തിരുവനന്തപുരം: മാറി മാറി വരുന്ന സർക്കാറിന്റെ നയങ്ങളും മന്ത്രിമാരും കെഎസ്ആർടിയുടെ ലാഭനഷ്ട കണക്കുകളെ എങ്ങനെ സ്വധീനിച്ചു? ഈ ചോദ്യവും ഉതിനുള്ള ഉത്തരവും ഏറെ പ്രസക്തമാണ്. കെഎസ്ആർടിസിയെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച മന്ത്രിമാരും നന്നാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മന്ത്രിമാരും ഗതാഗത വകുപ്പിൽ ഉണ്ടായിട്ടുണ്ട്. കെ ബി ഗണേശ് കുമാറും മാത്യു ടി തോമസുമാണ് കെഎസ്ആർടിസിയെ നന്നാക്കാനായി ആത്മാർത്ഥമായി ശ്രമിച്ച രണ്ട് മന്ത്രിമാർ. കോർപ്പറേഷനെ ആധുനികവൽക്കരിക്കുന്ന പ്രവർത്തികൾക്കും ഇവർ മുൻതൂക്കം നൽകിയിരുന്നു. കെ ബി ഗണേശ് കുമാറിന്റെ കാലത്താണ് ദ്വീർഘദൂര സർവീസുകൾക്കായി വോൾവോ ബസുകൾ ഉപയോഗപ്പെടുത്തിയത്. മാത്യു ടി തോമസ് മന്ത്രിയായിരുന്ന വേളയിലാണ് കോർപ്പറേഷൻ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങളിലേക്ക് ലാഭമുണ്ടാക്കാനുള്ള മറ്റ് വഴികളിലേക്കും നീങ്ങിയത്.

ആര്യാടൻ മുഹമ്മദിന്റെ കാലത്താകട്ടെ ഡീസൽ വില സർവകാല റെക്കോർഡിലെത്തിയതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോർപ്പറേഷൻ കടന്നു പോയത്. ഇതോടെ തന്റെ മുൻഗാമികൾ വിചാരിച്ച് നന്നാക്കാൻ കഴിയാത്ത കാര്യം തനിക്ക് എങ്ങനെ സാധിക്കുമെന്ന ചോദ്യമാണ് ആര്യാടൻ ചോദിച്ചത്. ഇങ്ങനെ ഒന്നു ചീയുമ്പോൾ മറ്റൊന്നിന് വളമാകും എന്ന് പറയുന്നത് പോലെ കെഎസ്ആർടിയുടെ പ്രതിസന്ധി പലപ്പോഴും ഗുണം ചെയ്യുന്നത് സ്വകാര്യ ബസ്സുകളാണ്. ലാഭ നഷ്ടക്കണക്കുകളിലേക്ക് കടക്കും മുമ്പ് സ്വകാര്യ ബസുകളോടുള്ള നിലപാടുകൾ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്.

