- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെഡ്യൂൾ റദ്ദാക്കൽ മൂലം കഴിഞ്ഞവർഷം നഷ്ടം 846 കോടി; ഒരു പെൻഷൻകാരന് പ്രതിവർഷം നൽകേണ്ടത് 1.20 ലക്ഷം രൂപ; ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാരോട് വിവേചനം: കെഎസ്ആർടിയെ ഊർദ്ധശ്വാസം വലിപ്പിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഷെഡ്യൂൾ റദ്ദാക്കൽ മൂലം കഴിഞ്ഞവർഷം നഷ്ടം 846 കോടി; ഒരു പെൻഷൻകാരന് പ്രതിവർഷം നൽകേണ്ടത് 1.20 ലക്ഷം രൂപ; ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാരോട് വിവേചനം: കെഎസ്ആർടിയെ ഊർദ്ധശ്വാസം വലിപ്പിക്കുന്ന കാര്യങ്ങൾ ഇങ്ങനെ കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങൽ ഇന്ന് തുടർകഥയാണ്. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധത്തിലാണ്. മലബാറിൽ നിന്ന് നിരാഹാര സത്യാഗ്
തിരുവനന്തപുരം: ഷെഡ്യൂൾ റദ്ദാക്കൽ മൂലം കഴിഞ്ഞവർഷം നഷ്ടം 846 കോടി; ഒരു പെൻഷൻകാരന് പ്രതിവർഷം നൽകേണ്ടത് 1.20 ലക്ഷം രൂപ; ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാരോട് വിവേചനം: കെഎസ്ആർടിയെ ഊർദ്ധശ്വാസം വലിപ്പിക്കുന്ന കാര്യങ്ങൾ ഇങ്ങനെ
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങൽ ഇന്ന് തുടർകഥയാണ്. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധത്തിലാണ്. മലബാറിൽ നിന്ന് നിരാഹാര സത്യാഗ്രഹത്തിന് കെഎസ്ആർടിസി ജീവനക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളുമെത്തുന്നു. ഇന്നത്തെ പെൻഷൻകാർ പോയകാലത്തെ ജീവനക്കാരാണ്. അവർക്ക് പെൻഷൻ കിട്ടിയിട്ട് മാസങ്ങളായി. പ്രതിഷേധം നിയമസഭയ്ക്കുള്ളിലുമെത്തി. എന്നാൽ ആരാണ് ഈ അവസ്ഥയിലേക്ക് ആനവണ്ടിയെ എത്തിച്ചത്. മാറി മാറി വരുന്ന സർക്കാരുകളാണെന്ന് ജീവനക്കാർ പറയും. എന്നാൽ അതിനുമപ്പുറം കെഎസ്ആർടിസിക്ക് ജീവവായുവാകാൻ ജീവനക്കാർ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ. ഇല്ലെന്ന് തന്നെ പറയേണ്ടി വരും.
കേരളത്തിലെ പൊതുമേഖലാ ബസ് കമ്പനിയെ എല്ലാവരുമായണ് നശിപ്പിച്ചത്. തൊഴിലാളി യൂണിയനുകളുടെ അതിപ്രസരവും സംഘടനാ താൽപ്പര്യവും കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയെന്നതും വസ്തുതയാണ്. ജീവനക്കാരുടെ സംഘടിത താൽപ്പര്യങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ താൽപ്പര്യത്തോടെ അധികാര കേന്ദ്രങ്ങളും വഴങ്ങി.
ഷെഡ്യൂൾ റദ്ദാക്കൽ മൂലം നഷ്ടപ്പെട്ടത് 846 കോടി രൂപ
ജീവനക്കാരുടെ അഭാവം, സ്‌പെയർ പാർട്ടുകളുടെ ലഭ്യതക്കുറവ് തുടങ്ങി നിസ്സാരങ്ങളായ കാരണങ്ങൾക്ക് ഷെഡ്യൂൾ റദ്ദാക്കൽ ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ്. 22477 ബസുകളും 122287 ജീവനക്കാരുമുള്ള ആന്ധ്രയിൽ ഷെഡ്യൂൾ റദ്ദാക്കൽ അര ശതമാനത്തിൽ താഴെയാണെങ്കിൽ കേരളത്തിൽ അത് 18% ആണ്.
