാതിരിക്കാൻ, പിരിച്ചുവിട്ട എംപാനൽകാർക്കു പകരം പിഎസ്‌സി ലിസ്റ്റിൽ നിന്നുള്ളവരുടെ സേവനം എത്രയും വേഗം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. പിഎസ്‌സിക്കാർ ചേരുന്നതു വരെ സർവീസുകൾ മുടങ്ങാതിരിക്കാൻ പകരം നടപടിക്ക് അനുവദിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇനിയും സമയം ചോദിക്കാതെ ഉത്തരവു നടപ്പാക്കണം; പിഎസ്‌സി നിയമനം കിട്ടുന്നവരോട് എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ പറയണമെന്നു കോടതി നിർദ്ദേശിച്ചു.

പിഎസ്‌സി പട്ടികയിൽ നിന്നു നിയമിക്കുന്നവരെ അതിവേഗം ഡ്യൂട്ടിക്ക് തയാറാക്കാൻ കെഎസ്ആർടിസി ശ്രമം തുടങ്ങിയെങ്കിലും പ്രതിസന്ധി ഒരാഴ്ചയെങ്കിലും തുടർന്നേക്കും. ഇതോടെ അവധിക്കാലത്ത് യാത്രാക്ലേശം രൂക്ഷമാകും. നിയമന ഉത്തരവ് കൈപ്പറ്റിയ 4051 പേർ നാളെ തന്നെ തിരുവനന്തപുരത്തെ ചീഫ് ഓഫിസിലെത്തണമെന്നു കെഎസ്ആർടിസി നിർദ്ദേശിച്ചു. ഇവരെ വിവിധ യൂണിറ്റുകളിലേക്ക് അയയ്ക്കും. ഡ്യൂട്ടിക്കു ചേരും മുൻപ് 2 ദിവസം ഓറിയന്റേഷൻ, 2 ദിവസം ടിക്കറ്റ് മെഷീൻ പരിശീലനം, 2 ദിവസം മറ്റു കണ്ടക്ടർമാർക്കൊപ്പം പരിശീലനം, ആർടിഒ ഓഫിസുകളിൽ നടത്തുന്ന പരീക്ഷ എന്നീ നടപടിക്രമങ്ങളുണ്ട്. ഇതേസമയം, പുറത്തായ എംപാനൽ ജീവനക്കാരും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന ലോങ് മാർച്ച് ഇന്ന് ആലപ്പുഴയിൽ തുടങ്ങും. 24ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിക്കും.

എംപാനലുകാർ എന്നും അവഗണിക്കപ്പെട്ടവരായിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്ന് പുറത്താക്കപ്പെടുമ്പോഴും താത്കാലിക ജീവനക്കാരെ എക്കാലത്തും മുതലെടുത്ത ചരിത്രമാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റിനും തൊഴിലാളി സംഘടനകൾക്കുമുള്ളത്. സ്ഥിരജീവനക്കാർക്ക് യഥേഷ്ടം അവധിയെടുക്കാൻ സഹായിച്ചത് താത്കാലികക്കാർ ജോലിക്കെത്തിയതുകൊണ്ടാണ്. ഇനി ഈ അവസ്ഥയ്ക്ക് മാറ്റം വരും. ബസുകൾ മുടങ്ങാതിരിക്കാനാവശ്യമായ ജീവനക്കാരുണ്ടാകണമെന്നാണ് നിയമം.

ഓണം, ക്രിസ്മസ്, പെരുന്നാൾ ഉൾപ്പെടെ വിശേഷാൽ ദിവസങ്ങളിൽ താത്കാലികക്കാരെ നിയോഗിച്ചശേഷം സ്ഥിരജീവനക്കാർ കൂട്ടത്തോടെ അവധിയിൽപ്പോകുന്നതായിരുന്നു ചരിത്രം. യൂണിറ്റ് ഓഫീസർമാരും ഇതിന് കൂട്ടുനിൽക്കുന്ന അവസ്ഥയണ്ടായി. ഡ്യൂട്ടിക്കു പോകാനാളില്ലെങ്കിൽ പലർക്കും അവധി നിഷേധിക്കപ്പെടുമായിരുന്നു. 5000 ബസുകൾക്ക് 11,000 സ്ഥിരം കണ്ടക്ടർമാർ ഉണ്ടായിരുന്നിട്ടും ബസ് മുടങ്ങാതിരിക്കാൻ 4000 താത്കാലിക കണ്ടക്ടർമാരെ ആശ്രയിക്കേണ്ടിവന്നത് ഇതിന്റെ തെളിവാണ്.