സ്വകാര്യ ബസുകളോടുള്ള സർക്കാർ നയം

സ്വകാര്യബസ് ലോബി ആരാണെന്ന് ചോദിച്ചാൽ ഇതിന് പിന്നിലുള്ളത് പ്രമുഖരായ രാഷ്ട്രീയക്കാർ തന്നെയാകും. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് തന്നെ നിരവധി സ്വകാര്യ ബസ്സുകളുള്ള വിവരം എല്ലാവർക്കും അറിയാം. ഇങ്ങനെയുള്ള വിഐപി വണ്ടികൾക്കായി കെഎസ്ആർടിസി റൂട്ട് മാറുമ്പോൾ കോർപ്പറേഷന്റെ നഷ്ടക്കണക്കുകളും പെരുകുമെന്നത് സ്വാഭാവികം മാത്രം. സംസ്ഥാനത്ത് ആകെ 22217 സ്വകാര്യ ബസുകളാണ് ഉള്ളതെന്നാണ് കണക്കുകൾ. 2014 മാർച്ചിൽ പുറത്തിറക്കിയ സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനകണക്കുകൾ പ്രകാരം നൽകിയ ഉത്തരത്തിൽ കേരളത്തിൽ 15014 സ്വകാര്യ ബസുകൾ മാത്രമാണുള്ളത്. ഇതിൽ തന്നെ കേവലം 241 സ്വകാര്യ ബസുകളാണ് സൂപ്പർ ക്ലാസ് സർവീസുകൾ. ഈ ബസുകൾ കെഎസ്ആർടിസിക്കായി നീക്കിവച്ച റൂട്ടുകളിലാണ് സർവീസ് നടത്തുന്നതും ലാഭം കൊയ്യുന്നതും. ഈ റൂട്ടുകൾ തിരിച്ചുപിടിക്കണമെന്ന പക്ഷക്കാരായിരുന്നു ആര്യാടൻ മുഹമ്മദും മുൻ മാത്യു. ടി. തോമസും ഇടുക്കി എംപി. പി ടി. തോമസും. എന്നാൽ രാഷ്ട്രീയ താൽപ്പര്യം മറ്റൊന്നായപ്പോൾ കെഎസ്ആർടിയുടെ ദുർഗതി തുടർന്നു.

1990കളിലെ പത്രവാർത്തകൾ പരിശോധിച്ചാൽ ഇന്നു സ്വകാര്യ ഫാസ്റ്റുകൾക്കുവേണ്ടി വാദിക്കുന്നവരൊക്കെ അന്ന് സ്വകാര്യ ഫാസ്റ്റുകൾ നിയന്ത്രിക്കണമെന്നും കെഎസ്ആർടിസി ക്കായി നീക്കിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരാണ്. പിന്നീട് അവരൊക്കെ അഭിപ്രായം മാറ്റിയിരിക്കുന്നു. ആരുടെ സ്വാധീനത്തിലാണ് അഭിപ്രായമാറ്റം? കെഎസ്ആർടിസിയുടെ നിലനിൽപിന് സൂപ്പർ ക്ലാസ് ബസുകളൊക്കെ കെഎസ്ആർടിസിക്കായി നീക്കിവയ്ക്കുകയാണ് വേണ്ടത്.

കെഎസ്ആർടിസിയുടെ നഷ്ടവും സർക്കാർ ധനസഹായവും

2014 മാർച്ചിൽ അക്കൗണ്ടന്റ് ജനറൽ പുറത്തിറക്കിയ കോർപ്പറേറ്റ് ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം കെഎസ്ആർടിസി യുടെ നാളിതുവരെയുള്ള നഷ്ടം 3092.06 കോടി രൂപയാണ്. 2013 മാർച്ചിൽ അവസാനിച്ച മൂന്നു വർഷങ്ങളിൽ 535 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസി ക്കു നൽകിയ ധനസഹായം. ഇതിന് ശേഷം അടുത്തിടെ ധനവകുപ്പിൽ നിന്നും 200 കോടി രൂപ കൂടി കെ എം മാണി അവതരിപ്പിച്ച ബജറ്റിൽ നക്കി വച്ചിരുന്നു. കെഎസ്ആർടിസി സംസ്ഥാന സർക്കാരിനു സമർപ്പിച്ചതും സംസ്ഥാന സർക്കാർ അംഗീകരിച്ചതുമായ ഫിനാൻഷ്യൽ ക്രൈസിസ് ആൻഡ് റിവൈവൽ പാക്കേജ് റിപ്പോർട്ട് പ്രകാരം. കെഎസ്ആർടിസിയിൽ 35000 സ്ഥിരം ജീവനക്കാരും 9801 താൽക്കാലിക ജീവനക്കാരും കൂടി 44801 ജീവനക്കാരുണ്ട്. കൂടാതെ 36130 പെൻഷൻകാരും.