ഷെഡ്യൂൾ റദ്ദാക്കലിലൂടെ കഴിഞ്ഞ 3 വർഷം 846 കോടി രൂപയാണ് കെഎസ്ആർടിസി നഷ്ടപ്പെടുത്തിയത് എന്നാണ് അക്കൗണ്ടന്റു ജനറൽ 2014ൽ കണ്ടെത്തിയത്. കാര്യപ്രാപ്തിയില്ലാത്ത ഉന്നത മാനേജ്‌മെന്റും തൊഴിലാളിയൂണിയന്റെ അതിപ്രസരവും സ്വകാര്യബസ് ഉടമകളുടെ താൽപര്യവുമാണ് ഇതിനു പിന്നിൽ. ഈ 348 കോടിയുണ്ടായിരുന്നെങ്കിൽ ആരുടെയും ഔദാര്യമില്ലാതെതന്നെ പെൻഷൻ നൽകാമായിരുന്നു.
കെഎസ്ആർടിസി ക്ക് ആകെയുള്ള 5642 സർവ്വീസുകളിൽ 4520 ഓർഡിനറി സർവീസുകൾ ബസൊന്നിന് പ്രതിദിനം 6152 രൂപയാണ് വരുമാനമായി കൊണ്ടുവരുന്നത്. എന്നാൽ 1122 സൂപ്പർ ക്ലാസ് സർവീസുകൾ ബസൊന്നിന് പ്രതിദിനം 14943 രൂപാ കൊണ്ടുവരുന്നു. ഒഴിവാക്കാനാവാത്ത ഓർഡിനറി സർവീസുകൾ മാത്രം നിലനിർത്തി ബാക്കി സർവീസുകളൊക്കെ ദീർഘദൂര ഓർഡിനറി സർവീസുകളും സൂപ്പർ ക്ലാസ് സർവീസുകളും ആക്കി കെഎസ്ആർടിസി മാറ്റണം. 2000 ബസുകളിങ്ങനെ മാറ്റിയാൽ പ്രതിദിന കളക്ഷൻ ഒന്നേമുക്കാൽ കോടി കൂടും.
കെഎസ്ആർടിസി അടക്കം കേരളത്തിലെ എല്ലാ ബസുകളുടെയും റണ്ണിങ് ടൈം സുപ്രീം കോടതി നിർദ്ദേശപ്രകാരം പുതുക്കി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം കെഎസ്ആർടിസിയുടെ ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ ഒറ്റവരിപ്പാതയിലൂടെ ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് 336 കി.മീ. ഉം രണ്ടുവരിപ്പാതയിലൂടെ 374 കി.മീ. ഉം നാലുവരിപ്പാതയിലൂടെ 420 കി.മീ. ഉം ഓടിക്കണം. ഇതിന്റെ സ്ഥാനത്താണ് കെഎസ്ആർടിസി യിൽ 210 കി.മീ. മാത്രം ഓടിക്കുന്നത്.
പുതുക്കിയ റണ്ണിങ് ടൈം കെഎസ്ആർടിസി യിൽ നടപ്പിലാക്കുമ്പോൾ സാദാ ഓർഡിനറി ബസുകൾ നിലവിലെ 210 ൽ നിന്നും 336 മുതൽ 420 കിലോമീറ്റർ വരെ പ്രതിദിനം ഓടിക്കേണ്ടിവരും. ഫാസ്റ്റ് 560 കിലോമീറ്റും സൂപ്പറിന് മുകളിലേയ്ക്ക് 672 കിലോമീറ്റും ഓടിക്കണം. നിലവിലുള്ള ഓർഡിനറി ബസുകളുടെ ട്രിപ്പുകൾ ഇരട്ടിയാകും.
