- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീസൽ പ്രതിസന്ധിയിൽ സർവീസുകൾ വെട്ടിക്കുറച്ചു; കെഎസ്ആർടിസി ദിവസ വരുമാനം 5.5 കോടിയിൽ നിന്നു 4.5 കോടിയായി കുറഞ്ഞു; ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ നടപടി ക്രമങ്ങളിലെ കാലതാമസം മൂലം ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ഡീസൽ പ്രതിസന്ധി അടക്കം കോർപ്പറേഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബസ് സർവീസുകൾ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതോടെ കെഎസ്ആർടിസിയുടെ ദിവസവരുമാനം 5.5 കോടിയിൽ നിന്നു 4.5 കോടിയായി കുറഞ്ഞു. ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ നടപടിക്രമങ്ങളിലെ കാലതാമസം മൂലം ഇതുവരെ ലഭിച്ചിട്ടില്ല. ഈ പണം കിട്ടിയാൽ മാത്രമേ പൂർണതോതിൽ ബസുകൾ സർവീസിന് അയയ്ക്കാനാകൂ.
ഡീസൽ ക്ഷാമം ഇനിയും പരിഹരിക്കാനായില്ല. യാത്രാക്ലേശം തുടരുകയാണ്. ഗ്രാമങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ. കിലോമീറ്ററിന് കുറഞ്ഞത് 35 രൂപ വരുമാനം കിട്ടുന്ന സർവീസുകൾ മാത്രം മതിയെന്ന നിർദേശമുള്ളതിനാൽ ഗ്രാമീണ മേഖലയിലേക്കു പോകുന്ന വരുമാനം കുറഞ്ഞ ബസുകളാണ് കൂടുതലും നിർത്തിയത്.
ഇതിനിടെ, കെഎസ്ആർടിസി ബസിൽ ഇനി കണ്ടക്ടർക്ക് ഇരിക്കാൻ ഒറ്റ സീറ്റ് ഉണ്ടാകില്ലെന്നു തീരുമാനിച്ചു. കോവിഡ് കാലത്തു കൊണ്ടുവന്ന ഈ സിംഗിൾ സീറ്റ് സംവിധാനം മാറ്റി പഴയതുപോലെ 2 പേർക്ക് ഇരിക്കാവുന്ന സീറ്റ് പിടിപ്പിക്കും. സിംഗിൾ സീറ്റ് തുടരണമെന്നു ചില വനിതാ കണ്ടക്ടർമാർ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് അനുവദിച്ചില്ല. പകരം, കണ്ടക്ടർ വനിതയാണെങ്കിൽ സമീപം വനിതാ യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ എന്നു സർക്കുലർ പുറത്തിറക്കും. ദീർഘദൂര ബസുകളിൽ ഒരു സീറ്റ് കുറയുമ്പോൾ ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയാണ് 2 പേർക്ക് ഇരിക്കാവുന്ന സീറ്റാക്കുന്നത്.
ആകെ കെഎസ്ആർടിസിക്ക് ഒരു ദിവസം വേണ്ടത് കുറഞ്ഞത് 400 കിലോ ലിറ്റർ ഡീസലാണ്. അതായത് ഡീസലിന് മാത്രം ചെലവ് 3.5 കോടി. ഇത് മാസ കണക്കിലെത്തുമ്പോൾ 90 കോടിയാകും. ഒരു ദിവസം ആകെ ലഭിക്കുന്ന ടിക്കറ്റ് വരുമാനം 3 കോടി മാത്രമാണ്. അതായത്. പ്രതിദിന ഡീസലിന് പോലും കോർപ്പറേഷനിൽ തുകയില്ല.
ഇത്തരം ഘട്ടത്തിലാണ് 139.97 കോടി രൂപ കുടിശ്ശിക കെ.എസ്.ആർ .ടി .സി എണ്ണ കമ്പനിക്കു നല്കാൻ ഉണ്ടെന്ന വാർത്ത പുറത്ത് വരുന്നത്. ഇതോടെ മിക്ക ജില്ലകളിലും ഭൂരിഭാഗം സർവീസ് വെട്ടിച്ചുരുക്കേണ്ട സാഹചര്യം ഉണ്ടായി.ഓർഡിനറി സർവീസ് നിർത്തലാക്കേണ്ടി വന്നു.കെഎസ്ആർടിസിക് സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ട സാഹചര്യത്തിലേക്കു കാര്യം എത്തി.പ്രശ്‌നം ഗുരുതരമായ സാഹചര്യത്തിൽ ധനകാര്യ വകുപ്പ് ഇടപെടുകയും 20 കോടി രൂപ പെട്രോൾ കമ്പനിക്കു നല്കാൻ തീരുമാനിക്കുകയുമായിരുന്നു.