സ്ഥിരജീവനക്കാരുടെ ദീർഘകാല അവധിക്കുപിന്നിലും താത്കാലികക്കാരായിരുന്നു. പൊതുമേഖലാസ്ഥാപനത്തിലെ ജോലിസുരക്ഷിതത്വത്തിൽ അവധിയെടുത്ത് മറ്റു ബിസിനസുകൾ ചെയ്തിരുന്ന സ്ഥിരജീവനക്കാരുണ്ട്. എപ്പോൾ വേണമെങ്കിലും തിരിച്ചെത്താമെന്ന വ്യവസ്ഥയിലാണ് ദീർഘകാല അവധി നൽകുന്നത്. താത്കാലിക ജീവനക്കാരുള്ളതിനാൽ ഇക്കൂട്ടരുടെ ദീർഘകാല അവധികൾ പ്രതിസന്ധിയുണ്ടാക്കിയില്ല. പി.എസ്.സി. നിയമനത്തിലൂടെ സ്ഥിരജീവനക്കാർ എത്തിയാൽ ഇത്തരമൊരു ഒത്തുതീർപ്പിന് സാധ്യതയില്ലാതാകും.

മിക്ക യൂണിറ്റുകളിലും ബുദ്ധിമുട്ടുള്ള ഷെഡ്യൂളുകൾ താത്കാലികക്കാരെയാണ് ഏൽപ്പിച്ചിരുന്നത്. വിസമ്മതിച്ചാൽ, തുടർന്നുള്ള അവസരം നഷ്ടമാകും. ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരോട് എന്നും താത്കാലികക്കാർ വിധേയത്വത്തോടെ നിന്നു. ചെറിയ പിഴവുകൾപോലും രേഖയാക്കിയാൽ ജോലി നഷ്ടമാകും. താത്കാലികക്കാർ തൊഴിലാളിസംഘടനകൾക്കും കറവപ്പശുക്കളായിരുന്നു. സ്ഥിരജീവനക്കാരെപ്പോലെ മാസവരി വാങ്ങിയിരുന്നു. നേതാക്കൾ ആവശ്യപ്പെടുമ്പോൾ സമരത്തിനിറങ്ങണം. സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞാണ് എല്ലാ യൂണിയനുകളും ഇവരെ കൂടെനിർത്തിയത്. സ്ഥിരപ്പെടുത്തലിലും ക്രമക്കേടുകൾ നടന്നിട്ടുണ്ട്.

2011-ലെ സ്ഥിരപ്പെടുത്തൽ പട്ടികയിൽ സുപ്രീംകോടതിവരെ ക്രമക്കേട് ശരിവെച്ചിരുന്നു. നിശ്ചിത ഡ്യൂട്ടിയില്ലാത്തവരും യു.ഡി.എഫ്. ഭരണകാലത്ത് സ്ഥിരനിയമനം നേടി. അർഹതയുള്ളവർ പാർട്ടിക്കൂറ് നോക്കി ഒഴിവാക്കപ്പെട്ടു. എംപ്ലോയ്മെന്റ് വഴിയാണ് താത്കാലികക്കാർ എത്തിയതെങ്കിലും കെ.എസ്.ആർ.ടി.സി. അധികൃതർ അഭിമുഖം നടത്തിയാണ് നിയമനം നൽകിയത്. 

പിരിച്ചുവിട്ടവർ നിരാഹാര സമരത്തിൽ, ലോങ്മാർച്ച് നടത്തും

വർഷങ്ങളോളം കെഎസ്ആർടിയെ സേവിച്ചിട്ടും കണ്ണീരോടെ പിരിഞ്ഞു പോകേണ്ട അവസ്ഥ വന്നവർ ആത്മഹത്യയുടെ വക്കിലാണ്. പലരും കുടുംബം പോറ്റിയിരുന്നത് ഊ ജോലി ചെയ്തായിരുന്നു. പ്രായമായ അച്ഛനുമമ്മയും സുഖമില്ലാത്ത സഹോദരിയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ ഏകാശ്രയം തന്റെ ജോലിയായിരുന്നു. ഇന്നലെ മുതൽ അതില്ലാതായി. ജോലി നഷ്ടപ്പെട്ട പിറവത്തെ പ്രകാശ് എന്ന കണ്ടക്ടറിന് പറയാനുള്ളത് കണ്ണീർക്കഥ മാത്രം.