പ്രവർത്തനമികവിൽ ഏറ്റവും മോശം കെഎസ്ആർടിസി
വൈകിയും വെളുപ്പിനും ഓർഡിനറി ബസുകളോടിക്കുന്നതാണ് കെഎസ്ആർടിസി നഷ്ടത്തിനു കാരണമെന്ന് പറയുന്നതിലും സത്യമില്ല. ആകെയുള്ള 36160 ഓർഡിനറി ട്രിപ്പുകളിൽ 100ൽ താഴെ മാത്രം ട്രിപ്പുകളാണ് കെഎസ്ആർടിസി ഈ സമയങ്ങളിൽ ഓടിക്കുന്നത്. 300 സിറ്റി ജനറോം ബസുകളോടിക്കുന്ന കൊച്ചി നഗരത്തിൽ രാത്രി 10 മണിക്കു ശേഷവും രാവിലെ 5 മണിക്കു മുമ്പും ഒറ്റ കെഎസ്ആർടിസി സിറ്റി ടൗൺ സർവ്വീസുകളില്ല എന്നത് ഈ വസ്തുത സത്യമെന്ന് തെളിയിക്കുന്നു.
എ.എസ്.ആർ.ടി.യു കണക്കു പ്രകാരം കേരളത്തിൽ ഒരു കിലോമീറ്റർ സർവീസ് നടത്താൻ 4025 പൈസാ ചെലവാകുമ്പോൾ തമിഴ്‌നാട്ടിൽ അത് 2518 പൈസ യും കർണാടകത്തിൽ 2572 പൈസയും ആന്ധ്രയിൽ 2669 പൈസയും മാത്രമാണ്. പ്രവർത്തനചെലവിലെ ഈ വലിയ അന്തരത്തിനു കാരണം കെഎസ്ആർടിസിയിലെ ഉയർന്ന ശമ്പളചെലവാണ്. കെഎസ്ആർടിസി യിൽ 1 കിലോമീറ്റർ സർവീസ് നടത്താൻ ശമ്പള ഇനത്തിൽ 1851 പൈസ ചെലവാകുമ്പോൾ തമിഴ്‌നാട്ടിൽ 1084 പൈസയും കർണ്ണാടകത്തിൽ 947 പൈസയും ആന്ധ്രയിൽ 898 പൈസയുമാണ് ചെലവാകുന്നത്. ഈ അധികചെലവാണ് കെഎസ്ആർടിസി യെ നഷ്ടത്തിലേക്കു തള്ളിവിടുന്നത്.
ബസ് ഉപയോഗത്തിലും ജീവനക്കാരുടെ അദ്ധ്വാനഭാരത്തിലും കെഎസ്ആർടിസി യാണ് ഏറ്റവും മോശം. തമിഴ്‌നാട്ടിൽ ഒരു ബസ് ശരാശരി 452 കിലോമീറ്റർ ഒരു ദിവസം ഓടുമ്പോൾ ആന്ധ്രയിൽ അത് 363 ആണ്. ചെന്നൈ, ബാംഗ്ലൂർ മെട്രോനഗരങ്ങളിലെ ഗതാഗതകോർപ്പറേഷൻ ബസുകൾപോലും 280 കിലോമീറ്ററിനു മുകളിലാണ് ഒരുദിവസം ഒടുന്നത്. എന്നാൽ കേരളത്തിൽ 269 കിലോമീറ്റർ മാത്രമാണ് ഒരു ബസ് ശരാശരി ഓടുന്നത്.
ഒരു ജീവനക്കാരൻ ഒരു ദിവസം ശരാശരി ഓടിക്കുന്ന ദൂരം കേരളത്തിൽ 38 കിലോമീറ്റർ മാത്രമാണെങ്കിൽ തമിഴ്‌നാട്ടിൽ അത് 77 ഉം ആന്ധയിലും കർണ്ണാടകത്തിലും 66ഉം ആണ്. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാതെ കെഎസ്ആർടിസി ക്ക് നിലനിൽപ്പില്ല. ബസുകളുടെയും ജീവനക്കാരുടെയും പ്രവർത്തനക്ഷമത അയൽസംസ്ഥാനങ്ങളുടേതിനു സമാനമാക്കിയാൽ ആരുടെയും ഔദാര്യമില്ലാതെതന്നെ കെഎസ്ആർടിസി ക്കു പെൻഷൻ നൽകാനാകും.