കെ എസ് .ആർ .ടി .സി കടത്തിൽ നിന്നും മുക്തമാക്കണമെങ്കിൽ കെ .എസ് .ആർ .ടി .സി ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നു . മാനേജ്മന്റ് സർവേ എടുത്ത് യാത്രക്കാരുടെ ആവശ്യകത മനസിലാക്കി സർവീസുകൾ പുനഃക്രമീകരിക്കണം. ഒരു ബസിന് 7.2 എന്ന അനുപാതത്തിലാണ് നിലവിൽ കെഎസ്ആർടിസി ഓടുന്നത്. ഇതു ദേശീയ ശരാശരിയായ 5.2 ആയി കുറക്കണമെന്നാണു റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.
കെ .എസ് .ആർ ടി.സി .യാത്രക്കാരുടെ ആവശ്യകത മനസിലാക്കി റൂട്ടുകൾ നിര്ണയിക്കണം എന്നും സർവീസ് നടത്തണം എന്നും റിപ്പോർട്ടിൽ പറയുന്നു .ഉദ്യോഗസ്ഥരുടെ ഘടനയും സമഗ്രമായി മാറ്റണം വേണമെന്നും അദ്ദേഹം പറയുന്നു .മുഴുവൻ സമയ മാനേജിങ് ഡയറക്ടറെ നിയമിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ധനം, ഹ്യൂമൻ റിസോഴ്‌സ്, ഓപറേഷൻ വിഭാഗങ്ങളിൽ പ്രഫഷനൽ യോഗ്യതയുള്ളവരെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കണമെന്നും ശുപാർശയിൽ വ്യക്തമാകുന്നു .
യാത്രക്കാർക്ക് ആധുനിക സേവനങ്ങൾ കിട്ടുന്ന തരത്തിൽ ബസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടണം. അറ്റകുറ്റപ്പണിക്ക് ബസുകൾ ദിവസങ്ങളോളം നിർത്തിയിടുന്ന പതിവ് നിർത്തണം. ഇതു മൂലം കമ്പനി കൂടുതൽ നഷ്ടം വരുന്നുകയും സർവീസ് സിനെ ബാധിക്കുകയും ചെയ്യും . അതുകൊണ്ട് തന്നെ കെ .എസ് .ആർ .ടി .സി വർക്ഷോപ്പുകൾ നവീകരിക്കണം.വർക്ഷോപ്പുകളിൽ ആവിശ്യത്തിന് പുതിയ മെഷീനുകൾ കൊണ്ട് വരേണ്ടതാണ് . അറ്റകുറ്റപ്പണിക്കു പരമാവധി ഒരുദിവസം എന്ന നിബന്ധന കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. സർവിസുകൾ കൃത്യസമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സമയ ക്രമീകരണ സംവിധാനം ഏർപ്പെടുത്തണമെന്നും സുശീൽ ഖന്ന നിർദേശിക്കുന്നു.
കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് വഴി ബസ്സുകളുടെ സമയം ക്രമീകരണംഉറപ്പുവരുത്താനും,സർവ്വീസുകൾ കൃത്യ സമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും സാധിക്കും . ജനങ്ങൾക് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത് .ജനങ്ങൾക് ബസുകൾ എവിടെ എത്തി എന്ന് അറിയാൻ സാധിക്കുന്ന തരത്തിൽ സാങ്കേതിക സംവിധാനം നടപ്പിലാക്കിയാൽ ജനങ്ങൾക് കൂടുതൽ ഉപകാരം ആകും എന്നതിൽ യാതൊരു സംശയവും ഇല്ല.
മറുനാടന് മലയാളി ബ്യൂറോ