ആരുടെ കണക്കുകൾ വിശ്വസിക്കണം?

റിവൈവൽ പാക്കേജ് കണക്കുകൾ പ്രകാരം കെഎസ്ആർടിസി യുടെ ഒരു മാസത്തെ വരവുചിലവു കണക്കുകൾ കൊടുത്തിരിക്കുന്ന പ്രകാരമാണ്. എന്നാൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പഷൻ ആക്ട് പ്രകാരം പ്രകാരമോ അക്കൗണ്ടന്റ് ജനറലിന്റെ അംഗീകൃത വരവുചിലവു കണക്കു സ്റ്റേറ്റുമെന്റു പ്രകാരമോ മറ്റു സംസ്ഥാന ഗതാഗത കോർപറേഷനുകൾ പിൻതുടരുന്ന അംഗീകൃത വരവു ചെലവു കണക്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരമോ അല്ല ഈ കണക്കുകൾ എന്നതാണ് ഏറെ വിചിത്രം. ഓരോ പ്രതിസന്ധി വരുമ്പോഴും ഓരോ തരത്തിലുള്ള കണക്കുകളാണ് കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. കെഎസ്ആർടിസി യുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിലും ഉന്നത മാനേജ്‌മെന്റിലും പ്രൊഫഷണലിസമില്ലാത്തതാണിതിനു കാരണം. ചുരുക്കത്തിൽ നഷ്ടക്കണക്കുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത കെഎസ്ആർടിസി എങ്ങനെ മുന്നോട്ടുപോകും?

കെഎസ്ആർടിയുടെ രക്ഷാപാക്കേജ് പ്രകാരം പ്രതിമാസം 144 കോടി രൂപ മാത്രം വരവും 234 കോടി ചിലവും 90 കോടി കടവും എന്നാണ് റിപ്പോർട്ട്. അതായത് ഒരു ദിവസത്തെ നഷ്ടം 3 കോടിയോളം രൂപ. 15 ലക്ഷം കിലോമീറ്ററിന് 3 കോടി നഷ്ടം എന്നുപറയുമ്പോൾ കിലോമീറ്റർ ഒന്നിന് 20 രൂപ എന്നർത്ഥം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എങ്ങനെ ഇത്രയും നഷ്ടമെന്ന് സ്വാഭാവികമായും ചോദിച്ചുപോകും. കെഎസ്ആർടിസി യുടെയും അയൽ സംസ്ഥാന ഗതാഗത കോർപറേഷനുകളുടെയും കിലോമീറ്റർ വരവുചിലവു കണക്കുകൾ ഇങ്ങനെ:

പ്രതിമാസം 90 കോടി രൂപാ നഷ്ടത്തിലാണ് (പ്രതിവർഷം 1080 കോടി രൂപാ) കെഎസ്ആർടിസി പ്രവർത്തിക്കുന്നതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുകയും അതിന്റെ അടിസ്ഥാനത്തിൽ ഇനിയും ബസുകൂലി കുത്തനെ കൂട്ടണമെന്നും അതിനും മുകളിൽ പുതുതായി യാത്രക്കാർക്കു പെൻഷൻ സെസ് ഏർപ്പെടുത്തി യാത്രക്കാരനെ വീണ്ടും ചൂഷണം ചെയ്യണമെന്നുമാണ് അധികാരികളുടെ പുതിയ വാദം. സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്‌മെന്റിന്റെയും പിടിപ്പുകേടുമൂലമുണ്ടായ അധിക ബാധ്യതകളായ പെൻഷൻ, പലിശ എന്നീ ചെലവിനങ്ങൾ നീക്കിനിർത്തിയാൽ 2014ലെ കനത്ത ബസ് ചാർജ് വർദ്ധനവിനു മുൻപുതന്നെ കെഎസ്ആർടിസി ലാഭത്തിലാണെന്ന് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാണിക്കുന്നു.