ജോലിയെടുക്കുന്നവനു കൂലിയില്ലാ വിവേചനം
തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമാണ് കെഎസ്ആർടിസി . 2012 ഡിസംബറിലെ കണക്കുപ്രകാരം കെഎസ്ആർടിസി യിൽ 30658 സ്ഥിരം തൊഴിലാളികളും 11694 എംപാനൽക്കാരുമുണ്ട്. ഇതിൽ 23315 പേർ ഡ്രൈവർ കണ്ടക്ടർ അടക്കമുള്ള ട്രാഫിക് വിഭാഗത്തിലാണ്. ഇതേ ട്രാഫിക് വിഭാഗത്തിൽ തന്നെയാണ് ഏകദേശം 2000 താൽക്കാലിക ഡ്രൈവർമാരും 5600 താൽക്കാലിക കണ്ടക്ടർമാരുമുള്ളത്.
ഏറ്റവും അദ്ധ്വാനഭാരം കുറഞ്ഞ റൂട്ടുകളാണ് സ്ഥിരം തൊഴിലാളികൾ എടുക്കുന്നത്. സ്വകാര്യമേഖലയുടെ രണ്ടു ദിവസത്തെ ഡ്യൂട്ടിക്കു സമാനമായ ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ കെഎസ്ആർടിസി യിലെ ഒരു ഓർഡിനറി ബസ് 210 കിലോമീറ്ററിൽ താഴെയാണ് ഓടുന്നത്. എന്നാൽ ഫാസ്റ്റ് പാസഞ്ചർ 422 കി.മീ.ഉം സൂപ്പർ ഫാസ്റ്റ് 561 കി.മീ.ഉം ഓടുന്നു. നിലവിലുള്ള നിയമപ്രകാരം സൂപ്പർ ക്ലാസ് സർവീസുകളിൽ ഏറ്റവും സീനിയർ ആയ ജോലിക്കാരെയാണ് നിയോഗിക്കേണ്ടത്. കെഎസ്ആർടിസി യിലെ മുൻകാലചരിത്രവും അതുതന്നെ. മാസാദ്യം ഡ്യൂട്ടി നിശ്ചയിച്ചുകഴിഞ്ഞാൽ പിന്നെ അതു മാറ്റാനാവില്ല. ഡ്യൂട്ടി നിശ്ചയിക്കുമ്പോൾ സൂപ്പർ ക്ലാസിനു സീനിയോരിറ്റി തന്നെയാണ് മാനദണ്ഡം. എന്നാൽ ഇന്ന് ഏറ്റവും കുറഞ്ഞ ഗങ ഒരുദിവസം ഓടിക്കേണ്ട ഓർഡിനറി ഓടിക്കാനാണ് കെഎസ്ആർടിസി യിലെ സ്ഥിരംജീവനക്കാർക്കു താൽപര്യം.
എംപാനലുകാർ എന്നും രാവിലെ ഡ്യൂട്ടിസയമത്തു ഹാജരാകണം. സ്ഥിരം ജീവനക്കാർ വന്നില്ലെങ്കിൽ ഡ്യൂട്ടി കിട്ടും. അല്ലെങ്കിൽ തിരിച്ചു പൊക്കോണം. നിലവിൽ ഒരു കിലോമീറ്റർ സർവിസു നടന്നാൽ കെഎസ്ആർടിസി യിൽ ശമ്പള ഇനത്തിൽ 1030 പൈസ ചെലവാകുന്നു. 440 കിമീ. ഓടുന്ന ഒരു ഫാസ്റ്റ് പാസഞ്ചറിൽ പ്രതിദിന ശമ്പളം 4532 രൂപ.