പിരിച്ചുവിടലിനെതിരേ ഒറ്റയാൾ സമരം നടത്തുകയാണ് പ്രകാശ്. ഉത്തരവ് വന്ന തിങ്കളാഴ്ച തന്നെ പ്രകാശിന് പണി പോയി. ചൊവ്വാഴ്ച രാവിലെ ഡിപ്പോയിലെത്തിയ അദ്ദേഹം എ.ടി.ഒ.യ്ക്ക് തന്റെ സങ്കട ഹർജി നൽകിയ ശേഷമാണ് ഡിപ്പോയിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രകാശ് സമരം പ്രഖ്യാപിച്ചപ്പോൾ ജീവനക്കാർ ആദ്യം സ്തബ്ധരായി. ജീവിതം വഴിമുട്ടിയ അവരെല്ലാം പ്രകാശിനൊപ്പം കൂടി. ഇനി രണ്ടിലൊന്ന് അറിഞ്ഞേ പിന്നോട്ടുള്ളു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ നീക്കിവച്ചത് കെ.എസ്.ആർ.ടി.സി.ക്കു വേണ്ടിയായിരുന്നു. എങ്ങനെയും കളക്ഷൻ കൂട്ടണം, നമ്മുടെ ചോറാണ്. അതിനാൽ പരമാവധി യാത്രക്കാരെ കൊണ്ടു പോകണമെന്ന് വാശിപിടിച്ചാണ് ഇക്കാലമത്രയും പണിയെടുത്തത്.

കളക്ഷന്റെ കാര്യത്തിൽ തന്റെ വണ്ടികൾ എന്നും വളരെ മുന്നിലായിരുന്നുവെന്ന് കളക്ഷൻ സംബന്ധിച്ച രേഖകൾ കാണിച്ചുകൊണ്ട് പ്രകാശ് പറഞ്ഞു. സഹപ്രവർത്തകരിലൊരാൾ അപ്പോഴേയ്ക്കും ഓഫീസിൽനിന്ന് രജിസ്റ്റർ തന്നെ എടുത്തുകൊണ്ടുവന്നു. കളക്ഷൻ സംബന്ധിച്ച് സംസാരിക്കുന്ന രേഖകളായിരുന്നു അത്. എന്ത് പറഞ്ഞിട്ടെന്തു ഫലം? ഇതൊന്നും കാണാൻ ഇവിടെ ആളില്ലല്ലോ. കെ.എസ്.ആർ.ടി.സി വണ്ടികൾ മുടങ്ങിയതറിഞ്ഞ് സ്വകാര്യ ബസ് മുതലാളിമാർ രംഗത്തിറങ്ങിക്കഴിഞ്ഞുവെന്ന് പ്രകാശും സഹ പ്രവർത്തകരും ചൂണ്ടിക്കാട്ടി. പറയുന്നതും ചെയ്യുന്നതും തമ്മിൽ യാതൊരു പൊരുത്തവുമില്ലാത്ത നിലയിലാണ് ഇന്ന് കെ.എസ്.ആർ.ടി.സി.യുടെ പോക്ക്. അല്ലെങ്കിൽ എം പാനൽഡായവരെ പിരിച്ചുവിടാതെ തന്നെ പി.എസ്. സി. ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകാൻ കഴിയുമെന്നിരിക്കെ ഇത് എന്തിനുള്ള പുറപ്പാടാണെന്ന് പ്രകാശ് ചോദിക്കുന്നു.

കളക്ഷനുണ്ടാക്കാൻ വേണ്ടി സ്വകാര്യ ബസുകാരുമായി പൊരുതിയും ശണ്ഠ കൂടിയും ജീവിതം ഹോമിച്ചവർ. കെ.എസ്.ആർ.ടി.സി.ക്കു വേണ്ടി കേസുകളിൽ പ്രതികളായവർ വരെ ഇവരിലുണ്ട്. എം പാനൽഡ് കണ്ടക്ടർമാരായ അഖിലിനും പ്രമോദിനും നിഷുവിനുമൊന്നും ഇനി വേറെ വഴിയില്ല. എല്ലാവരും ഒറ്റക്കെട്ടായി അണി നിരക്കുകയാണ് പ്രകാശിനൊപ്പം. കേവലം 480 രൂപയ്ക്ക് പണിയെടുത്ത് ഇക്കാലമത്രയും കോർപ്പറേഷനു വേണ്ടി ജീവിച്ച പാവങ്ങളെ കാണാൻ ആരുമില്ല. പിറവത്ത് തിങ്കളാഴ്ച 37 സർവീസുകളാണ് മുടങ്ങിയത്. സർവീസ് നടത്തിയതാകട്ടെ സ്ഥിരം ജീവനക്കാർക്ക് കൂടുതൽ ഡ്യൂട്ടിയും പ്രതിഫലവും നൽകിയുമാണെന്ന് അവർ പറഞ്ഞു.