സൗജന്യ യാത്രകളും നഷ്ടക്കണക്കുകളും

ഏറ്റവും കൂടുതൽ വരുമാനമുള്ളതും ഏറ്റവും കൂടുതൽ ശമ്പളചിലവുള്ളതുമായ കോർപ്പറേഷനാണ് കെഎസ്ആർടിസി. എന്നിട്ടും സൗജന്യയാത്രകളാണ് കെഎസ്ആർടിസിയുടെ നഷ്ടത്തിനു കാരണമെന്നാണ് കെഎസ്ആർടിസിയും തൊഴിലാളിനേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. ഇതേക്കുറിച്ചുള്ള പരിശോധനകളും ആവശ്യമാണ്. കെഎസ്ആർടിസിയുടെ നഷ്ടത്തിനു പ്രധാന കാരണം സൗജന്യ പാസുകളും മറ്റു സൗജന്യ യാത്രകളും ആണെന്ന വാദവും തെറ്റാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ തെളിയിക്കുന്നത്. സൗജന്യ യാത്രക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ വരുമാനം ഓപ്പറേറ്റിങ് ചെലവിനേക്കാൾ അധികമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഈ സൗജന്യങ്ങൾ അധിക യാത്രക്കൂലിയായി കെഎസ്ആർടിസി യാത്രക്കാർതന്നെ വഹിച്ചു കഴിഞ്ഞു. കെഎസ്ആർടിസിബസു കളിൽ 50 ശതമാനം യാത്രക്കാരെ ഉള്ളു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരില്ലാത്ത സീറ്റുകളിലാണ് സൗജന്യയാത്രക്കാർ യാത്രചെയ്തതെന്നു കണക്കാക്കിയാലും ഈ തുക സർക്കാർ നൽകേണ്ടതില്ല. 2 ലക്ഷം സൗജന്യ പാസുകളിലായി പ്രതിവർഷം 444 കോടി നഷ്ടമുണ്ടെന്നാണ് കെഎസ്ആർടിസി പറഞ്ഞത്. ഗടഞഠഇ അക്കൗണ്ടന്റ് ജനറലിനു നൽകിയ കണക്കുകൾപ്രകാരം 53948 പാസുകൾ മാത്രമാണുള്ളത്. പ്രതിവർഷം നഷ്ടം 161 കോടിയും. ഈ കണക്കുപ്രകാരം ഒരു ബധിരൻ ഒരുദിവസം 298 രൂപയ്ക്കു 497 കി.മീ. ഒരു കെഎസ്ആർടിസിബസിൽ യാത്രചെയ്യുന്നു. ബുദ്ധിമാന്ദ്യക്കാരൻ ഒരു ദിവസം 200 കി.മീ. യാത്രചെയ്യുന്നു. അവിശ്വസനീയമാണീ കണക്കുകൾ.

ഇതിലും വിചിത്രമാണ് നമ്മുടെ മുൻജനപ്രതിനിധിയുടെ കാര്യം. കെഎസ്ആർടിസി കണക്കനുസരിച്ച് ഒരു മുൻ എംഎ‍ൽഎ.യോ എംപി.യോ ഒരു ദിവസം 1080 രൂപയുടെ സൗജന്യയാത്ര ചെയ്യുന്നു. കി.മീ.ന് 70പൈസ നിരക്കിൽ ഒരു ദിവസം ഈ മുൻ ജനപ്രതിനിധികൾ 1543 കി.മീ. യാത്രചെയ്യുന്നു. അക്കൗണ്ടന്റ് ജനറലിന്റെകണക്കുകൾ പ്രകാരം കെഎസ്ആർടിസി ലെ സൗജന്യയാത്രക്കാർ ഫ്രീപാസുകൾ താഴെ കൊടുത്തിരിക്കുന്നവയാണ്. (തുടരും)

വിവരങ്ങൾക്ക് കടപ്പാട്: സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ (കൊച്ചി)