എംപാനൽ ജീവനക്കാരാണ് ഈ വണ്ടിയിൽ ഡ്യൂട്ടിക്കു പോകുന്നതെങ്കിൽ 16 മണിക്കൂർ നീണ്ട ഡബിൾ ഡ്യൂട്ടിയിൽ ഡ്രൈവർക്ക് 700 രൂപയും കണ്ടക്ടർക്ക് 660 രൂപയും എന്നിങ്ങനെയാണ് ദിവസക്കൂലി. അങ്ങനെ നോക്കിയാൽ എംപാനൽകാർ മാത്രം ജോലിയെടുക്കുന്ന ഒരു സൂപ്പർ ക്ലാസ് സർവ്വീസിൽ കിലോമീറ്ററിന് ശമ്പളചെലവ് 3.10 രൂപാ മാത്രം. അതുകൊണ്ടുതന്നെ എംപാനലുകാരുടെ ദിവസശമ്പളം (ഡബിൾഡ്യൂട്ടി) ഡ്രൈവർക്ക് 900 രൂപയും കണ്ടക്ടർക്ക് 850 രൂപയും ആക്കണം. ദിവസക്കൂലി ഇങ്ങനെ കൂട്ടിയാൽ പോലും കിലോമീറ്റർ ശമ്പളച്ചെലവ് 3.98 രൂപയെ ആകൂ. മെക്കാനിക്കിന് 300 രൂപയും ക്ലാർക്കിനു 300 രൂപയും ദിവസക്കൂലി.
ഒരു മെക്കാനിക്കും ക്ലാർക്കും 5 ബസ് നോക്കും എന്നും കണക്കാക്കിയാൽ കി.മീ. ശമ്പളചെലവ് 3.37രൂപാമാത്രം. കി.മീ. ലാഭം 693 പൈസ. സ്ഥിരം തൊഴിലാളിക്കു നൽകുന്നതിന്റെ മൂന്നിലൊന്നു പണമാണ് എംപാനൽകാർക്ക് ലഭിക്കുന്നത്. എംപാനലാണ് ബസ് ഓടിക്കുന്നതെങ്കിൽ പ്രതിദിന ശമ്പളലാഭം ബസൊന്നിന് 3050 രൂപയാണ്. പിഎസ് സി വഴി നിയമിച്ച 4000 കണ്ടക്ടർമാരിൽ 400ൽ താഴെ ആൾക്കാർ മാത്രമാണ് കെഎസ്ആർടിസിയിൽ ശേഷിക്കുന്നത്്. മറ്റുള്ളവരൊക്കെ വേറെ സർക്കാർജോലി തേടി പോയി.
പിഎസ് സിക്കാർ വരുമ്പോൾ 8 ഉം 10 ഉം വർഷം പണിയെടുത്ത എംപാനൽ കണ്ടക്ടർമാർ പുറത്ത്. ഡ്രൈവർമാരുടെ സ്ഥിതിയും ഇതുതന്നെ. 2012 ൽ ഒപ്പുവച്ച ശമ്പളപരിഷ്‌ക്കരണ കരാറിൽ 5 വർഷത്തിൽ കൂടുതൽ പണിയെടുത്ത എംപാനൽ ജീവനക്കാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുമെന്നു വ്യക്തമാക്കിയിരുന്നു. പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. അതിനാൽ എംപാനൽകാരും മറ്റു ജോലിതേടി കെഎസ്ആർടിസി യെ കൈയൊഴിയുന്നു. ഇത് ഒഴിവാക്കി 5 വർഷത്തിൽ കൂടുതൽ ജോലിയെടുത്തവരെ സ്ഥിരപ്പെടുത്തണം.
