തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് കെഎസ്ആർടിസി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടർന്നാൽ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. സ്വിഫ്റ്റ് സർവീസുകൾ സർക്കാരിന്റെ നയപരമായ തീരുമാനമാണ് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തുറന്നു പറഞ്ഞ് ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്തെത്തി. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നൽകിയില്ല. ഈ സാഹചര്യം തുടർന്നാൽ അടുത്ത വർഷം സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യമാവുമെന്നും ബാലഗോപാൽ പറഞ്ഞു.

വളരെ മിനിമം നികുതി മാത്രമുള്ള സംസ്ഥാനമാണ് നമ്മുടേത്. നമുക്ക് തരേണ്ട പണം തരാതിരിക്കുന്ന സ്ഥിതിയിൽ അടുത്ത വർഷം നമുക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാൻ പോലും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോ എന്നാണ് മാധ്യമങ്ങൾ ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച കെ.റെയിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി

കെഎസ്ആർടിസി പ്രതിസന്ധി ഇനിയും തുടർന്നാൽ ജീവനക്കാരെ എങ്ങനെ നിലനിർത്തുമെന്നതിൽ ആശങ്കയുണ്ട്. നിലവിലെ സാഹചര്യം തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി. ഇന്ധനവിലയിലുണ്ടായ വൻ വർധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ഗതഗാതമന്ത്രി പറയുന്നത്. നിലവിലെ പ്രതിസന്ധിയിൽ ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെൻഷൻ, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി തുറന്നു പറയുന്നു.

കെഎസ്ആർടിസിക്ക് ചെലവിനുള്ള പണം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞവർഷം 2000 കോടി രൂപയാണ് സർക്കാർ നൽകിയത്. ഡിസംബറിലെ ഡീസൽ വിലയുമായി തട്ടിച്ച് നോക്കിയാൽ 38 രൂപയാണ് വിത്യാസം. അങ്ങനെ വരുമ്പോഴാണ് 40 കോടിയുടെ അധിക ചെലവുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാനുള്ള മാർഗം കണ്ടേത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടി പ്രതിസന്ധി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ കെഎസ്ആർടിസിയുടെ പതനത്തിന് കാരണമായത് സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് കെഎസ്ആർടിസിയിലെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി.

അതേസമയം പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നും ആന്റണി രാജു പറഞ്ഞു.

ഇന്ധനവിലവർധനവിനെ തുടർന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുള്ളത്. ടിക്കറ്റ് വർധനവിലൂടെ കെഎസ്ആർടിസിക്ക് എത്ര അധികവരുമാനം ഉണ്ടാകാനാണ്. ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മധ്യപ്രദേശ് മോഡൽ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് തുടർന്നുള്ള സർവീസിന് പകുതി ശമ്പളത്തിന് ലീവ് കൊടുക്കുന്നതാണ് ഇത്. ഈ സ്‌കീമിനെ പ്രോത്സാഹിപ്പിക്കും.

കേരളത്തിന്റെ ചരിത്രത്തിൽ പിണറായി സർക്കാർ നൽകിയ പോലെ പണം കെഎസ്ആർടിസിക്ക് ഒരു സർക്കാരും ചെയ്തിട്ടില്ലെന്നും ഇങ്ങനെ പോയാൽ ഒരുവർഷം 500കോടി രൂപ അധികം കണ്ടേത്തേണ്ടിവരുമെന്നും ആന്റണി രാജു പറഞ്ഞു.