താത്കാലികക്കാർക്ക് പിന്തുണയുമായി തൊഴിലാളി സംഘടനകൾ സംയുക്തമായി വെള്ളിയാഴ്ച സെക്രട്ടേറിയറ്റിനുമുന്നിലേക്ക് മാർച്ച് നടത്തും. താത്കാലിക ജീവനക്കാരുടെ കൂട്ടായ്മയും തലസ്ഥാനത്തേക്ക് ലോങ് മാർച്ച് നടത്തും. ആലപ്പുഴയിൽനിന്ന് വ്യാഴാഴ്ചയാരംഭിക്കുന്ന ലോങ്മാർച്ച് അഞ്ചുദിവസംകൊണ്ട് തലസ്ഥാനത്തെത്തും.

80 ശതമാനം ഷെഡ്യൂളുകളെങ്കിലും ഓടിക്കണം, എങ്ങനെയെന്ന് തലപുകച്ച് തച്ചങ്കരി

കെഎസ്ആർടിസി സർവീസുകൾ നടത്താൻ എന്തുവഴിയെന്ന് തലപുകയ്ക്കുകയാണ് തച്ചങ്കരി. 80 ശതമാനം ഷെഡ്യൂളുകളെങ്കിലും ഓടിച്ചാൽ യാത്രാക്ലേശം ഒഴിവാക്കാനാകും. 1000 ഷെഡ്യൂളുകളിലാണ് താത്കാലികക്കാരെ വിന്യസിച്ചിരുന്നത്. ഇതിൽ പകുതിയെങ്കിലും സ്ഥിരംജീവനക്കാരെക്കൊണ്ട് നികത്താനാണ് ശ്രമം. അവധിയിലുള്ള കണ്ടക്ടർമാരോട് തിരികെ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അവധിയനുവദിക്കുന്നതിനും കർശന നിയന്ത്രണമുണ്ട്.

പ്രതിസന്ധി മറികടക്കാൻ ഉന്നതോദ്യോഗസ്ഥരുടെ യോഗം ബുധനാഴ്ച ചേരും. പ്രതിസന്ധി മറികടക്കാൻ നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. അതിനിടെ കെ.എസ്.ആർ.ടി.സി.യിലെ ഡിസംബറിലെ പെൻഷൻ വിതരണം മുടങ്ങിയിട്ടുണട്്. അഞ്ചിന് നൽകേണ്ട പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല. സഹകരണ ബാങ്കുകളുടെ കൂട്ടായ്മയാണ് വായ്പയായി പെൻഷൻ നൽകുന്നത്. 60 കോടി രൂപയാണ് ഇതിന് വേണ്ടത്. സർക്കാർ നൽകുന്ന 1000 കോടിയുടെ സഹായധനത്തിൽനിന്ന് ഈ തുക സഹകരണബാങ്കുകൾക്ക് നൽകും. പെൻഷൻകാർക്ക് അക്കൗണ്ടുള്ള സഹകരണ ബാങ്കുകളിലേക്ക് പണം ഇതുവരെ എത്തിയിട്ടില്ല.

കണ്ടക്ടർ തസ്തികയിലേക്ക് പി.എസ്.സി. നിയമനോപദേശം ലഭിച്ച ഉദ്യോഗാർഥികൾ വ്യാഴാഴ്ച തിരുവനന്തപുരം കോട്ടയ്ക്കകത്തെ ആസ്ഥാനമന്ദിരത്തിൽ എത്തണമെന്ന് എം.ഡി. ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. പി.എസ്.സി. നിയമനോപദേശം, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണം. 4051 പേർക്കും നിയമന ഉത്തരവ് രജിസ്റ്റേർഡ് തപാലിൽ അയച്ചു. ഇത് തപാലിൽ ലഭിക്കാൻ താമസം നേരിടുന്നതുകൊണ്ടാണ് ഉദ്യോഗാർഥികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്. ഇതിൽ 1456 പേർ വനിതകളാണ്.