എംപാനലുകാരൻ പ്രതിമാസം 13 ഡബിൾഡ്യൂട്ടി ചെയ്യണം. (26 സിംഗിൾ ഡ്യൂട്ടി). ഏതെങ്കിലും മാസം 20 ഡ്യൂട്ടിയിൽ കുറഞ്ഞാൽ 1000 രൂപ ശമ്പളത്തിൽ പിടിക്കും. സ്ഥിരം തൊഴിലാളിക്കും 1000 രൂപ യൂണിഫോം അലവൻസ് നൽകുമ്പോൾ 5 വർഷം കഴിഞ്ഞ എംപാനലുകാരന് ഒറ്റരൂപ അലവൻസില്ല. സ്ഥിരം തൊഴിലാളിക്കു 40 രൂപ പ്രതിദിന അലവൻസ്. എന്നാൽ എംപാനൽകാരന് ഒന്നുമില്ല. ടിക്കറ്റ് കളക്ഷൻ കൂട്ടിയെടുക്കുന്നതിൽ എന്തെങ്കിലും പിഴവു വന്നാൽ എംപാനലുകാർക്ക് 4 ഇരട്ടി പിഴ. 50 രൂപ പിശക് വന്നാൽ 200 രൂപ പിഴ. എന്നാൽ സ്ഥിരം തൊഴിലാളിയാണെങ്കിൽ തെറ്റിയ പണം മാത്രം നല്കിയാൽ മതി.
ഡബിൾ ഡ്യൂട്ടിയിലെ നഷ്ടക്കണക്ക്
എല്ലാ ട്രാൻസ്‌പോർട്ടു കോർപറേഷനുകളിലും ഒരു ദിവസം ബസോടിക്കുന്നത് ഒരു ഡ്യൂട്ടിയാണ്. 8 മണിക്കൂറാണ് ഒരു ദിവസത്തെ ഡ്യൂട്ടി. 8 മണിക്കൂറിൽ കൂടുതൽ ബസോടിക്കേണ്ടിവന്നാൽ അധികസമയത്തിനു പ്രത്യേക പണം നൽകുകയാണ് പതിവ്.
ഉദാഹരണത്തിന് കോഴിക്കോട്, മൈസൂർ സർവീസിന് കർണ്ണാടക കോർപറേഷൻ ഒരു ദിവസത്തെ ഡ്യൂട്ടിയും 2 മണിക്കൂർ എക്‌സ്ട്രാ അലവൻസുമാണ്. 11 മണിക്കൂറാണ് ഈ സർവീസിന്റെ സ്റ്റിയറിങ് ഡ്യൂട്ടി. ഇതേ റൂട്ടിൽ സർവീസു നടത്തുന്ന കെഎസ്ആർടിസിക്ക് ഇതേ സർവീസിന് ഓട്ട സമയം 11 മണിക്കൂറാണെങ്കിലും അത് രണ്ടു ഡ്യൂട്ടിയാണ്. കൂടാതെ ഒരു വീക്കിലി ഓഫും. ഒരേ റൂട്ടിൽ സർവീസു നടത്തുന്ന രണ്ടു കോർപറേഷൻ ബസുകളിൽ കെഎസ്ആർടിസി യിൽ 3 മണിക്കൂറിന് 8 മണിക്കൂറിന്റെ ഒരു എക്‌സ്ട്രാ ഡ്യൂട്ടി ഫ്രീ. ഇതാണ് ഡബിൾ ഡ്യൂട്ടിയിലെ നഷ്ടകാരണം.
പാലായിലും എറണാകുളത്തും കോട്ടയത്തും കോഴിക്കോട്ടും നടത്തിയ പഠനത്തിൽ 16 മണിക്കൂർ ജോലി ചെയ്യേണ്ട ഡബിൾ ഡ്യൂട്ടിയിൽ കെഎസ്ആർടിസിയിൽ യഥാർത്ഥത്തിൽ ജോലിചെയ്യുന്നത് 10 മുതൽ 12 മണിക്കൂർ വരെ മാത്രമാണ്. 40% അദ്ധ്വാനഭാരമാണ് ഇതുവഴി കെഎസ്ആർടിസി യിൽ കുറയുന്നത്.
