- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി; ഡീസൽ വില കുത്തനെ വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ; ലിറ്ററിന് ആറ് രൂപ 73 പൈസ അധികം നൽകണം; ദിനം പ്രതി 37 ലക്ഷം രൂപ അധിക ബാധ്യത
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുള്ള ഡീസൽ വില കുത്തനെ വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ലിറ്ററിന് 6.73 രൂപയുടെ വർധനവാണ് ഏർപ്പെടുത്തിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വില വർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഒരു ലിറ്റർ ഡീസൽ 98.15 രൂപയ്ക്കാണ് ഇനി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുക. സ്വകാര്യ പമ്പുകൾക്ക് ഇത് 91.42 രൂപയ്ക്ക് ലഭിക്കും. അമ്പതിനായിരത്തിൽ കൂടുതൽ ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നവർക്കാണ് കേന്ദ്ര സർക്കാർ ഈ വിലവർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്. പുതിയ വിലവർധനവ് പ്രകാരം ദിവസം 37 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആർ.സിക്ക് ഉണ്ടാവുക. ഒരു മാസം 11 കോടി 10 ലക്ഷം രൂപ ഇന്ധനം വാങ്ങാൻ വേണ്ടി മാത്രം കെ.എസ്.ആർ.ടി.സി അധികമായി ചെലവാക്കേണ്ടി വരും.
ഇന്ത്യയിലെ മുഴുവൻ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കും നിർദ്ദേശം ബാധകമാണ്. കേരളത്തിൽ 50,000 ലീറ്ററിൽ കൂടുതൽ ഡീസൽ ഉപയോഗിക്കുന്നത് കെഎസ്ആർടിസി മാത്രമാണ്.
ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം എന്ന നിലയിൽ കെ.എസ്.ആർ.ടി.സിയെ മാത്രമായിരിക്കും ഈ വിലവർധനവ് ബാധിക്കുക. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള കെ.എസ്.ആർ.ടി.സിക്ക് ഈ വില വർധനവ് വലിയ തിരിച്ചടിയാവും.
മറുനാടന് മലയാളി ബ്യൂറോ