- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂട് കാരണം ഡ്രൈവർമാർക്ക് ആരോഗ്യപ്രശ്‌നങ്ങൾ; വളരെയധികം ബുദ്ധിമുട്ടെന്ന് ജീവനക്കാർ; കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ സ്ഥാപിച്ച കാബിൻ വേർതിരിക്കൽ ഒഴിവാക്കുന്നു
തിരുവനന്തപുരം: കോവിഡ് 19 ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളുടേയും, മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധന പ്രകാരവും എല്ലാ ബസുകളിലും ഡ്രൈവർ കാബിൻ സുതാര്യമായ വസ്തു ഉപയോഗിച്ച് വേർതിരിക്കുന്നത് ഒഴിവാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. കാബിൻ വേർതിരിച്ച കാരണം അവിടേക്കുള്ള വായു സഞ്ചാരം കുറഞ്ഞതും, കൂടിയ ചൂടുള്ളതുമായ ഡ്രൈവർ കാബിൻ ഭാഗത്തെ ചൂട് വർദ്ധിക്കുവാനും കാരണമായിരുന്നു.
ഇപ്പോൾ കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ വളരെയധികം ഇളവ് വന്ന സാഹചര്യത്തിൽ യൂണിറ്റ് ഓഫീസർമാർക്ക് യൂണിറ്റുകളിലെ സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ ഡ്രൈവർ കാബിൻ വേർതിരിവ് ഒഴിവാക്കാമെന്ന് ചീഫ് ഓഫീസ് അറിയിച്ചു. കാബിനിലെ വേർ തിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം. ഇതനുസരിച്ച് ഒഴിവാക്കാൻ താൽപര്യമുള്ള ജീവനക്കാർക്ക് ഒഴിവാക്കാമെന്നും ചീഫ് ഓഫീസ് നിർദ്ദേശം നൽകി. ചൂട് കാരണം ഡ്രൈവർമാർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് ഈക്കാര്യത്തിൽ കെഎസ്ആർടിസി തീരുമാനം കൈക്കൊണ്ടത്.
ഇത്തരത്തിൽ എടുത്തു മാറ്റുന്നവ പുനരുപയോഗിക്കാവുന്ന തരത്തിൽ കേടുപാടുകൾ കൂടാതെ യൂണിറ്റുകളിൽ സൂക്ഷിക്കണമെന്നും ഇക്കാര്യത്തിൽ യൂണിറ്റ് അധികാരികളും, ഗ്യാരേജ് അധികാരികളും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ചീഫ് ഓഫീസിൽ നിന്നുള്ള ഉത്തരവിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