അതിനനുസരിച്ച് ശമ്പളച്ചിലവു കൂടുകയും കാര്യക്ഷമത കുറയുകയും ചെയ്യുന്നു. കെഎസ്ആർടിസി മൊത്തത്തിൽ നോക്കുമ്പോൾ 1 കി.മീ. സർവീസു നടത്താൻ ശമ്പള ഇനത്തിൽ തന്നെ ഡബിൾ ഡ്യൂട്ടി സംവിധാനത്തിലൂടെ ഒരു കി.മീന് 6 രൂപാ അധികമായി നഷ്ടപ്പെടുന്നു. പാലായിലെ ഷെഡ്യൂളുകളുടെ ഡ്യൂട്ടിസംവിധാനം തന്നെ ഇതു തെളിയിക്കുന്നു. ഇതൊന്നും ജനങ്ങളുടെ തലയിൽ അധിക ബസ്സുകൂലിയായി അടിച്ചേൽപ്പിക്കരുത്. പ്രതിവർഷം 400 കോടി രൂപയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്.
ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ ഡ്യൂട്ടി 11 മണിക്കൂറിൽനിന്നും 16 മണിക്കൂർ ആക്കി ഉയർത്തുമ്പോൾ നിലവിൽ ഒരു ഓർഡിനറി ബസ് ഒരു ദിവസം ഓടുന്ന കി.മീ. 360 എങ്കിലും ആയി വർദ്ധിക്കും. ഏതാണ്ട് 70% വർദ്ധനവ്. സാദാ ഓർഡിനറി ബസുകളുടെ നിലവിലുള്ള ട്രിപ്പുകളുടെ എണ്ണത്തിലും വർദ്ധനവു വരും. കെഎസ്ആർടിസി അധിക ഓർഡിനറി ട്രിപ്പുകൾ ഓടിക്കുമ്പോൾ ദേശസാൽകൃതറൂട്ടുകളിലെ സ്വകാര്യബസുകളുടെ എണ്ണം വീണ്ടും കുറയ്‌ക്കേണ്ടി വരും.
പെൻഷൻ : ഒരു പുനർചിന്ത അനിവാര്യം
കെഎസ്ആർടിസിയുടെ നഷ്ടത്തിനു പ്രധാന കാരണം പെൻഷൻ ആണെന്നു വ്യക്തം. 36130 പെൻഷൻകാർക്ക് 2013ൽ നൽകിയത് 430.50 കോടി രൂപയാണ്. പ്രതിവർഷം ഒരു പെൻഷൻകാരനു ലഭിക്കുന്നത് ശരാശരി 1.20 ലക്ഷം രൂപ. പ്രതിമാസം 10,000 രൂപ.
രാജ്യത്തെ ഗതാഗത കോർപറേഷനുകളിൽ പെൻഷൻ നൽകുന്നത് കെഎസ്ആർടിസി യിൽ മാത്രമാണ്. 'സർക്കാർ ധനസഹായം നൽകില്ല' എന്നു വ്യക്തമായ നിബന്ധനയുള്ള 1984ലെ പെൻഷൻ പദ്ധതിയാണ് കെഎസ്ആർടിസി യെ നിത്യനഷ്ടത്തിലാക്കിയത്. 2009 ൽ 199.8 കോടിയായിരുന്ന പെൻഷൻ 2013ൽ 431.6 കോടിയായി ഉയർന്നു.
93 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലായി 132099 ജീവനക്കാർ കേരളത്തിലുണ്ട്. കെഎസ്ആർടിസിയിലെ പെൻഷൻ സർക്കാർ ഏറ്റെടുത്താൽ ഈ 132099 നിലവിലുള്ള ജീവനക്കാരുടെയും 1984 മുതൽ ഇത്തരം 93 പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും റിട്ടയർ ചെയ്ത മറ്റൊരു 2 ലക്ഷം പേരുടെയും പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിവരും.
അതിനാൽ സർക്കാരല്ല കെഎസ്ആർടിസി യിലെ പെൻഷൻ നൽകേണ്ടത്. കിലോമീറ്റർഓട്ടം ഇരട്ടിയാക്കിയും നിത്യരോഗികളല്ലാത്ത പെൻഷൻകാർ പ്രതിമാസ പെൻഷൻ തുകയ്ക്കു സമമായ തൊഴിൽ കെഎസ്ആർടിസിയിൽ ചെയ്യാൻ തയാറാകുകയും ചെയ്ത് കെഎസ്ആർടിസി യിലെ പെൻഷൻ ബാധ്യത ഏറ്റെടുക്കണം.